കണ്ണൂര്‍ വിമാനത്താവളം: അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങളെടുക്കും

Wednesday 15 August 2018 1:47 am IST

 

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാലും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലും താമസിക്കും. വിമാനത്താവളം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കങ്ങള്‍ നടക്കേണ്ട കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം വേണ്ടിവരും. 

150 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അത്യാധുനിക കാര്‍ഗോ കോംപ്ലക്‌സാണ് വിമാനത്താവളത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായ മോണ്ടി കാര്‍ലോ എന്ന സ്ഥാപനമാണ് നിര്‍മ്മാണം ഏറ്റെടുത്തത്. ഒരു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കിയാല്‍ നിര്‍ദ്ദേശം. കാര്‍ഗോ കോംപ്ലക്‌സ് കൂടാതെ നാല് നിലയുള്ള കിയാല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് കോംപ്ലക്‌സ്, വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്ന സെന്‍ട്രല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ജീവനക്കാര്‍ക്ക് താമസിക്കുന്നതിനു വേണ്ടിയുള്ള ബാരക് എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. 

6192 ചതുരശ്ര മീറ്ററില്‍ അഞ്ച് നിലകളിലായാണ് ബാരക് നിര്‍മ്മിക്കുന്നത്. സിംഗിള്‍, ഡബിള്‍ മുറികളും 356 കിടക്കകളുള്ള ഡോര്‍മിറ്ററിയും ഇതില്‍പ്പെടും. ഇതിന്റെ നിര്‍മ്മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയത്. സുരക്ഷാച്ചുമതലയ്ക്ക് 613 പേരാണ് ഉണ്ടാവുക. നിലവിലെ 3050 മീറ്റര്‍ റണ്‍വേ 4000 മീറ്റര്‍ ആക്കി ഉയര്‍ത്തുന്നതിനു വേണ്ട സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളും പൂര്‍ത്തീകരിക്കാനുണ്ട്. ഒരു വര്‍ഷം മുമ്പുതന്നെ സ്ഥലമേറ്റെടുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. റണ്‍വേ 4000 മീറ്ററായി വികസിപ്പിക്കണമെങ്കില്‍ പുതുതായി 250 ഏക്കര്‍ ഏറ്റെടുക്കണം. കീഴല്ലൂര്‍ പഞ്ചായത്തിലെ കനാട്, നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളിലാണ് സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചത്. കാനാട്ടെ കര്‍ഷക ഭൂമി ഉള്‍പ്പെടുന്ന പ്രദേശമാണ് ഇതില്‍ ഏറെയും. 170 ഓളം വീടുകളും ഇതില്‍പ്പെടും. ഏതാനും മാസം മുമ്പ് പനയത്താം പറമ്പ് പരിധിയില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. ജനുവരിക്കു മുമ്പ് സര്‍വ്വേ പൂര്‍ത്തീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ കിയാല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.