അടല്‍ജി എന്ന അതുല്യ പ്രതിഭ

Friday 17 August 2018 1:07 am IST
മികച്ച പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയിലെ ജയില്‍വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ക്ഷതമേല്‍പ്പിച്ചെങ്കിലും ജനസേവനത്തില്‍ നിന്ന് വിടചൊല്ലാനല്ല, വീറോടെ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തയ്യാറായത്. ഭാരതീയ ജനസംഘത്തിന്റെ ദേശീയാധ്യക്ഷനായിരിക്കെയായിരുന്നു അടിയന്തരാവസ്ഥ.

ലോകം കൗതുകത്തോടെയും ശ്രദ്ധയോടെയും നോക്കിക്കണ്ട ഏതാനും ഇന്ത്യന്‍ നേതാക്കളില്‍ അഗ്രഗണ്യനായിരുന്ന ആ അടല്‍ജി ഇന്ന് നമ്മോടൊപ്പമില്ല. ആദര്‍ശത്തില്‍ ഉറച്ചുനിന്ന് അചഞ്ചലനായി രാജ്യത്തെ നയിച്ച അടല്‍ബിഹാരി വാജ്‌പേയി ശാരീരികമായ അവശതമൂലം കുറച്ചുകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. നന്നേ ചെറുപ്പത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ സജീവമാകുകയും പത്രപ്രവര്‍ത്തനവും തുടര്‍ന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതവും അവിശ്രമമായിരുന്നല്ലൊ. ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സെക്രട്ടറിയായശേഷം അടല്‍ജിയുടെ ജീവിതം തിരക്കിട്ടതായിരുന്നു. രണ്ടാം ലോകസഭയില്‍ അംഗമായി ആരംഭിച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം 2009 വരെ തുടര്‍ന്നു. പിന്നീടദ്ദേഹം ഈ രംഗത്തുനിന്ന് സ്വയം പിന്‍മാറുകയായിരുന്നു. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയും അധികാരം അഴിമതിക്കുവേണ്ടിയും എന്നായിത്തീര്‍ന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് പാര്‍ലമെന്ററി പ്രവര്‍ത്തനത്തോട് വിരക്തി തോന്നിയത് എന്നുപറയാം. ജനസേവനത്തിനും രാഷ്ട്ര സേവനത്തിനുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. 

മികച്ച പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയിലെ ജയില്‍വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ക്ഷതമേല്‍പ്പിച്ചെങ്കിലും ജനസേവനത്തില്‍ നിന്ന് വിടചൊല്ലാനല്ല, വീറോടെ പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തയ്യാറായത്. ഭാരതീയ ജനസംഘത്തിന്റെ ദേശീയാധ്യക്ഷനായിരിക്കെയായിരുന്നു അടിയന്തരാവസ്ഥ. സകല ജനാധിപത്യാവകാശങ്ങളെയും കുഴിച്ചുമൂടി ഇന്ദിര എന്ന സര്‍വാധികാരി കൊടികുത്തി വാണെങ്കിലും ജനങ്ങളുടെ അടങ്ങാത്ത ജനാധിപത്യവികാരം അവരെ അധികാരഭ്രഷ്ടയാക്കി. തുടര്‍ന്നുവന്ന മൊറാര്‍ജിദേശായി മന്ത്രിസഭയില്‍ അദ്ദേഹം വിദേശകാര്യവകുപ്പ് മന്ത്രിയായത് യാദൃശ്ചികമാണെന്ന് പറയാനാകില്ല. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നിപ്രസംഗം നമ്മുടെ വിദേശനയത്തെക്കുറിച്ചായിരുന്നു. വിദേശനയത്തിനുണ്ടായിരിക്കേണ്ട മേന്മയെക്കുറിച്ചും നമ്മുടെ കുറവുകളെക്കുറിച്ചും യുവാവായ അടല്‍ജി വാചാലനായപ്പോള്‍ വിദേശകാര്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന നെഹ്‌റു മുഴുവന്‍ പ്രസംഗവും കേട്ടു. മറുപടിപ്രസംഗത്തില്‍ അഭിനന്ദനവുമുണ്ടായി. ഐക്യരാഷ്ട്രസഭയില്‍ അടല്‍ജിയെയും കൂടെകൊണ്ടുപോയ നെഹ്‌റു ഇത് ഇന്ത്യയുടെ ഭാവിവാഗ്ദാനം എന്നാണ് പരിചയപ്പെടുത്തിയത്. 

നെഹ്‌റു പറഞ്ഞതുതന്നെ സംഭവിച്ചു. കുടുംബമാഹാത്മ്യമൊന്നും അവകാശപ്പെടാനില്ലാത്ത അടല്‍ജി രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനത്തെത്തി. തുടര്‍ച്ചയായി ആറുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒരു അഴിമതിയാരോപണവും ഉയര്‍ന്നില്ല. 1996 ല്‍ ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ല. രാഷ്ട്ര നന്മ പ്രതീക്ഷിച്ച് പിന്തുണയ്ക്കാന്‍ തയ്യാറാകുമെന്ന് കരുതി. ബിജെപി ഭരിച്ചുകൂടെന്ന നിലപാട് മറ്റ് കക്ഷികള്‍ സ്വീകരിച്ചപ്പോള്‍ 13-ാം ദിവസം പാര്‍ലമെന്റില്‍ നിലപാട്  വിശദീകരിച്ച് രാജി പ്രഖ്യാപിക്കുമ്പോള്‍ ഞങ്ങള്‍ തിരിച്ചുവരുമെന്ന് ഉറച്ച വാക്കുകളോടെ പ്രസ്താവിച്ചു. വാക്ക് പാലിച്ചു. ഒപ്പം 23 രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ടായി. പലതരം താത്പര്യങ്ങളും സ്വഭാവവിശേഷങ്ങളുമുള്ള പാര്‍ട്ടികളെയെല്ലാം ദേശീയജനാധിപത്യസഖ്യം (എന്‍ഡിഎ) എന്ന കുടക്കീഴില്‍ അണിനിരത്തി. 13-ാം മാസം പാര്‍ലമെന്റ് അംഗമായി തുടര്‍ന്ന മുഖ്യമന്ത്രി ലോക്‌സഭയിലെത്തി വോട്ടുചെയ്ത് ആ സര്‍ക്കാരിനെ മറിച്ചിട്ടു. മുഖ്യമന്ത്രിയായപ്പോള്‍ ലോക്‌സഭാംഗത്വം രാജിവയ്ക്കാതെ അവിശ്വാസപ്രമേയത്തിന് വോട്ടുചെയ്ത ചതി അന്ന് രാജ്യം കണ്ടു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് 2004 വരെ ഭരിച്ചു. കലര്‍പ്പില്ലാത്ത രാഷ്ട്രഭക്തി, ആരോടും വിദ്വേഷമോ പകയോ ഇല്ലാത്ത വ്യക്തിത്വം. അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല.  

രാജ്യം അടല്‍ജിക്ക് അന്ത്യ പ്രണാമം നല്‍കുമ്പോള്‍ ജന്മഭൂമിയും അതില്‍ പങ്കുചേരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.