മഴ ചെറുപുഴ മേഖലയില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു: വ്യാപക കൃഷിനാശം നൂറ് കണക്കിന് റബര്‍, തെങ്ങ്, കമുക്, നേന്ത്രവാഴ എന്നിവ നശിച്ചു

Wednesday 15 August 2018 1:39 am IST

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തിരുമേനി വില്ലേജില്‍പ്പെട്ട പ്രാപ്പോയില്‍, തിരുമേനി, കുളത്തുവായ്, നെല്ലിക്കളം എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.

നൂറ് കണക്കിന് റബര്‍, തെങ്ങ്, കമുക്, നേന്ത്രവാഴ എന്നിവ നശിച്ചതായും 14 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും തിരുമേനി വില്ലേജ് അധികൃതര്‍ അറിയിച്ചു. ഇതില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നെല്ലിക്കളത്തെ നെയ്യുണ്ണില്‍ ഗോപിനാഥന്‍, ചെറുശേരി ശാന്ത, സാബു ചെത്തിപ്പുഴ, തലക്കാട്ട് ചന്ദ്രമതി, ബാലന്‍ പുതുവക്കല്‍, സരസമ്മ കോവല്‍വട്ടത്ത്, നാരായണന്‍ കഴകക്കാരന്‍, ലക്ഷ്മി കഴകക്കാരന്‍, രത്‌നമണി പുതുയടവന്‍, സുരേഷ് ശൗരിയാമാക്കല്‍, സരോജിനി ഇലവുങ്കല്‍, ഷിജി കുന്നേപ്പറമ്പില്‍, ജോര്‍ജ് ഏഴാനിക്കാട്ട്, വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തിരുമേനി വില്ലേജ് ഓഫീസര്‍ ടി.വി.രാജന്‍, വില്ലേജ് അസിസ്റ്റന്റ് ജോബി ജോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അതിശക്തമായ കാറ്റടിച്ചത്. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കാറ്റില്‍ ഒടിഞ്ഞു വീണു. പ്രാപ്പൊയില്‍-തിരുമേനി റോഡില്‍ മരങ്ങള്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോം ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തടസ്സങ്ങള്‍ നീക്കം ചെയ്തത്. മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണ് വൈദ്യുതി തൂണുകളും നിലംപൊത്തി. വൈദ്യുതി തൂണ്‍ വീണ് തിരുമേനിയിലെ ഏഴാനിക്കാട്ട് ജോര്‍ജിന്റെ വീടിന് കേടുപറ്റി. തിരുമേനിയിലെ ഇടക്കര സജിയുടെ വീടിന്റെ മതില്‍ തകര്‍ന്ന് വീണു. പെരിങ്ങോം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ കെ.എം.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പത്തോളം ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്തത്. ചെറുപുഴ വൈദ്യുതി ഓഫീസ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 

 തെങ്ങ്, കമുക്, റബര്‍ തുടങ്ങിയവ ഒടിഞ്ഞു വീണാണ് കൃഷിനാശമുണ്ടായത്. ടി.കെ.കുര്യാക്കോസ്, നെയ്യുണ്ണില്‍ സുകുമാരന്‍, കൊച്ചുക്കുന്നേല്‍ പങ്കജാക്ഷന്‍, നെയ്യുണ്ണില്‍ ഗോപിനാഥന്‍, പൂമുള്ളിയില്‍ വിജയന്‍, സാബു ചെത്തിപ്പുഴ, തറകുന്നേല്‍ ജോസ്, മധു കുരിയശ്ശേരി, കെ.സി.കുഞ്ഞിരാമന്‍, ഇലവുങ്കല്‍ സരോജിനി, പൂത്തോത്ത് ജെയിംസ്, കിടാരത്തില്‍ മനോജ് എന്നിവരുടെ തെങ്ങ്, റബര്‍, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് കാറ്റില്‍ വ്യാപകമായി നശിച്ചത്. നെല്ലിക്കളം ഭാഗത്തു വന്‍നാശമാണ് ഉണ്ടായത്. ഇവിടങ്ങളിലെ കൃഷികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. എയ്യന്‍കല്ല് സാംസ്‌കാരിക നിലയത്തിനും കേടുപാടുകള്‍ സംഭവിച്ചു. തിരുമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകപ്പുരയോടു ചേര്‍ന്നുള്ള ഷെഡ്ഡും കാറ്റില്‍ തകര്‍ന്നു വീണു. വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീന്‍, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഡെന്നി കാവാലം, പി.ആര്‍.സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മുള്ളന്‍ മട, പഞ്ചായത്ത് അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍. വീടുകളും കൃഷിസ്ഥലങ്ങളും സന്ദര്‍ശിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.