കൊട്ടിയൂര്‍ , ആറളം മേഖലകളില്‍ ഉരുള്‍പൊട്ടല്‍ : ഇരിട്ടി എടക്കാനത്ത് ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു

Wednesday 15 August 2018 1:38 am IST

 

ഇരിട്ടി: കൊട്ടിയൂര്‍, ആറളം മേഖലകളില്‍ ഉരുള്‍പൊട്ടല്‍. ജനങ്ങളും പോലീസും അഗ്‌നിരക്ഷാ സേനയും നോക്കിനില്‍ക്കെ ഇരിട്ടി എടക്കാനത്ത് സ്വകാര്യവ്യക്തിയുടെ കുന്നില്‍ ഉരുള്‍പൊട്ടി ഒരുവീട് പൂര്‍ണ്ണമായും തകര്‍ന്നു വീണു. 

കൊട്ടിയൂര്‍ ചപ്പമലയിലും പാലുകാച്ചി മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം സംഭവിച്ചു. കഴിഞ്ഞ ആഴ്ച പാലുകാച്ചി മലയിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച താഴെ പാല്‍ചുരം കോളനിയിലെ കുടുംബങ്ങളെ തിങ്കളാഴ്ചയോടെ ഇവിടെനിന്നും കോളനിയിലേക്ക് തന്നെ മാറ്റിയിരുന്നു. എന്നാല്‍ പാലുകാച്ചി മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്നു ഇവരെ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്നെ മാറ്റി. 

ശക്തമായ കാറ്റില്‍ പാലുകാച്ചിക്ക് സമീപം മൂന്ന് വീടുകള്‍ക്ക് നാശം സംഭവിച്ചു. കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കൗണ്ടര്‍ മരം വീണ് തകര്‍ന്നു. 

ഇരിട്ടി എടക്കാനം റോഡില്‍ മഠത്തിനകത്ത് ബേബിയുടെ ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കുന്നില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ബേബിയുടെ രണ്ടുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. ജനങ്ങളും പോലീസും അഗ്‌നിരക്ഷാ പ്രവര്‍ത്തകരും നോക്കി നില്‍ക്കെയാണ് വീട് പൂര്‍ണ്ണമായും ഇടിഞ്ഞു താഴേക്ക് പതിച്ചത്. ഉച്ചയോടെ വീടിന് പുറകുവശത്ത് മണ്ണിടിച്ചിലും ശക്തമായ നീരൊഴുക്കും ഉണ്ടായതിനെത്തുടര്‍ന്ന് ബേബിയേയും ഭാര്യയേയും ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാല്‍ വീടിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ ഒന്നും തന്നെ ഇവിടെനിന്നും മാറ്റാന്‍ സാധിക്കാഞ്ഞതിനാല്‍ ഇവയെല്ലാം ഉരുള്‍പൊട്ടലില്‍ നശിച്ചു. 

കൊട്ടിയൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലവും, പാലപ്പുഴ പാലവും വെള്ളത്തില്‍ മുങ്ങി. മേഖലയില്‍ നിരവധി വീടുകളിലും വെള്ളം കയറി. മഴ തുടരുകയാണെങ്കില്‍ പലമേഖലകളിലും ഇനിയും ഉരുള്‍പൊട്ടാനുള്ള സാദ്ധ്യത ഏറെയാണ്. കനക്കെ പെയ്യുന്ന മഴ മലമുകളിലും അടിവാരങ്ങളിലുമുള്ളവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സൃഷ്ടിക്കുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.