പ്രളയ ദുരന്തം പറവൂരില്‍ ജനങ്ങള്‍ ഭീതിയില്‍

Thursday 16 August 2018 6:01 pm IST
പുത്തന്‍വേലിക്കരയും ചേന്ദമംഗലവും ഒറ്റപ്പെട്ടു

പറവൂര്‍: കനത്ത മഴയില്‍ ഡാമുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലൂടെ ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍ പറവൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.

ചെറിയ പുഴകളിലൂടേയും തോടുകളിലൂടേയും ശക്തമായി ഒഴുകുന്ന വെള്ളം ദിശമാറി ഒഴുകിയതോടെ ജനം പരിഭ്രാന്തിയിലായി. പുത്തന്‍വേലിക്കര പഞ്ചായത്തും, ചേന്ദമംഗലം പഞ്ചായത്തും ഒറ്റപ്പെട്ടു. പുത്തന്‍വേലിക്കരയിലേക്ക് എത്തിപ്പെടാവുന്ന മാഞ്ഞാലി പാലം, സ്റ്റേഷന്‍കടവ് പാലം, തുരുത്തിപ്പുറം പാലം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടഞ്ഞിരിക്കുകയാണ്.

തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പായ കേരള ഓഡിറ്റോറിയത്തിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ആളുകളെ പോലീസും കേന്ദ്ര ദുരന്തനിവാരണ സേനയും ചേര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. ഫാത്തിമ മാതാ പള്ളി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ നിന്ന് കേന്ദ്രസേനയുടെ ട്രക്കിലാണ് താമസക്കാരെ മാറ്റി പാര്‍പ്പിച്ചത്. ചെറുകടപ്പുറം പള്ളിയില്‍ അഭയം തേടിയവര്‍ പുറത്തേക്ക് കടക്കാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറാവുന്ന സാഹചര്യമാണുള്ളത്. ചേന്ദമംഗലം പഞ്ചായത്തിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും ഒഴിപ്പിച്ച് സുരക്ഷിതമായി പറവൂരിലെ എസ്എന്‍വി, പുല്ലംകുളം സ്‌കൂളുകളിലേക്ക് മാറ്റി. കോഴിതുരുത്ത്, പട്ടം, കണക്കന്‍കടവ്, തേലത്തുരുത്ത്, ചെറുകടപ്പുറം, തുരുത്തിപ്പുറം, വെള്ളോട്ടുപുറം എന്നിവിടങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ചാലാക്ക മെഡിക്കല്‍ കോളേജിനു ചുറ്റും വെള്ളം കയറി. കോട്ടുവള്ളിക്കാട് സത്താര്‍ ഐലന്റ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇവിടെ നിന്നും ഇരുന്നൂറോളം പേരെ കോട്ടുവള്ളിക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ചിറ്റാറ്റുകര പഞ്ചായത്തിലെ ചെറിയപല്ലംതുരുത്ത്, നീണ്ടൂര്‍ ഭാഗങ്ങളും വെള്ളത്തിനടിയിലായി ഇവരെ കണ്ണന്‍കുളങ്ങര എല്‍പി സ്‌കൂള്‍, പറവൂര്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ദേശീയപാത 17ല്‍ ചക്കുമരശേരി ഭാഗത്ത് റോഡില്‍ വെള്ളം കയറി. ഏഴിക്കര പഞ്ചായത്തിലെ മണ്ണുചിറ, ചാക്കാത്തറ, കല്ലുചിറ, കെടാമംഗലം ലക്ഷംവീട് കോളനി, നന്ത്യാട്ടുകുന്നം എന്നിവിടങ്ങളിലും വെള്ളം കയറി ഇവരെ കെടാമംഗലം എല്‍പി സ്‌കൂള്‍, ഏഴിക്കര ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് മാറ്റി.

ചേന്ദമംഗലം പഞ്ചായത്തിലെ തെക്കുംപുറം കോളനി, കരിമ്പാടം, വലിയപഴമ്പിള്ളിതുരുത്ത്, തെക്കുംപുറം, പാലിയം എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. പെരുവാരം മന്നം റോഡില്‍ പാലത്തിന് സമീപം റോഡ് പകുതി ഒലിച്ചുപോയി. ഇതിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പഴ്ണിത്തോടിനിരുവശവും ഉള്ള വീടുകളിലും ഇടവഴികളിലും അരക്കൊപ്പം വള്ളം കയറിയിരിക്കുകയാണ്. വാണിയക്കാട്, കിഴക്കേപ്രം ഭാഗങ്ങളിലുള്ളവരെ കിഴക്കേപ്രം സ്‌കൂളിലേക്ക് മാറ്റി. കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി, കോതകുളം, ആറാട്ടുകടവ് എന്നിവിടങ്ങളിലും വെള്ളം കയറി ഇവരെ കൈതാരം വിഎച്ച്എസ്സിലേക്ക് മാറ്റി. വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം, ചിറയ്ക്കകം, തുണ്ടുത്തുംകടവ്, ദേവസ്വംപാടം എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. പറവൂരില്‍ നിന്നുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനും ഭക്ഷണം എത്തിക്കുന്നതിനും സേവാഭാരതിയും വിവിധ സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരും ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനായി രംഗത്തുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.