സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം: ശശികല

Wednesday 15 August 2018 1:36 am IST
സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്ന ഡിസി ബുക്‌സിനെ ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ നിന്ന് പടിയിറക്കി. ഒരു കാലത്ത് മാതൃഭൂമി വായിക്കുന്നത് അഭിമാനമായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ട് മാതൃഭൂമിയെ വായനക്കാര്‍ കയ്യൊഴിഞ്ഞു.

കോട്ടയം: ഹിന്ദു സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് ആഭ്യന്തരവകുപ്പിന്റേതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. മീശ നോവല്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയും വിവിധ ഹൈന്ദവ സംഘടനകളും കോട്ടയത്തെ ഡിസിബുക്‌സിന്റെ കേന്ദ്ര ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീ വിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്ന ഡിസി ബുക്‌സിനെ ഹിന്ദു സമൂഹത്തിന്റെ മനസ്സില്‍ നിന്ന് പടിയിറക്കി. ഒരു കാലത്ത് മാതൃഭൂമി വായിക്കുന്നത് അഭിമാനമായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ട് മാതൃഭൂമിയെ വായനക്കാര്‍ കയ്യൊഴിഞ്ഞു. കെ.പി. കേശവമേനോനെപ്പോലുള്ള മഹദ്‌വ്യക്തികള്‍ തെണ്ടിപ്പിരിച്ചുണ്ടാക്കിയതാണ് മാതൃഭൂമി. ധാരാളം പേരുടെ വിയര്‍പ്പ് അതിന് പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു. 

ഡിസി ബുക്‌സിന്റെ പണക്കൊതിക്ക് മാതൃഭൂമിയുടെ താളുകള്‍ വിട്ടുനല്‍കിയത് ചിന്തിക്കണം. മാതൃഭൂമിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ നിന്ന് ഡിസി ബുക്‌സും രക്ഷപ്പെടില്ല. ഹൈന്ദവ പ്രസിദ്ധീകരണങ്ങളിലൂടെയാണ് അവര്‍ നേട്ടങ്ങള്‍ കൊയ്തത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്ന് ഡിസി ബുക്‌സ് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കേണ്ടതാണെന്നും കെ.പി. ശശികല പറഞ്ഞു.

തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡിസി ബുക്‌സിന്റെ സമീപത്ത് പോലീസ് തടഞ്ഞു. യോഗത്തില്‍ മഹിളാഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമന്‍ അദ്ധ്യക്ഷയായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, യോഗക്ഷേമ സഭ വനിതാ വിഭാഗം പ്രസിഡന്റ് സി.എന്‍. സോയ, എസ്എന്‍ഡിപി കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രന്‍, മഹിളാഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.