ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ ആഘോഷിച്ചു

Wednesday 15 August 2018 4:26 pm IST
നിറപുത്തരി ചടങ്ങിന് ചൊവ്വാഴ്ച വൈകിട്ടാണ് നട തുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെ മേല്‍ ശാന്തിയാണ് നടതുറന്നത്. കനത്ത മഴയും പമ്പാനദി കര കവിഞ്ഞ് ഒഴുകിയതിനാലും തന്ത്രിക്ക് ക്ഷേത്രത്തില്‍ എത്താനായില്ല.

ശബരിമല: ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറ് മണിയോടെ നെല്‍ക്കറ്റകള്‍ ശ്രീകോവിലില്‍ എത്തിച്ച് മേല്‍‌ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭഗവാന് സമര്‍പ്പിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് നടയടയ്ക്കും. 

നിറപുത്തരി ചടങ്ങിന് ചൊവ്വാഴ്ച വൈകിട്ടാണ് നട തുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെ മേല്‍ ശാന്തിയാണ് നടതുറന്നത്. കനത്ത മഴയും പമ്പാനദി കര കവിഞ്ഞ് ഒഴുകിയതിനാലും തന്ത്രിക്ക് ക്ഷേത്രത്തില്‍ എത്താനായില്ല. തുടര്‍ന്നാണ് മേല്‍ശാന്തി നട തുറന്നത്. നടതുറക്കുമ്പോള്‍ സോപാനത്ത് ശംഖുവിളിക്കേണ്ട വാദ്യ കലാകാരന്മാരായ രാജീവ്, ബിജു തുടങ്ങിയവര്‍ക്കും പമ്പയില്‍ നിന്നും മല കയറാനായില്ല. 

നെല്‍ക്കതിരുകള്‍ പമ്പയില്‍ നിന്നും ചാക്കില്‍ക്കെട്ടി സാഹസികരായ നാലു പേര്‍ പമ്പ നീന്തിക്കടന്നാണ് സന്നിധാനത്ത് എത്തിച്ചത്. നാറാണം തോട് സ്വദേശികളാ‍യ ജോബിന്‍, കറുപ്പ്, കൊട്ടാരക്കര അമ്പലം‌കുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പമ്പയിലെ കുത്തൊഴുക്കിനെ മറികടന്ന് ശബരിമലയിലേക്ക് നെല്‍‌ക്കതിരുകള്‍ എത്തിച്ചത്. 

ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെള്ളപ്പാച്ചിലില്‍ പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 

ശബരിമലയുടെ പരിസരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഭക്തരെ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതരായത്. കനത്ത മഴയില്‍ ശബരിമലയും പമ്പയും പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പമ്പയിലേക്കുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി നിര്‍ത്തിവച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമ കേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്.

അതേസമയം എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.