മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; അടിയന്തര നടപടി വേണമെന്ന് കേരളം

Wednesday 15 August 2018 1:18 pm IST
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടി ആകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിത്തുടങ്ങി. അണക്കെട്ടിന്റെ 13 ഷെല്‍ട്ടറും തുറന്നു. ജലനിരപ്പ് 140 അടിയായതോടെ പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.  പത്ത് ഷട്ടറുകള്‍ ഒരടി വീതമാണ് ഉയര്‍ത്തിയിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്.

വണ്ടിപ്പെരിയാര്‍, ചപ്പാത്ത് വഴിയാണ് വെള്ളം ഒഴിക്കിവിടുന്നത്. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. പെരിയാറിന്റെ തീരത്തുനിന്നും നാലായിരത്തിലധികം അളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 142 അടി ആകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടത്. 

അണക്കെട്ട് നിറഞ്ഞിട്ടും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നില്ല. മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്റില്‍ 9200 ഘനയടി വെള്ളമാണ് സ്പില്‍ വേ വഴിപുറത്തേക്ക് ഒഴുക്കുന്നത്. 3000 ഘനയടിയില്‍ നിന്ന് ഘട്ടംഘട്ടമായി 9200 അടിയിലെത്തിക്കുകയായിരുന്നു. ഒരോ സെക്കന്റിലും പതിനായിരം അടിയോളം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുകയാണ്. വെള്ളം ഒഴുക്കിവിട്ടിട്ടും ഡാമിലെ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്.

കനത്തമഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് വിസമ്മതിച്ചിരുക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാട് നീക്കം നടത്തുന്നത്. സുപ്രീംകോടതി ഉത്തരവുപ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ആ കണക്ക് വരെ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ശ്രമം. സെക്കന്‍ഡില്‍ 13,93,000 ലീറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തുറന്നു വിടുന്നത് പതിനായിരം അടിയോളം വെള്ളം മാത്രമാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.90 അടിയാണ്. ഇടുക്കിയില്‍ നിന്നും സെക്കന്റില്‍ 1200 ഘനമീറ്റര്‍ വെള്ളം ഒഴുക്കും. 1100 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത്.  വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് തുടരുന്നത്. പമ്പ, ചാലക്കുടിപ്പുഴ എന്നിവയും കരകവിഞ്ഞു. ബാണാസുര സാഗറിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.