അന്ത്യപ്രണാമം

Thursday 16 August 2018 5:37 pm IST
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന ബിജെപി നേതാവും അടല്‍ജിയുടെ സഹയാത്രികനുമായ എല്‍ കെ അദ്വാനിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും എയിംസിലെത്തി വാജ്‌പേയിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ന്യൂദല്‍ഹി: സംഭവ ബഹുലമായ ഒരു യുഗത്തിന് അന്ത്യമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദേശീയതയുടെ കാവിത്തേര് തെളിച്ച ഭാരതാംബയുടെ ശ്രേഷ്ഠപുത്രന്‍ അടല്‍ ബിഹാരി വാജ്‌പേയി ഇനി ഓര്‍മ്മ. മുന്‍ പ്രധാനമന്ത്രിയും തലമുതിര്‍ന്ന ബിജെപി നേതാവും ലോകം കണ്ട മികച്ച വാഗ്മികളിലൊരാളുമായിരുന്ന അടല്‍ജി (94) വൈകിട്ട് 5.05ന് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അന്തരിച്ചു. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം രാജ്യമെങ്ങും ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. നിര്യാണത്തില്‍ അനുശോചിച്ച് ദേശീയ പതാക പകുതി താഴ്ത്തും. 

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  9 ആഴ്ചയായി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.  അവസാന 36 മണിക്കൂറുകള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന ബിജെപി നേതാവും അടല്‍ജിയുടെ സഹയാത്രികനുമായ എല്‍ കെ അദ്വാനിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും എയിംസിലെത്തി വാജ്‌പേയിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ആറാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗ്ഗില്‍ മുന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും പിന്നീട് ബിജെപി കേന്ദ്ര ആസ്ഥാനത്തും വെയ്ക്കുന്ന മൃതദേഹം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ദല്‍ഹിയില്‍ യമുനാ തീരത്ത് ശക്തിസ്ഥലില്‍ സംസ്‌ക്കരിക്കും. ജന്മനാടായ ഗ്വാളിയോറില്‍ നിന്നും കര്‍മ്മഭൂമിയായ ലഖ്‌നൗവില്‍ നിന്നുമടക്കം പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് അടല്‍ജിയെ അവസാനമായി കാണാന്‍ ദല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

പക്ഷാഘാതത്തെ തുടര്‍ന്ന്  പതിമൂന്നുവര്‍ഷമായി ദല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന വാജ്‌പേയിയെ  67 ദിവസങ്ങള്‍ക്ക് മുമ്പാണ് എയിംസിലേക്ക് മാറ്റിയത്.  മുപ്പതു വര്‍ഷമായി വാജ്‌പേയിയുടെ പേഴ്‌സണല്‍ ഡോക്ടറായ ഡോ. രണ്‍ദീപ് ഗുലേരിയ ഡയറക്ടറായ എയിംസിലേക്ക് സാധാരണ ചെക്കപ്പിനാണ് മാറ്റിയത്്.  പക്ഷെ സ്ഥിതി മോശമായതോടെ  ഐസിയുവിലേക്ക് മാറ്റി. വൃക്കക്കും ശ്വാസകോശത്തിനും സംഭവിച്ച തകരാറുകളാണ് ആരോഗ്യസ്ഥിതി തകര്‍ത്തത്. വളര്‍ത്തു മകള്‍ നമിതയും ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യയും അരനൂറ്റാണ്ടായി വാജ്‌പേയിയുടെ സന്തത സഹചാരിയായ ശിവകുമാറും അന്ത്യ നിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നു. 

അധ്യാപകനും കവിയുമായ കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും കൃഷ്ണാ ദേവിയുടേയും ഇളയ മകനായി 1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍  ജനനം. സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജില്‍ നിന്ന് ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നിവയില്‍ ഡിസ്റ്റിങ്ഷനോടെ ബിരുദം.

കാണ്‍പൂര്‍ ദയാനന്ദ് ആംഗ്ലോ വേദിക് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. 1939 മുതല്‍ ആര്‍എസ്എസ് സ്വയം സേവകന്‍. 1947ല്‍ പ്രചാരകനായതോടെ ദീനദയാല്‍ ഉപാധ്യായയുടെ ഹിന്ദി മാസികയായ രാഷ്ട്രധര്‍മ്മ, ഹിന്ദി ആഴ്ചപ്പതിപ്പ് പാഞ്ചജന്യ, ദിനപ്പത്രം സ്വദേശ്, വീര്‍ അര്‍ജ്ജുന്‍ തുടങ്ങിയ മാധ്യമങ്ങളുടെ ചുമതല ഏറ്റെടുത്തു. 1957ല്‍ യുപിയിലെ ബല്‍റാംപൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തി. വാജ്‌പേയിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി നെഹ്‌റു അദ്ദേഹത്തെ ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്നു. 1968ല്‍ ജനസംഘത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തിയ വാജ്‌പേയി 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും 1975ല്‍ അടിയന്തരാവസ്ഥക്കാലത്തും ജയില്‍വാസമനുഷ്ടിച്ചു. 

1977ല്‍ ജനതാ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി തിളക്കമാര്‍ന്ന പ്രകടനം നടത്തിയ വാജ്‌പേയി 1980കളില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുത്തു. 1984ല്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയെ 1996ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി ഉയര്‍ത്തിയതിന് പിന്നില്‍ വാജ്‌പേയിയുടെ കഠിനാധ്വാനമാണ്. 1996ല്‍ രാജ്യത്തിന്റെ പത്താമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വാജ്‌പേയിക്ക് 13 ദിവസങ്ങള്‍ക്ക് ശേഷം രാജിവെച്ചൊഴിയേണ്ടിവന്നു. 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയായെങ്കിലും 13 മാസത്തിന് ശേഷം അധികാരം വിട്ടൊഴിഞ്ഞു. 

1999ല്‍ എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പായതിനെ തുടര്‍ന്ന് നിലവില്‍ വന്ന വാജ്‌പേയി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികച്ചു. കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായിരുന്നു വാജ്‌പേയിയുടേത്. പൊഖ്‌റാന്‍ അണുസ്‌ഫോടനവും ഇന്ത്യാ-പാക് സൗഹൃദ ചര്‍ച്ചകളും കാര്‍ഗില്‍ യുദ്ധ വിജയവുമെല്ലാം വാജ്‌പേയിയുടെ ഭരണ കാലത്തെ തിളങ്ങുന്ന അധ്യായങ്ങളാണ്. 2005ല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ശേഷം അദ്ദേഹം പങ്കെടുത്ത ഏക ചടങ്ങ് 2015ല്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ഭാരത രത്‌ന സമര്‍പ്പണം മാത്രമായിരുന്നു. 

വിസ്മരിക്കില്ല അടല്‍ജിയുടെ സന്ദേശം: നരേന്ദ്രമോദി 

അടല്‍ജി ഇനി നമ്മോടൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഒരു ഭാരതീയനും ഒരു  ബിജെപി പ്രവര്‍ത്തകനും വിസ്മരിക്കില്ല. അടല്‍ജിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള ശേഷി എല്ലാവര്‍ക്കുമുണ്ടാകട്ടെ. 

 

വാജ്പേയി ജീവിത രേഖ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.