ഓര്‍മകള്‍ അവശേഷിപ്പിച്ച്...

Friday 17 August 2018 1:09 am IST
1964, ഭാരതീയ ജനസംഘത്തിന്റെ ദേശീയ നിര്‍വാഹകസമിതി. അന്നാണ് അടല്‍ജിയെ ആദ്യം അടുത്തു പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ 1974ല്‍ കണ്ണൂരില്‍വച്ചു നടന്ന ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍വച്ചാണ് എന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അദ്ദേഹം നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യമായി കേരളത്തില്‍ വന്നത് പാഞ്ചജന്യ പത്രത്തിന്റെ പത്രാധിപരെന്ന നിലയ്ക്ക് കോഴിക്കോട് കേസരിവാരികയുടെ ആഫീസും പത്രാധിപര്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ളയുടെ വാസസ്ഥലമായിരുന്ന തളിയിലെ ഒരു ചെറിയ മുറിയിലേക്കായിരുന്നു.

പ്രതീക്ഷിതമല്ല ഈ വേര്‍പാട്. പക്ഷേ, അത്രത്തോളം തന്നെ വേദനാജനകമാണ്. രാഷ്ട്രീയ ജീവിതത്തിലുടനീളം പ്രചോദനമായിരുന്ന മഹത്തായ വ്യക്തിത്വമാണ് വിടപറയുന്നത്. അടല്‍ജിയുടെ ഭൗതിക സാന്നിധ്യം ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മനസ് നാല്‍പ്പതാണ്ടുകള്‍ക്കപ്പുറത്തേക്കാണ് യാത്ര ചെയ്യുന്നത്.

1964, ഭാരതീയ ജനസംഘത്തിന്റെ ദേശീയ നിര്‍വാഹകസമിതി. അന്നാണ് അടല്‍ജിയെ ആദ്യം അടുത്തു പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ 1974ല്‍ കണ്ണൂരില്‍വച്ചു നടന്ന ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍വച്ചാണ് എന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അദ്ദേഹം നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യമായി കേരളത്തില്‍ വന്നത് പാഞ്ചജന്യ പത്രത്തിന്റെ പത്രാധിപരെന്ന നിലയ്ക്ക് കോഴിക്കോട് കേസരിവാരികയുടെ ആഫീസും പത്രാധിപര്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ളയുടെ വാസസ്ഥലമായിരുന്ന തളിയിലെ ഒരു ചെറിയ മുറിയിലേക്കായിരുന്നു. പിന്നീട് 1957ല്‍ വിമോചന സമരകാലഘട്ടത്തില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം നഗരങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ജനസംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ അദ്ദേഹം മിക്ക സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ വന്നിരുന്നു. 

ബിജെപിയുടെ രൂപീകരണത്തേതുടര്‍ന്ന് 1981ല്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതിയോഗത്തിലും അദ്ദേഹം പങ്കെടുത്തു. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യാത്രയില്‍ മലപ്പുറത്തുവച്ചുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വാഹനം കടന്നു വന്നപ്പോള്‍ കുറച്ചുപേര്‍ തടഞ്ഞുനിര്‍ത്തി.  വാജ്‌പേയിക്ക് മാലയിടണമെന്നാണവരുടെ ആവശ്യം. വിഭജനകാലത്ത് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയിരുന്ന മലപ്പുറത്തുകാര്‍ സ്വന്തം നാട്ടിലേക്ക് വരാന്‍വേണ്ടി വളരെക്കാലം ശ്രമിച്ചിട്ടും നടന്നിരുന്നില്ല. മൊറാര്‍ജി സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്ന വാജ്‌പേയിയുടെ ശ്രമഫലമായിട്ടാണ് നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്. അതിനുള്ള നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ വഴി തടഞ്ഞത്. തളിക്ഷേത്രനിര്‍മ്മാണത്തിനുവേണ്ടി പോരാടിയിരുന്ന കേരളഗാന്ധി കെ. കേളപ്പനുമായി അങ്ങാടിപ്പുറത്തുവച്ചു ചര്‍ച്ച നടത്തിയതും ഓര്‍ക്കുന്നു. 

1984ല്‍ യുവമോര്‍ച്ചയുടെ ഭാരതവത്ക്കരണ റാലിയില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിപ്പോള്‍ അദ്ദേഹം താമസിച്ചിരുന്നത് എസ്എന്‍ഡിപി നേതാവായിരുന്ന അഡ്വ. കെ.പി. ചന്ദ്രശേഖരന്റെ വീട്ടിലായിരുന്നു. അന്നു തയ്യാറാക്കിയിരുന്ന പരിപാടിയില്‍ സുന്ദരേശ്വരക്ഷേത്ര സന്ദര്‍ശനം ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹത്തോട് ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതാരാണെന്ന കാര്യം ചൂണ്ടികാണിച്ച അവസരത്തിലാണ് സന്തോഷപൂര്‍വം ക്ഷേത്രദര്‍ശനം നടത്തിയത്. പിന്നീട് പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ കൊല്ലം എസ്എന്‍ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ ഒരു കോളേജിന്റെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച നേരത്ത് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശമുള്‍ക്കൊണ്ട പിന്നോക്കവിഭാഗങ്ങള്‍ സ്ഥാപിച്ച ആദ്യ കോളേജാണിതെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം പങ്കെടുത്തു.

കേരളത്തിനോട് അദ്ദേഹത്തിന് ഒരു പ്രതേ്യകമമതയും താല്‍പര്യവുമുണ്ടായിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെപ്പറ്റി പലകുറി പ്രകീര്‍ത്തിച്ചു സംസാരിക്കുമായിരുന്നു. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തനം തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിച്ചുപോരുന്നത്. യാതൊരു സ്ഥാനമാനങ്ങളും ലഭിക്കില്ല എന്ന സാഹചര്യത്തിലും ആദര്‍ശനത്തിനുവേണ്ടി അടരാടുന്ന പ്രവര്‍ത്തകരുടെ മനോഭാവത്തെ അദ്ദേഹം മാതൃകയായി ഉയര്‍ത്തിക്കാണിക്കുമായിരുന്നു.

അതുകൊണ്ടുതന്നെയായിരുന്നു പ്രധാനമന്ത്രിയായിരുന്ന വേളയില്‍ വിശ്രമത്തിനു കേരളത്തിലെ കുമരകം തെരഞ്ഞെടുത്തത്. തദവസരത്തില്‍ ബിജെപി കേരളത്തിന്റെ ആവശ്യങ്ങടങ്ങുന്ന ഒരു നിവേദനം നല്‍കി. അതിനെതുടര്‍ന്നു അവിടെ നടന്ന പൊതുപരിപാടിയില്‍ കേരളമിഷന്‍ എന്നപേരില്‍ പത്തിനപരിപാടി അവതരിപ്പിക്കുകയുണ്ടായി.വല്ലാര്‍പാടം, ശബരി റെയില്‍വേ ലൈന്‍, കൊച്ചി വിമാനത്താവള വികസനം, നാളീകേര വികസനം തുടങ്ങി കേരളത്തിന്റെ പ്രമുഖ വികസന ആവശങ്ങള്‍ അടല്‍ജി അംഗീകരിക്കുകയുണ്ടായി. 

ഏതുകാര്യവും വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും അതിലേറെ അവധാനതയോടെ തീരുമാനമെടുക്കുകയും ചെയ്തിരുന്ന ഭരണാധികാരിയാണ് വാജ്‌പേയി. പിന്തുടരാവുന്ന നിരവധി മാതൃകകള്‍ അവശേഷിപ്പിച്ചാണ് അടല്‍ജി വിടപറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.