നീന്തല്‍ മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Wednesday 15 August 2018 1:45 am IST

 

തലശ്ശേരി: നീന്തല്‍ മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. മാഹി എം.എം.ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പില്‍ ഋത്വിക് രാജാണ് (13) മരണപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് ഉപജില്ലകളില്‍പ്പെട്ട സ്‌കൂളൂകളിലെ 50 ഓളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനെത്തിയിരുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളുടെ ആദ്യ റൗണ്ട് മത്സരം കഴിഞ്ഞ് ഋത്വിക് ഉള്‍പെട്ട സംഘം രണ്ടാം റൗണ്ട് നീന്തുന്നതിനിടെ കുളത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ കുട്ടി തളര്‍ന്ന് വെള്ളത്തിലേക്ക് താഴുകയായിരുന്നു. മത്സരത്തില്‍ പിന്നിലായതിനാല്‍ മുന്നിലുണ്ടായവര്‍ സംഭവമറിഞ്ഞില്ല. അപകടമാണെന്ന് ബോധ്യപ്പെട്ടതോടെ കുളക്കരയിലുണ്ടായ മറ്റ് കുട്ടികള്‍ ബഹളം വെച്ച് ഋത്വിക്കിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയെങ്കിലും ഇതിനകം കുട്ടി ആഴത്തിലേക്ക് മുങ്ങി അപ്രത്യക്ഷമായിരുന്നു. കുട്ടികളെ കരയിലുണ്ടായ അദ്ധ്യാപകരും മറ്റുള്ളവരും നിര്‍ബ്ബന്ധിച്ച് തിരിച്ചുവിളിക്കുകയായിരുന്നു.

 ദുരന്തമറിഞ്ഞ് കരയില്‍ കൂട്ടനിലവിളി ഉയരുന്നതിനിടെ സമീപത്ത് നിന്നും ഓടിയെത്തിയ നാട്ടുകാരില്‍ ചിലര്‍ കുളത്തില്‍ച്ചാടി തെരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ത്ഥിയെ കണ്ടെത്തിനായില്ല. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും അഗ്‌നിശമന സേനയും പോലീസും തലായിയില്‍ നിന്ന് തീരദേശ പോലീസും കണ്ണൂരില്‍ നിന്ന് സ്‌കൂബ ഡൈവിങ്ങ് ഗ്രൂപ്പ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇവര്‍ സംയുക്തമായി നടത്തിയ തെരച്ചലില്‍ ദുരന്തം നടന്ന് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ചളിയില്‍ പൂണ്ട ശരീരം കണ്ടെടുക്കാനായത്. 

തലശ്ശേരി തീരദേശ പോലിസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ ലൈഫ് ഗാര്‍ഡുമായ മാക്‌സ് വെല്ലാണ് കുളത്തിലെ ആഴത്തില്‍ നിന്നും ജീവനറ്റ നിലയില്‍ ഋത്വിക്കിനെ വീണ്ടെടുത്ത് കരയിലെത്തിച്ചത്. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. 

തമിഴ് നാട്ടില്‍ കച്ചവടക്കാരനായ കെ.രാഗേഷ്- മിനി ദമ്പതികളുടെ മൂത്ത മകനാണ് ഋത്വിക്. ഒരു സഹോദരനുണ്ട്. മഴക്കാലത്ത് നിറയെ വെള്ളമുള്ള ക്ഷേത്രക്കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ കുട്ടികളുടെ നീന്തല്‍ മത്സരം നടത്തിയത് ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശ്ശേരി പോലീസ് അന്വേഷിച്ചപ്പോള്‍ ആകെ എത്ര കുട്ടികള്‍ മത്സരത്തിനെത്തിയെന്ന് പറയാന്‍ പോലും അദ്ധ്യാപകര്‍ക്കായില്ലത്രെ. ഇപ്പഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം മഴക്കാല മത്സരങ്ങള്‍ ജില്ലാ ഭരണകൂടം വിലക്കിയിരുന്നു. കുളത്തിലെ മത്സരവിവരം സ്ഥലം പോലീസിനേയോ ഫയര്‍ഫോഴ്‌സിനെയോ നേരത്തെ അറിയിച്ചിരുന്നില്ല എന്നാണറിയുന്നത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.