മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി

Wednesday 15 August 2018 1:57 pm IST
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താന്‍ കാരണമായത്ത്. ഇതാദ്യമായാണ് ഡാമിലെ ജലനിരപ്പ് ഇത്രയും എത്തുന്നത്.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയാകുന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താന്‍ കാരണമായത്ത്. ഇതാദ്യമായാണ് ഡാമിലെ ജലനിരപ്പ് ഇത്രയും എത്തുന്നത്. ഡാമിന്റെ 13 സ്പില്‍വേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,​ അവര്‍ അതിന് തയ്യാറായിട്ടില്ല. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തമിഴ്നാടിനോട് ഈ ആവശ്യം ഉന്നയിച്ചത്. ജലനിരപ്പ് വര്‍ദ്ധിച്ചിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോയി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്‌ 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ഇതാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകാതിരിക്കാന്‍ തമിഴ്നാട് കാരണമാക്കിയത്. 142 അടിയ്ക്ക് മുകളില്‍ ഡാമിലെ ജലനിരപ്പ് എത്തിയാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. 

സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. കേരളത്തെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു തുറന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരക്കെ ആശങ്കയിലാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സൈന്യവും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.