വാജ്‌പേയി അടലന്‍ അതുലന്‍

Friday 17 August 2018 1:12 am IST
വാജ്‌പേയി ആദ്യകാലങ്ങളില്‍ ലോക്‌സഭയിലേയും രാജ്യസഭയിലേയും കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. പ്രഭാഷകന്‍, ചര്‍ച്ചകളിലെ സജീവ പങ്കാളി എന്ന നിലയ്ക്ക് യുവാവായിരിക്കെത്തന്നെ പണ്ഡിറ്റ് നെഹ്‌റു അടക്കമുള്ള പ്രഗല്‍ഭര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നിപ്രസംഗംതന്നെ വിദേശകാര്യ ചര്‍ച്ചയില്‍ ആയിരുന്നു. പണ്ഡിറ്റ്ജി അനുവര്‍ത്തിച്ചുവന്ന വിദേശനയത്തിന്റെ പോരായ്മകളെ രൂക്ഷമായി വിമര്‍ശിച്ച ആ പ്രഭാഷണം കഴിഞ്ഞ ഉടന്‍ പ്രധാനമന്ത്രി നേരിട്ട് വാജ്‌പേയിയെ അഭിനന്ദിച്ചു. അദ്ദേഹം പ്രൈംമിനിസ്റ്റീരിയല്‍ സ്റ്റഫ് ആണെന്ന് അന്നുതന്നെ പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഭാരത ദേശീയനേതാക്കളില്‍ ഒരു സവിശേഷ സ്ഥാനമാണ് അടല്‍ബിഹാരി വാജ്‌പേയിക്കുണ്ടായിരുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെയോ സങ്കുചിതമായ ഏതെങ്കിലും കാഴ്ചപ്പാടിലൂടെയോ അല്ല അദ്ദേഹം കാര്യങ്ങളെ വീക്ഷിച്ചത്. അതിനപ്പുറം ദീര്‍ഘദൃഷ്ടിയോടെ വിലയിരുത്തിയാണ് അദ്ദേഹം ഏതു കാര്യത്തിലും തീരുമാനമെടുത്തത്. 1957 ലെ ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ അതിലെ ആശങ്ക ഭാരതീയ ജനസംഘം കാണാതിരുന്നില്ല. ഭരണം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ അവരുടെ നയവൈകല്യങ്ങള്‍ക്കെതിരായ ജനരോഷം വിവിധ സാമുദായിക രാഷ്ട്രീയകക്ഷികളുടെ സമരമായിത്തീര്‍ന്നു. ജനാധിപത്യമാര്‍ഗങ്ങളിലൂടെ നേടിയ അധികാരത്തെ ജനായത്തവിരുദ്ധ തന്ത്രങ്ങള്‍ പ്രയോഗിച്ച് കമ്യൂണിസ്റ്റ് താവളമാക്കാന്‍ നീക്കം നടത്തിയതിനെ ജനസംഘം വിമര്‍ശിച്ചു. ''കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍വാധിപത്യ വിപത്തിനെ നേരിടാന്‍ എല്ലാ ദേശീയ ജനാധിപത്യ ശക്തികളം ഒരുമിച്ചു ചിന്തിച്ചു പ്രവര്‍ത്തിക്കണമെന്ന് ജനസംഘം കേന്ദ്രസമിതി ആഹ്വാനം ചെയ്യുകയും, സ്ഥിതിഗതികള്‍ നേരിട്ടുകണ്ട് വിലയിരുത്താന്‍ അടല്‍ബിഹാരി വാജ്‌പേയിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വാജ്‌പേയിയുടെ ആദ്യ കേരള സന്ദര്‍ശനം അതായിരുന്നു. 1959 ജൂലൈയിലായിരുന്നു സമ്മേളനം. തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോട്ടും അദ്ദേഹം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു.

വാജ്‌പേയി ആദ്യകാലങ്ങളില്‍ ലോക്‌സഭയിലേയും രാജ്യസഭയിലേയും കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. പ്രഭാഷകന്‍, ചര്‍ച്ചകളിലെ സജീവ പങ്കാളി എന്ന നിലയ്ക്ക് യുവാവായിരിക്കെത്തന്നെ പണ്ഡിറ്റ് നെഹ്‌റു അടക്കമുള്ള പ്രഗല്‍ഭര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നിപ്രസംഗംതന്നെ വിദേശകാര്യ ചര്‍ച്ചയില്‍ ആയിരുന്നു. പണ്ഡിറ്റ്ജി അനുവര്‍ത്തിച്ചുവന്ന വിദേശനയത്തിന്റെ പോരായ്മകളെ രൂക്ഷമായി വിമര്‍ശിച്ച ആ പ്രഭാഷണം കഴിഞ്ഞ ഉടന്‍ പ്രധാനമന്ത്രി നേരിട്ട് വാജ്‌പേയിയെ അഭിനന്ദിച്ചു. അദ്ദേഹം പ്രൈംമിനിസ്റ്റീരിയല്‍ സ്റ്റഫ് ആണെന്ന് അന്നുതന്നെ പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഓരോ സംസ്ഥാനത്തിന്റെയും പ്രശ്‌നങ്ങളുടെ മര്‍മ്മമെന്താണെന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. സങ്കീര്‍ണ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള പോംവഴി മിന്നലാട്ടംപോലെയായിരുന്നത്രേ മനസ്സില്‍ ഉദിക്കുക. കേരളത്തിന്റെ പ്രശ്‌നങ്ങളെയും അതിന്റെ പരിഹാരത്തെയും പറ്റി പ്രസിദ്ധ വാരിക ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ 1966 ല്‍ ദേശീയ നേതാക്കളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇഎംഎസ് അഭിപ്രായപ്പെട്ടത് കേരളത്തിന് പ്രത്യേകമായ പ്രശ്‌നങ്ങളില്ലെന്നും, രാജ്യത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ കേരളത്തിന്റെതും ശരിയാകുമെന്നുമായിരുന്നു. വാജ്‌പേയിയാകട്ടെ ജോലിത്തട്ടിപ്പില്‍പ്പെട്ട് കഷ്ടപ്പെട്ട് ദല്‍ഹിയില്‍ കുടുങ്ങിയ ആണും പെണ്ണുമടങ്ങിയ 19 കേരളീയരുടെ അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ടാരംഭിച്ചു. വളരെ ചിന്തോദ്ദീപകമായ വിശകലനവും പരിഹാരവും നിര്‍ദ്ദേശിച്ചാണ് ലേഖനം അവസാനിച്ചത്.

''കേരളത്തിലെ സാമ്പത്തിക ദുരിതത്തിനു കാരണം അവിടത്തെ രാഷ്ട്രീയംതന്നെയാണ്. വ്യവസായവല്‍ക്കരണത്തെ വന്‍തോതില്‍ ആസൂത്രണം ചെയ്യാനും, അതിനാവശ്യമായ മൂലധനവും വിദഗ്ധരെയും സംഘടിപ്പിക്കുന്നതിനും, ഏതു വ്യവസായം എവിടെ തുടങ്ങണമെന്നും ഔചിത്യപൂര്‍വം നിര്‍ണയിക്കുന്നതിനും മറ്റുമാവശ്യമായ കഴിവിന്റെയും തന്റേടത്തിന്റെയും പൂര്‍ണമായ അഭാവമാണ് രാഷ്ട്രീയതലത്തിലുള്ളത്.'' ഇന്നും ഈ സ്ഥിതി നിലനില്‍ക്കുന്നു. കേരളത്തിലെ ജനങ്ങള്‍ സാമുദായിക സ്പര്‍ദ്ധ മറന്ന് മലയാളികള്‍ എന്ന നിലയ്ക്ക് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലേ കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുടങ്ങൂ. കേരളോല്‍പ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍നിന്ന് വീണ്ടെടുത്തുവെന്നാണ്. സ്വന്തം പരിശ്രമമാകുന്ന മഴുകൊണ്ട് കേരളത്തെ സാമുദായികതയും, വിഭാഗീയതയുമാകുന്ന സമുദ്രത്തില്‍നിന്നുദ്ധരിക്കാന്‍ ഒരു നവീന പരശുരാമന്‍ ഇന്ന് ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിക്ക് ഇപ്രകാരം പരശുരാമനാകാന്‍ കഴിയില്ല. അതൊരു പ്രസ്ഥാനമായിരിക്കണം. അവരുടെ പൂര്‍വകാല മഹിമ (ക്രിസ്തുവിനു മുമ്പ് കേരളത്തിനും ബാബിലോണിയയുമായി വ്യാപാര ബന്ധമുണ്ടായിരുന്നു) ഓര്‍മ്മിപ്പിക്കുകയും ഉണര്‍ന്നെണീറ്റ് ദേശീയതയെയും ജനാധിപത്യത്തെയും മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രസ്ഥാനം ഉടലെടുക്കുംവരെ കേരളം പ്രശ്‌നസംസ്ഥാനമായി തുടരുമെന്നാണെന്റെ അഭിപ്രായം.''

കക്ഷിരാഷ്ട്രീയവീക്ഷണമായിരുന്നില്ല ഈ നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ളതെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയായിരിക്കെ കാല്‍മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച വിശ്രമത്തിന് കുമരകത്തു താമസിച്ച വേളയില്‍ കേരളത്തിലെ കേരകൃഷിയുടെ പുനരുദ്ധാരണത്തിനായി അദ്ദേഹം വിദഗ്ധരുടെ സഹായത്തോടെ വിശാലമായ ഒരു പരിപാടി തയ്യാറാക്കുകയും 'കുമരകം ഡിക്ലറേഷന്‍' എന്ന പേരില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതു നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക വാഗ്ദാനവും നല്‍കി. 'സ്‌റ്റേറ്റ്‌സ്മാന്‍ ലൈക്' എന്നു പറയാവുന്ന ആ നിര്‍ദ്ദേശവും സന്നദ്ധതയും നടപ്പിലാക്കാന്‍ കക്ഷിരാഷ്ട്രീയാന്ധ്യം ബാധിച്ച കേരളത്തിലെ ഇരുമുന്നണികളും തയ്യാറായില്ല.

വാജ്‌പേയിയുടെ നര്‍മബോധവും അതില്‍നിന്നു വരുന്ന വാക്പ്രയോഗങ്ങളും ഉന്നത ബൗദ്ധിക നിലവാരം പുലര്‍ത്തിയവയായിരുന്നു. അതുല്യനായ കലാപ്രേമിയായിരുന്നു അദ്ദേഹം. ആ പ്രഭാഷണങ്ങളുടെ കലാകൗശലം ശ്രോതാക്കളെ ചിരിച്ചും കരയിച്ചും ആനന്ദനൃത്തം ചവിട്ടിച്ചും പന്താടാന്‍പോന്നതായിരുന്നു. പ്രഭാഷണകലയില്‍ പ്രയോഗിക്കുന്ന വാക്കുകളുടെ ധോരണിയെപ്പോലെ, അവയിലെ ഇടവേളകള്‍ പോലും നീണ്ടതും, അര്‍ഥഗര്‍ഭവുമായി അനുഭവപ്പെടുമായിരുന്നു. പ്രതിഭാസമ്പന്നമായ കവിഹൃദയത്തിനുടമയായിരുന്ന വാജ്‌പേയിയുടെ പ്രഭാഷണം പലപ്പോഴും കവിതയിലേക്കിറങ്ങാറുണ്ടായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ഉദ്ഘാടന മഹാസമ്മേളനത്തിലെ അധ്യക്ഷ പ്രഭാഷണം അവസാനിപ്പിച്ചത്, രാജ്യം വന്നുപെട്ടിരിക്കുന്ന അന്ധകാരത്തില്‍ സൂര്യനുദിക്കും അന്ധകാരം നീങ്ങും. കമലം വിടരും, (സൂരജ് നികലേഗാ കമല്‍ ഖിലേഗാ).

ഈ വാഗ്‌വിലാസം പാര്‍ലമെന്റില്‍ അംഗങ്ങളെ ആവേശം കൊള്ളിക്കുമായിരുന്നു. വാജ്‌പേയിയെ സഭാധ്യക്ഷന്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുമ്പോള്‍ ഒഴിഞ്ഞ സഭാതലം നിറയുമായിരുന്നത്രേ. ജഗജീവന്റാം റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അടുത്തടുത്ത് തീവണ്ടി അപകടങ്ങളുണ്ടായി. റെയില്‍വേ ബജറ്റിനെപ്പറ്റിയള്ള ചര്‍ച്ചയില്‍ വാജ്‌പേയി ''നാമിപ്പോള്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുമ്പോള്‍ ജഗത്തിനോടും ജീവനോടും യാത്രപറഞ്ഞ് റാം റാം ജപിക്കേണ്ടിവരുന്നു'' എന്ന് പറഞ്ഞപ്പോള്‍ അംഗങ്ങള്‍ ചിരിക്കാനും കരയാനും വയ്യാത്ത സ്ഥിതിയിലായി.

1930-ല്‍ പാട്‌നയില്‍ ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിലെ അധ്യക്ഷപ്രസംഗം നേരത്തെ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് നല്‍കി. അത് പരിശോധിക്കുന്നതിനിടെ ഒരച്ചടിത്തെറ്റ് ചൂണ്ടിക്കാട്ടി 'യഹ് മുദ്രാരാക്ഷസ് ഹൈ' എന്നു പറഞ്ഞാണദ്ദേഹം തിരുത്തിയത്. മുദ്രാരാക്ഷസ് പ്രിന്‍ടേഴ്‌സ് ഡെവിള്‍ എന്നതിന്റെ നേര്‍വിവര്‍ത്തനമാണല്ലോ. സമ്മേളനം പാറ്റ്‌നയിലാണ്. മഗധാ തലസ്ഥാനമായ പാടലീപുത്രം. 2300 ലേറെ വര്‍ഷങ്ങള്‍ക്കപ്പുറം അവിടെ ചാണക്യന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ വിപ്ലവം പശ്ചാത്തലമാക്കിയുള്ള പ്രസിദ്ധ സംസ്‌കൃത നാടകമാണ് വിശാഖദത്തന്റെ മുദ്രാരാക്ഷസം. ഒരു അച്ചടിത്തെറ്റിനെ തിരുത്തിയതിലൂടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ ജ്ഞാനവും മനസ്സും എത്ര അഗാധവും ജ്ഞാനസമ്പന്നവുമാണെന്നു കാട്ടിത്തന്നു. മധുരോദാരവും ധന്യധന്യവുമായ ആ വ്യക്തിത്വം സമീപിച്ചവരെയൊക്കെ ആകര്‍ഷിച്ചു കീഴടക്കിയെന്നു പറയാം.

1998 ലെ പൊഖ്‌റാന്‍ ആണവപരീക്ഷണത്തെത്തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യശക്തികള്‍ ഉപരോധം ഏര്‍പ്പെടുത്തി തങ്ങളുടെ ഉപഗ്രഹചക്ഷുസ്സുകള്‍ ഭാരത ഉപരിതലത്തിലെ ഓരോ അംശവും നിരീക്ഷിച്ചുകൊണ്ടിരുന്നിട്ടും, അവയെ വെട്ടിച്ച്, ആണവപരീക്ഷണത്തറ ഒരുക്കിയതും, പരീക്ഷണ വിവരം അടല്‍ജിതന്നെ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചതും അവരെ വല്ലാതെ അരിശംകൊള്ളിച്ചിരുന്നു. ആ ഉപരോധത്തെ അദ്ദേഹം നേരിട്ടത് വിദേശ ഭാരതീയരോട് രാജ്യത്തിനായി തങ്ങളുടെ സമ്പാദ്യത്തില്‍നിന്ന് ഒരു ഭാഗം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരാഴ്ചക്കകം 1600 കോടി ഡോളറാണ് എത്തിയത്. അതാണ് വാജ്‌പേയി എന്ന മനുഷ്യനില്‍ ഭാരതജനത അര്‍പ്പിച്ച വിശ്വാസത്തിന്റെ ദാര്‍ഢ്യം.

അടുത്ത യുഎന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രസിഡന്റ് ബുഷുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പലരും അതിനു പരോക്ഷശ്രമം നടത്തി. വാജ്‌പേയി അതിനും വഴങ്ങിയില്ല. അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിക്കാന്‍ രാഷ്ട്രത്തലവന്മാര്‍ ലോബി ചെയ്യുക പതിവാണല്ലോ. ഉപരോധത്തെയും സാമ്പത്തിക പ്രതിസന്ധിയെയും മറികടന്ന് ഭാരതം മുന്നേറി. നാള്‍ ചെന്നപ്പോള്‍ ഉപരോധം കൊഴിഞ്ഞുവീണു.

അതായിരുന്നു വാജ്‌പേയി.

അടലനും, അതുലനും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.