തിരുവനന്തപുരത്തുനിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു

Thursday 16 August 2018 10:20 am IST
ആലുവ റെയില്‍വേ പാലത്തിന് സമീപത്ത് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ ഏഴ് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ മഴയും വെള്ളപ്പൊക്കവും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ആലുവ- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 

ആലുവ റെയില്‍വേ പാലത്തിന് സമീപത്ത് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ ഏഴ് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊല്ലം-ചെങ്കോട്ട റൂട്ടിലും ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ തിരുവനന്തപുരം സൂപ്പൂര്‍ഫാസ്റ്റ്, കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളുരു-തിരുവനന്തപുരം മലബാര്‍, മാവേലി എക്‌സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

പെരിയാറിലെ ജലനിരപ്പ് അപകടമായ വിധത്തില്‍ ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിന്റെ അടിയിലാണ്. ആലുവ ബസ്റ്റാന്‍ഡ് മുങ്ങി. കമ്പനിപ്പടിയിലേക്ക് വെള്ളം ഇരച്ചുകയറുകയാണ്. ഇവിടെയുണ്ടായിരുന്ന ദുരിതാശ്വായ ക്യാമ്പുകള്‍ എല്ലാം തന്നെ ഇന്നലെ വൈകുന്നേരത്തോടെ മാറ്റിയിരുന്നു. കൂടാതെ ആലുവയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൈന്യവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തെ മഴ പ്രതീകൂലമായി ബാധിക്കുന്നുണ്ട്.

കൊച്ചി മെട്രോ സര്‍വീസും നിര്‍ത്തിവച്ചിട്ടുണ്ട്. മുട്ടം യാര്‍‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. ഇതിന് പുറമേ ആലുവ അങ്കമാലി പാതയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച ഉച്ച വരെ കനത്തമഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകള്‍ക്കാണ് പ്രധാനമായും ഈ മുന്നറിയിപ്പ് ബാധകമാവുക. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ബാണാസുരസാഗര്‍, കാരാപ്പുഴ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ഇപ്പോള്‍ ശക്തമായ മഴയാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.