അടല്‍ജി: കാവ്യാത്മകത്വമുള്ള രാഷ്ട്ര തന്ത്രജ്ഞന്‍

Thursday 16 August 2018 4:11 pm IST
അടല്‍ ബിഹാരി വാജ്‌പേയിക്ക് ലാല്‍കൃഷ്ണ അദ്വാനിയുടെഅഞ്ജലി

തുടക്കം മുതല്‍ ഇന്നുവരെ എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഒരു വ്യക്തിയെ, ഏഴ് പതിറ്റാണ്ടായി എന്റെ പാര്‍ട്ടിയില്‍ എന്റെ ഏറ്റവും അടുത്തയാളായി തുടരുന്നയാളെ, ഒരു വിയോജിപ്പുമില്ലാതെ എക്കാലത്തും ഞാന്‍ സ്വീകരിച്ചിട്ടുള്ള ഒരു നേതൃത്വത്തെ, ചൂണ്ടിക്കാണിക്കേണ്ടി വന്നാല്‍, അത് അടല്‍ബിഹാരി വാജ്‌പേയി ആയിരിക്കും. ഒരേ സംഘടനയില്‍ രണ്ടു രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ ഇത്രയും ദീര്‍ഘകാലവും ഇത്ര ശക്തമായ രാഷ്ട്രീയാവേശത്തോടെ ഒരുമിച്ച് പ്രവര്‍ത്തിച്ചതും അപൂര്‍വമാണെന്നു മാത്രമല്ല, സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത കാര്യമാണെന്ന് ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടല്‍ജിയുമായുള്ള ഇത്ര കാലം നീണ്ട ഈ സഖാത്വം എന്റെ രാഷ്ട്രീയ ജീവിതത്തിലെ അമൂല്യനിധിയായി കരുതി ഞാന്‍ അഭിമാനിക്കുന്നു.

ആദ്യാഭിപ്രായം, എക്കാലത്തേയും അഭിപ്രായം

1952 ല്‍ ഞാന്‍ അടല്‍ജിയെ ആദ്യം കാണുന്നത്. ഞാന്‍ ആര്‍എസ്എസ് പ്രചാരകനായിരിക്കെ, അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെ യുവ പ്രവര്‍ത്തകനായി രാജസ്ഥാനിലെ കോട്ടായിലൂടെ കടന്നുപോവുകയായിരുന്നു. പുതുതായി രൂപീകരിച്ച പാര്‍ട്ടിയെ ജനങ്ങളില്‍ പ്രചരിപ്പിക്കാനായി അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയെ ട്രെയിനില്‍ അനുഗമിക്കുകയായിരുന്നു. 

ഡോ. മുഖര്‍ജിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്നു അന്ന് അടല്‍ജി. തിരിഞ്ഞുനോക്കുമ്പോള്‍, ഇപ്പോഴും വ്യക്തമായി ആ ചിത്രം ഓര്‍മിക്കുന്നു, യുവാവായ, ഗാംഭീര്യം തോന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍, എന്റെയൊപ്പം തടിയുണ്ടായിരുന്നയാള്‍, പക്ഷേ എനിക്ക് ഉയരം കൂടുതലായതിനാല്‍ തടി കുറച്ചേ തോന്നിക്കുമായിരുന്നുള്ളൂ.  യുവത്വത്തിന്റെ ആദര്‍ശപരതയാണദ്ദേഹത്തെ നയിച്ചതെന്നെനിക്ക് എളുപ്പം പറയാനാവും. അദ്ദേഹത്തില്‍ എന്തോ ചിലത് ജ്വലിക്കുന്നുണ്ടായിരുന്നു, ഉള്ളിലെ ജ്വാല തീര്‍ത്തും അസന്ദിഗ്ധമായ ദീപ്തി ആ മുഖത്ത് സ്ഫുരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് 27-28 വയസ്സ് പ്രായമായിരുന്നു. ആദ്യ യാത്രയില്‍ത്തന്നെ ഞാനെന്നോട് പറഞ്ഞു, ഇതൊരു 'അസാധാരണ യുവാവാണ്, അദ്ദേഹത്തൈക്കുറിച്ച് കൂടുതല്‍ അറിയണം,' എന്ന്.

1948 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ പാഞ്ചജന്യ വാരികയുടെ സ്ഥാപക എഡിറ്ററായ അടല്‍ജിയെ സ്ഥിരവായനക്കാരനായ എനിക്ക് പേരുകൊണ്ട് സുപരിചിതനായിരുന്നു. വാരികയുടെ ശക്തമായ എഡിറ്റോറിയലുകളിലും അടിക്കടി അതില്‍ വന്നിരുന്ന അദ്ദേഹത്തിന്റെ കവിതകളിലും ഞാന്‍ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. അതിലൂടെയാണ് ഞാനാദ്യമായി പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ചിന്തകള്‍ വായിക്കുന്നത്. ദേശീയ സ്വഭാവമുള്ള രചനകള്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രധര്‍മ പ്രകാശന്റെ മേല്‍നോട്ടത്തില്‍ ലക്‌നൗവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പാഞ്ചജന്യയുടെ ആദ്യ പ്രകാശനം നടത്തിയത് ദീനദയാല്‍ജിയാണ്. പില്‍ക്കാലത്താണ് ഞാന്‍ അറിഞ്ഞത് അടല്‍ജിയോടൊപ്പം വാരികയില്‍ അദ്ദേഹവും ബഹുവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്, പല പേരുകളില്‍ ലേഖനങ്ങള്‍ എഴുതുന്ന പംക്തികാരനായി, പ്രൂഫ് റീഡറായി, കമ്പോസിറ്ററായി, ബൈന്‍ഡറായി, മാനേജരായി. എന്നെപ്പോലെ വൈകി ഹിന്ദി പഠിച്ചവര്‍ക്ക് ഭാഷയുടെ ഭംഗിയും ശുദ്ധിയും ഉള്‍ക്കൊള്ളാനും ദേശഗ്രാമോജ്വലമായ ആശയങ്ങളുടെ വിനിമയം മെച്ചപ്പെടാനും പാഞ്ചജന്യ വളരെ ഉപകാരപ്രദമായിരുന്നു. 

വൈകാതെ അടല്‍ജി ഒറ്റയ്ക്ക് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രചാരണ യാത്രക്ക് വന്നു, ആ യാത്രയിലുടനീളം ഞാനദ്ദേഹത്തെ അനുഗമിച്ചു. യാത്രയില്‍ ഞാനദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി, എന്റെ രണ്ടാമത്തെ അഭിപ്രായം ആദ്യത്തേതിനെ ബലപ്പെടുത്തി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വ്യക്തിത്വം, പതിനായിരക്കണക്കിന് പേരെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തുന്നതരത്തിലുള്ള അസാധാരണമായ വാഗ്‌വൈഭവം, ഹിന്ദിയിലുള്ള സ്വാധീനം, എത്ര വലിയ ഗൗരവതരമായ വിഷയവും സരസമായും നര്‍മമധുരമായും പറയുവാനുള്ള കഴിവ്-ഇതെല്ലാം എന്നില്‍ അഗാധമായ സ്വാധീനം ചെലുത്തി. ആ രണ്ടാം യാത്രയുടെ ഒടുവില്‍ എനിക്ക് തോന്നി അദ്ദേഹം വിധി നിശ്ചിതനായ മനുഷ്യനാണെന്ന്, ഒരിക്കല്‍ ഭാരതത്തെ നയിക്കാന്‍ യോഗ്യനായ ഒരു നേതാവാണെന്ന്.

രാഷ്ട്രീയ സഹസഞ്ചാരികള്‍

ഡോ. മുഖര്‍ജിക്കുശേഷം ജനസംഘത്തിന്റെ ഏറ്റവും സുപ്രധാനനായ വ്യക്തി ദീനദയാല്‍ജിയായിരുന്ന സമയമായിരുന്നു അത്. 1953 ല്‍ ഡോ. മുഖര്‍ജിയുടെ ദുഃഖകരമായ വിയോഗത്തിനുശേഷം പാര്‍ലമെന്റിലും പാര്‍ട്ടിയിലും അടല്‍ജിക്ക് അദ്ദേഹം പ്രമുഖ ഉത്തരവാദിത്തങ്ങള്‍ നല്‍കി. കുറഞ്ഞ സമയം കൊണ്ടുതന്നെ അടല്‍ജി പാര്‍ട്ടിയിലെ ഏറ്റവും പ്രഭാവമുള്ള നേതാവാണ് താനെന്ന് സ്വയം തെളിയിച്ചു. വന്‍ വൃക്ഷമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ ജനസംഘം ഒരു വൃക്ഷത്തെ ആയിരുന്നെങ്കിലും പാര്‍ട്ടിക്ക് വേരുകള്‍ ഇല്ലാത്തിടത്തുപോലും ജനങ്ങള്‍ അടല്‍ജിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗചാതുരി മാത്രമല്ല, കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റുകളിലും നിന്ന് വേറിട്ട് ദേശീയ വിഷയങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച ബദല്‍ ആശയങ്ങളും അവരെ ആകര്‍ഷിച്ചു. ആ ചെറുപ്രായത്തില്‍ തന്നെ രാജ്യവ്യാപകമായി പിന്തുണയുള്ള ഒരു ബഹുജന നേതാവായി വളരാന്‍ പോകുന്നതിന്റെ അടയാളങ്ങള്‍ ആ ചെറുപ്രായത്തില്‍ത്തന്നെ അദ്ദേഹം പ്രകടിപ്പിച്ചു.

1957 ല്‍ അടല്‍ജി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദീനദയാല്‍ജി മറ്റൊരു നീക്കം കൂടി നടത്തി, എന്നെയും ബാധിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് ദല്‍ഹിയിലേക്ക് സ്ഥാനം മാറാനും പാര്‍ലമെന്ററി കാര്യങ്ങളില്‍ അടല്‍ജിയെ സഹായിക്കാനും അദ്ദേഹം എന്നോടാവശ്യപ്പെട്ടു. അന്നുമുതല്‍ ജനസംഘത്തിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും പില്‍ക്കാലത്ത് ബിജെപി ആയപ്പോഴും അദ്ദേഹത്തിന്റെ മരണം വരെ അടല്‍ജിയും ഞാനും ഒന്നിച്ചു പ്രവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ തന്നെ, അംഗസംഖ്യാബലം വളരെ കുറവായിരുന്നെങ്കിലും അദ്ദേഹം പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വവും ആധികാരികതയുമുണ്ട് ശബ്ദമായി. ഒരു ദശാബ്ദത്തിനുശേഷം 1968 ഫെബ്രുവരിയില്‍ ദീനദയാല്‍ജിയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് അടല്‍ജിക്ക് പാര്‍ട്ടി നേതൃത്വവും വഹിക്കുന്ന ഉത്തരവാദിത്വവും വന്നു. അത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ കാലമായിരുന്നു, പക്ഷേ അടല്‍ജി ജനസംഘത്തെ ആഴച്ചതുപ്പില്‍നിന്ന് കരയേറ്റി കഴിവുറ്റ നേതാവാണെന്ന് താനെന്ന് തെളിയിച്ചു. അക്കാലത്താണ് പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആ മുദ്രാവാക്യം പ്രസിദ്ധമായത്, ''കൂരിരുട്ടില്‍ വെളിച്ചമാണീ അടല്‍ബിഹാരി, അടല്‍ ബിഹാരി'' എന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.