സേവാഭാരതിക്ക് പിന്തുണയുമായി വിദ്യാലയങ്ങളും

Wednesday 15 August 2018 1:51 am IST

ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിലായ കുട്ടനാട്ടില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ സേവാഭാരതിക്ക് പിന്തുണയുമായി വിദ്യാലയങ്ങളും സംഘടനകളും സജീവം. നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, കുടിവെള്ളം തുടങ്ങിയവ കൂടാതെ കുട്ടനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുബുക്കുകള്‍, ബാഗ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങളുമാണ് വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിക്കുന്നത്.

വിദ്യാര്‍ഥികളില്‍ നിന്ന് സമാഹരിച്ചവയും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സംഭാവനയായി നല്‍കുന്നവയും ഇതിലുള്‍പ്പെടും. ദുരിതാശ്വാസ ക്യാമ്പുകളില്‍ പലയിടത്തും അരി ലഭ്യമാകുന്നുണ്ടെങ്കിലും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിറകിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതു പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമമാണ് സേവാഭാരതി നടത്തുന്നത്. 

ഇന്നലെ കോട്ടയം കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം വിവേകാനന്ദ വിദ്യാമന്ദിര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ സേവാഭാരതിയുടെ നെടുമുടിയിലെ ജനസേവന കേന്ദ്രത്തില്‍ എത്തിച്ചു. തൃശൂര്‍ ആസ്ഥാനമായ ബാലവികാസ് കേന്ദ്ര സമന്വയ സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളും പഠനോപകരണങ്ങളും സേവാഭാരതിക്ക് കൈമാറി. തമിഴ്‌നാട് തിരുപ്പൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍ വസ്ത്രങ്ങളാണ് എത്തിച്ചത്.

  ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, വിഭാഗ് പ്രചാരക് ശ്രീനിഷ്, ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജില്ലാ സേവാപ്രമുഖ് കെ.പി. ഗിരീഷ്, സേവാഭാരതി സംഭാഗ് സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണന്‍ എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. ഇപ്പോഴും വെള്ളപ്പൊക്കക്കെടുതിയില്‍ നിന്നും മോചിതരാകാത്ത കുട്ടനാട്ടിലെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി ഓരോ ദിവസവും സഹായങ്ങള്‍ പ്രവഹിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.