ഉറക്കം നഷ്ടപ്പെട്ട് മുല്ലപ്പെരിയാര്‍ തീരവാസികള്‍

Wednesday 15 August 2018 1:39 am IST
മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ഇടുക്കി അണക്കെട്ടില്‍ അധിക ജലം സംഭരിക്കാനാകുമെന്നാണ് ഇതുവരെ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കണക്കുകളിലൂടെ ഇത് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു.

കുമളി: മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും മുല്ലപ്പെരിയാറിന്റെ തീരത്തെ സാധാരണക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. ആശങ്കപ്പെടേണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ദുരന്തനിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ ആളുകള്‍ തൃപ്തരല്ല. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. 2015 ല്‍ ജലനിരപ്പ് ഉയര്‍ന്നത് ന്യൂനമര്‍ദം മൂലമുണ്ടായ മഴയെ തുടര്‍ന്നാണ്. ദിവസങ്ങള്‍ക്കകം വെള്ളം കുറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാലവര്‍ഷത്തിന്റെ ഭാഗമായ മഴയാണ്. സപ്തംബര്‍ പകുതി വരെയാണ് സാധാരണയായി ഇടവപ്പാതി.

മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ഇടുക്കി അണക്കെട്ടില്‍ അധിക ജലം സംഭരിക്കാനാകുമെന്നാണ് ഇതുവരെ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കണക്കുകളിലൂടെ ഇത് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്തെ നീരൊഴുക്കിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ട സാഹചര്യമുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് പരമാവധി ശേഷിയുടെ തൊട്ടടുത്തെത്തി. 

കേവലം ട്രയല്‍റണ്ണില്‍ തുടങ്ങി അണക്കെട്ടിന്റെ എല്ലാ വാതിലുകളും ദിവസങ്ങള്‍ക്കകം തുറക്കേണ്ടി വന്നു. ഇതേരീതിയില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയും ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങളില്‍ കൂടുതല്‍ ജലം ഒഴുകിയെത്തുകയും ചെയ്താല്‍ വളരെ വേഗത്തില്‍ സംഭരണിയില്‍ ജലനിരപ്പ് ഉയരുമെന്ന പേടിയാണ് പെരിയാറിന്റെ തീരത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്. നിലവില്‍ 4419 ഘനയടി വെള്ളം മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുമ്പോള്‍ 2086 ഘനയടി മാത്രമാണ് തമിഴ്‌നാട് പെന്‍സ്റ്റോക്ക് പൈപ്പിലൂടെയും, ഇറച്ചില്‍ പാലം കനാല്‍വഴിയും കൊണ്ടുപോകുന്നത്. ഒഴുകിയെത്തുന്നതില്‍ പകുതിയും സംഭരണിയില്‍തന്നെ ശേഖരിക്കുന്നു. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് തേനി ജില്ലാ ഭരണകൂടത്തോട് കേരളം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പില്ല. 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി എത്തുംവരെ വെള്ളം സംഭരിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  അണക്കെട്ടില്‍ പരിശോധന നടത്തിയ ഹൈപവര്‍ കമ്മിറ്റി ഡാം സുരക്ഷിതമാണെന്ന്  അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ  തങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് എല്ലാ യോഗങ്ങളിലും തമിഴ്‌നാട് ആവര്‍ത്തിക്കുന്നു. ദിവസങ്ങളായി ഒരേയളവില്‍ തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നതിനാല്‍ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. അതോടൊപ്പം കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിപ്രദേശങ്ങളില്‍ മഴയുമുണ്ട്. തന്മൂലം അവിടുത്തെ നീര്‍ച്ചാലുകള്‍ ജലസമൃദ്ധമാണ്. ഈ സാഹചര്യങ്ങളെല്ലാം തന്നെ കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് തടസ്സങ്ങളാകും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ പ്രവര്‍ത്തനരഹിതമായ ഉച്ചഭാഷിണി മാത്രമായിരുന്നു ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതെന്ന് ഉപ്പുതറ, വള്ളക്കടവ് തുടങ്ങിയ പെരിയാര്‍ തീരത്തെ താമസക്കാര്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.