സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

Wednesday 15 August 2018 2:53 pm IST
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെന്നും കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
"വെള്ളം കയറിയ വീട്ടില്‍ അകപ്പെട്ട വീ‍ട്ടമ്മയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തേയ്ക്ക് എത്തിക്കുന്നു (ചിത്രം ശ്രീജിത്ത്)"

തിരുവനന്തപുരം: കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ 12 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴ കനത്തതോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിരുന്നു. ഇതിന് ശേഷം സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയയിരുന്നു. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെന്നും കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അണക്കെട്ടുകള്‍ പലതും തുറന്നതിനാല്‍ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

ഓഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 42 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എക്കാലത്തെയും വലിയ പ്രളയക്കെടുതികള്‍ നേരിടുകയാണ് കേരളം. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ പലയിടങ്ങളിലും ഭീതി ഉണ്ടാക്കുന്നു.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ വൈകരുതെന്നും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ നാലാഴ്ചയായി തുടരുന്ന കാലവർഷം അതിശക്തമായി തുടരുമ്പോള്‍ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. ഉരുള്‍പൊട്ടലിലും കുത്തൊഴുക്കിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ ഏറെ. സ്ഥിതിഗതികള്‍ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നതോടെ നദികള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ മരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.