ബിഷപ്പിനെതിരെയുള്ള പീഡനക്കേസ് അട്ടിമറിച്ചു; പോലീസ് നാണംകെട്ട് മടങ്ങി

Wednesday 15 August 2018 1:36 am IST

കോട്ടയം/ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനക്കേസ് ഉന്നത രാഷ്ടീയ നേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെ അട്ടിമറിച്ചു. തിങ്കളാഴ്ച രാത്രിയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാനാകാതെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. അറസ്റ്റ് ഉണ്ടാകില്ലെന്ന് അന്വേഷണസംഘം പുറപ്പെടുന്നതിന് മുമ്പേ ബിഷപ്പിന്റെ അടുത്ത വൃത്തങ്ങള്‍ക്ക് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നവരുടെ ഉറപ്പ് ലഭിച്ചിരുന്നതായിട്ടാണ് വിവരം. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തെ നേരിടാനുള്ള കരുക്കള്‍ ബിഷപ്പും സംഘവും സമര്‍ഥമായി നീക്കി. ഇതില്‍ അന്വേഷണസംഘം വീഴുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുകയാണ്. 

 അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ ബിഷപ് ഹൗസില്‍ നിന്ന് മുങ്ങിയ ബിഷപ്പും നാല് വികാരിമാരും രാത്രി മടങ്ങിയെത്തിയത്. 

രാത്രി 8.30ഓടെ ചോദ്യം ചെയ്യല്‍ തുടങ്ങിയെങ്കിലും പോലീസിന്റെ ചോദ്യങ്ങളെ രേഖകളുടെ പിന്‍ബലത്തില്‍ ബിഷപ് നേരിട്ടു. പോലീസ് ചോദ്യം ചെയ്യലില്‍ സൂചിപ്പിച്ച സ്ഥലങ്ങളിലും സമയത്തും താന്‍ അവിടെയില്ലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ബിഷപ്പിന് കഴിഞ്ഞെന്നാണ് വിവരം. ഇതോടെ ആശയക്കുഴപ്പത്തിലായ അന്വേഷണ സംഘം ഫോണ്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മടങ്ങി. ഇനി കേരളത്തിലെത്തി കൂടുതല്‍ തെളിവുകള്‍ കൂടി ശേഖരിക്കാനാണ് ശ്രമം. ഇന്ന് ദല്‍ഹിയില്‍ നിന്ന് സംഘം വിമാനമാര്‍ഗം കൊച്ചിയിലെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.