മുല്ലപ്പെരിയാര്‍: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Thursday 16 August 2018 2:34 pm IST
സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിക്കുകയായിരുന്നു. 

ഇടുക്കി സ്വദേശി റസല്‍ റോയിയാണ് ഹര്‍ജി നല്‍കിയത്.  സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.  ജലനിരപ്പ് 142 അടി കടത്തുന്നതിനായി തമിഴ്‌നാട് അണക്കെട്ടിനു താഴ്ഭാഗത്തുള്ളവരുടെ ജീവന്‍ ഭീഷണിയിലാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രളയക്കെടുതിയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേരളം പെടാപ്പാടു പെടുമ്പോഴാണ് തമിഴ്‌നാടിന്റെ പ്രതികൂല നടപടി. 

മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാട് കാട്ടിയ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കിയത്. ജലനിരപ്പ് ഉയരുന്നതിനു മുന്‍പ് ചെറിയ തോതില്‍ ജലം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തള്ളുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.