മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; മുല്ലപ്പെരിയാര്‍ തുറന്നേക്കും

Wednesday 15 August 2018 1:35 am IST
വരുംമണിക്കൂറുകളിലും ജലനിരപ്പ് ഉയരുമെന്ന് ഉറപ്പായതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഇടുക്കി- തേനി ജില്ലാ കളക്ടര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്തി. സെക്കന്‍ഡില്‍ 11500 ഘനയടി വെള്ളം സംഭരണിയിലേക്കു ഒഴുകിയെത്തുന്നുണ്ട്, 2086.1 ഘനടയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

കുമളി/ മൂന്നാര്‍: വൃഷ്ടി പ്രദേശത്തെ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആപത്ക്കരമായി ഉയരുന്നതിനാല്‍ ഡാം തുറന്നേക്കും. ഇതിന് മുന്നോടിയായി ഡാമിന്റെ താഴ്ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് 5000ത്തോളം പേരെ ഒഴിപ്പിച്ചു തുടങ്ങി. 137.4 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ചൊവ്വാഴ്ച വെളുപ്പിന് നാലുമണിയോടെയാണ് 136 അടി പിന്നിട്ടത്. ഇതോടെ ഡാം സേഫ്റ്റി വകുപ്പ് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വരുംമണിക്കൂറുകളിലും ജലനിരപ്പ് ഉയരുമെന്ന് ഉറപ്പായതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഇടുക്കി- തേനി ജില്ലാ കളക്ടര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്തി.  സെക്കന്‍ഡില്‍ 11500 ഘനയടി വെള്ളം സംഭരണിയിലേക്കു ഒഴുകിയെത്തുന്നുണ്ട്, 2086.1 ഘനടയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2015 നവംബര്‍ ഏഴിനാണ് ഇതിന് മുമ്പ് ഒടുവില്‍ ജലനിരപ്പ് 136 അടി പിന്നിട്ടത്. അന്ന് രണ്ട് തവണ ഷട്ടര്‍ തുറന്ന് വെള്ളം ഇടുക്കി സംഭരണിയിലേക്ക് ഒഴുക്കി വിട്ടിരുന്നു. വെള്ളം ഒഴുകിയെത്തുന്ന ഉപ്പുതറ, മഞ്ജുമല, പെരിയാര്‍, ഏലപ്പാറ വില്ലേജുകളിലും പീരുമേട് താലൂക്ക് ആസ്ഥാനത്തും കണ്‍ട്രോള്‍റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പീരുമേട് തഹസില്‍ദാര്‍ പറഞ്ഞു. 

ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്നലെ രാവിലെ എട്ടരയോടെ 1599.29 മീറ്റര്‍ എത്തിയപ്പോഴാണ് ആദ്യ ഷട്ടര്‍ 30 സെ.മീ. ഉയര്‍ത്തിയത്. പരമാവധി സംഭരണശേഷി 1599.59 ആണ്. സെക്കന്‍ഡില്‍ 19,750 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്നതിന് പിന്നാലെ പഴയ മൂന്നാറില്‍ വെള്ളം കയറി. ലായങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. നല്ലതണ്ണിയാര്‍ വന്നുചേരുന്ന മേഖലയിലാണ് വെള്ളപ്പൊക്കം രൂക്ഷം. ടൗണിലെ ഹെഡ്‌വര്‍ക്ക് ഡാമും തുറന്നുവിട്ടു. മൂന്നാര്‍ എഞ്ചിനീയറിങ് കോളേജിന്റെ കവാടത്തോട് ചേര്‍ന്നുള്ള മലയിടിഞ്ഞു. ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.