ആ സംന്യാസിയുടെ അവസ്ഥ വിവരിക്കുന്നു

Friday 17 August 2018 1:01 am IST

നൈഷ്‌കര്‍മ്യാവസ്ഥയില്‍ വര്‍ത്തിക്കുന്ന സംന്യാസിയുടെ ബുദ്ധി ഭൗതികപ്രപഞ്ചത്തിലെ സകലവിധ സുഖങ്ങളിലും ആഗ്രഹമില്ലാതെ നില്‍ക്കുന്നു. കാരണം, ഭഗവദ് സേവനം കൊണ്ടു ലഭിക്കുന്ന, ഇന്ദ്രിയാതീതമായ പരമാനന്ദത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്. ആ ആനന്ദസമുദ്രത്തില്‍ നിന്ന് കരയിലേക്ക്, ഭൗതിക സുഖത്തിലേക്കു തിരിഞ്ഞു നോക്കുകയേ ഇല്ല.

ജീവാത്മാ

ഭഗവാന്റെ അനുഗ്രഹത്താല്‍ ലഭിച്ച ഭഗവത്തത്ത്വവിജ്ഞാനം, ആ ഭക്തയോഗിയുടെ അന്തഃകരണത്തെയും ഇന്ദ്രിയങ്ങളെയും ഭഗവദീയാനന്ദത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സമ്മതിക്കുകയേ ഇല്ല. ആ സംന്യാസി ഇന്ദ്രിയങ്ങളെ ജയിക്കാനും മനസ്സിനെ നിയന്ത്രിക്കാനും വേണ്ടി ഒരു പ്രയത്‌നവും ചെയ്യേണ്ടതില്ല.

വിഗതസപൃഹഃ

ആ സംന്യാസിയെ ഭൗതികസുഖങ്ങളോടുള്ള ആഗ്രഹം പണ്ടേ കൈവിട്ട്, ദൂരെ പോയിരിക്കുകയാണ്. അതിനാല്‍ യദൃച്ഛയാ ലഭിക്കുന്ന, അങ്ങോട്ടാവശ്യപ്പെടാതെ കിട്ടുന്ന ഏതുതരം ഭക്ഷണവും കഴിച്ചെന്നുവരും. ഭരത യോഗിയെപ്പോലെ. വസ്ത്രം കിട്ടിയാല്‍ ഉടുത്തെന്നും വരും.

അല്ലാതെ, വൈദിക ലൗകിക കര്‍മങ്ങള്‍ ചെയ്യാനോ വേറെ രാജ്യങ്ങളില്‍ ചെന്നു സുഖിക്കാനോ സ്വര്‍ഗാദി ദിവ്യലോകങ്ങളില്‍ ചെല്ലാനോ ശ്രീകൃഷ്ണ ഭഗവാനെയല്ലാതെ മറ്റു ദേവന്മാരെ ഭജിക്കാനോ മറ്റു സുഖങ്ങള്‍ അനുഭവിക്കാനോ, മറ്റു കര്‍മങ്ങള്‍ അനുഷ്ഠിക്കാനോ ചിന്തിക്കുകപോലും ചെയ്യില്ല. കാരണം മനസ്സിലാണല്ലോ ചിന്തിക്കേണ്ടത്. ആ മനസ്സില്‍ ഭഗവാന്റെ രൂപങ്ങളും ലീലകളും തിരുനാമങ്ങളും നിറഞ്ഞുകവിഞ്ഞു പുറത്തേക്ക് ഒഴുകുകയാണല്ലോ. മറ്റൊന്നും അതിലേക്കു പ്രവേശിക്കുകയേ ഇല്ല. കരണത്തെയും ഇന്ദ്രിയങ്ങളെയും ആനന്ദ സമുദ്രത്തില്‍ താഴ്ത്തിവച്ചിരിക്കുകയാണ്.

നൈഷ്‌കര്‍മ്യസിദ്ധിയും പ്രേമലക്ഷണാഭക്തിയുമാണ് ഭഗവത്പദ പ്രാപ്തിക്കുള്ള കാരണങ്ങള്‍

അധ്യായം-18, ശ്ലോകം-50

സര്‍വസാധനാനുഷ്ഠാനങ്ങളുടെയും ലക്ഷ്യമായ നൈഷ്‌കര്‍മ്യാവസ്ഥ- ഒരു കര്‍മവും ചെയ്യേണ്ട എന്ന അവസ്ഥ- അതും, എപ്പോഴും ഇടവിടാതെ ഹൃദയത്തില്‍ ഭഗവാനെ ധ്യാനിക്കാന്‍ കഴിയുക എന്ന പരാഭക്തിയും ലഭിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ ആദ്യത്തെ ആവിഷ്‌കാരമായ ബ്രഹ്മഭാവം പ്രാപിക്കുന്നത് എങ്ങനെ എന്ന് 6 ശ്ലോകങ്ങളിലൂടെ ചുരുക്കിപ്പറയാം എന്ന് ഭഗവാന്‍ പറയുന്നു.

ആ പരാഭക്തിയെ വിശേഷിപ്പിക്കുന്നു-

ഭഗവത്തത്ത്വവിജ്ഞാനത്തിനുശേഷം ലഭിക്കുന്ന പ്രേമലക്ഷണമായ ഭക്തിയാണ് ജ്ഞാനത്തിന്റെ അതിശ്രേഷ്ഠമായ- സമാനതയില്ലാത്ത അവസ്ഥ എന്ന് താല്‍പര്യം. ഈ യോഗം തന്നെയാണ്, ഭഗവാന്‍ ജ്ഞാനികളുടെ അഗ്രേസരന്മാരും പ്രേമലക്ഷണഭക്തിയുള്ളവരുമായ സനകാദികള്‍ക്ക് ഉപദേശിച്ചത്. 

ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു-

ഏതാവാന്‍ യോഗ ആദിഷ്‌ടോ

മച്ഛിഷൈ്യഃ സനകാദിഭിഃ

സര്‍വ്വതോ മന ആകൃഷ്യ

മജ്യദ്ധാ വേശ്യതേയഥാ

(ഭാഗ-11 ല്‍ അധ്യായം 13- ശ്ലോകം 14)

(=എന്നോട് എന്റെ ശിഷ്യന്മാരായ സനകാദി യോഗികള്‍ ചോദിച്ചപ്പോള്‍ ഈ യോഗം തന്നെയാണ് എല്ലാ ഭൗതിക ദിവ്യപദാര്‍ത്ഥങ്ങളില്‍നിന്ന് മനസ്സിനെ വേര്‍പെടുത്തി എന്നില്‍ ഈ കൃഷ്ണനില്‍ നേരിട്ട് പ്രവേശിപ്പിക്കേണ്ടതെങ്ങനെ എന്നുതന്നെയാണ് ഞാന്‍ ഉപദേശിച്ചത്.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.