'അപാരം അത്ഭുതം അടല്‍ജി'

Friday 17 August 2018 1:18 am IST
''താങ്കളുടെ വാഗ്‌ധോരണിയില്‍ ഞാന്‍ പൂര്‍ണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങള്‍പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.'' ഒരിക്കല്‍ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.

വാഷിംഗ്ടണില്‍ നെഹ്‌റു ഒരു വിരുന്നില്‍ വാജ്‌പേയിയെ പരിചയപ്പെടുത്തിയത് ഭാരത പ്രധാനമന്ത്രിയാകാന്‍ കഴിയുന്ന ഒരു പാര്‍ലമെന്റേറിയന്‍ എന്നാണ്. ജനസംഘത്തിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ പണ്ഡിറ്റ് നെഹ്‌റുവായിരുന്നു. എങ്കിലും വാജ്‌പേയിയോട് സ്‌നേഹപൂര്‍വ്വമായ സമീപനമായിരുന്നു നെഹ്‌റുവിന്. നെഹ്‌റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മ്മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്ക്കാനാണ് വാജ്‌പേയിയും ശ്രദ്ധിച്ചിരുന്നത്.

1957-ല്‍ മുപ്പതാം വയസ്സിലാണ് പാര്‍ലമെന്റിലെത്തുന്നത്. കന്നി പ്രസംഗംതന്നെ വിദേശനയത്തെ കുറിച്ച.് ആകാശത്തിന് കീഴെയുളള സകല പ്രശ്‌നങ്ങളിലും കൈയിടുക എന്ന നെഹ്‌റുവിന്റെ ശൈലിയെ കുറിച്ചായിരുന്നു പ്രസംഗം. 

''ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്‌റു. മറുപടി പ്രസംഗത്തിലാകട്ടെ പ്രശംസകൊണ്ട് അടലിനെ നെഹ്‌റു മൂടുകയായിരുന്നു. ജനസംഘത്തെ ദുര്‍വ്യാഖ്യാനിക്കുന്നതിനെ കുറിച്ച് 'താങ്കള്‍ എല്ലാ ദിവസവും ശീര്‍ഷാസനം നടത്തുന്ന ആളാണെന്നറിയാം, ശീര്‍ഷാസനത്തില്‍ ജനസംഘത്തെ കാണരുതെന്ന്' നെഹ്‌റുവിനെ ഉപദേശിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

''താങ്കളുടെ വാഗ്‌ധോരണിയില്‍ ഞാന്‍ പൂര്‍ണമായും മുഴുകിപ്പോയി. എനിക്കസൂയ തോന്നുന്നു. നിങ്ങള്‍പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം.'' ഒരിക്കല്‍ ഇന്ദിരാഗാന്ധി പറഞ്ഞതാണിത്.

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ജനീവാ സമ്മേളനം ഭാരതത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. പാക്കിസ്ഥാന്‍ ഉടക്ക് മൂഡില്‍. കാശ്മീര്‍ പ്രശ്‌നം അവര്‍ ഉന്നയിക്കും മേല്‍ക്കൈ നേടാന്‍ ശ്രമിക്കും. ഭാരതത്തെ ആരുനയിക്കും. അന്വേഷണം ചെന്നു നിന്നത് അടല്‍ജിയിലേക്ക്. രണ്ടാമതൊന്നാലോചിച്ചില്ല. അടല്‍ജിയുടെ ദൗത്യം പൂര്‍ണവിജയം. വിദേശകാര്യമന്ത്രി എന്ന നിലയില്‍ സംഘത്തില്‍പ്പെട്ട സല്‍മാന്‍ ഖുര്‍ഷിദ് വിശദീകരിച്ചത് 'അപാരം അത്ഭുതം അടല്‍ജി' എന്നാണ്.

അടിയന്തരാവസ്ഥയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ജയിലില്‍ക്കിടന്ന അടല്‍ജി പുറത്തുവന്നത് രോഗിയായിട്ടായിരുന്നു. പിന്നീട് വൈകാതെ അധികാരത്തിലെത്തിയെങ്കിലും സ്വന്തം ശരീരം നോക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചില്ല. അതിനേക്കാള്‍ വലുതാണ് രാഷ്ട്രശരീരമെന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഭാവവും രീതിയും. 

1984-ല്‍ ഗ്വാളിയോറിലെ തോല്‍വി കൂടിയായപ്പോള്‍ ശരീരം മാത്രമല്ല മനസ്സും ക്ഷീണിച്ചോ എന്ന സംശയം. പരിശോധനയ്ക്ക് പാര്‍ട്ടിക്കാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചു. കിഡ്‌നിക്ക് തകരാറുണ്ട് അമേരിക്കയില്‍ പോകണം വിദഗ്ധ ചികില്‍സയ്ക്ക്. ഈ ഉപദേശം തള്ളാനും സ്വീകരിക്കാനും നിര്‍വ്വാഹമില്ല. പണച്ചെലവുതന്നെ പ്രശ്‌നം. കുറേനാള്‍ ആരോടും പറയാതെ കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി രോഗവിവരമറിഞ്ഞപ്പോള്‍ ഒന്നുറപ്പാക്കി, അടല്‍ജിക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണം. ഐക്യരാഷ്ട്രസഭയിലെ ഭാരത പ്രതിനിധി സംഘത്തില്‍ അടല്‍ജിയെ ഉള്‍പ്പെടുത്തി. സമ്മേളനം തീര്‍ന്ന് ചികത്സയും പൂര്‍ത്തിയാക്കിയേ അടല്‍ജിയെ തിരിച്ചുകൊണ്ടുവരാവൂ എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്‌പേയി. 'വിസ്മയം' എന്നേ ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാകൂ.

അമ്പതു വര്‍ഷം പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടല്‍ബിഹാരി വാജ്‌പേയിയാണ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിക്കാന്‍ ഭാഗ്യമുണ്ടായ കോണ്‍ഗ്രസ്സിതര നേതാവും വാജ്‌പേയി മാത്രമാണ്. 

വാജ്‌പേയി ലോകജനതയുടെ ആദരവ് പിടിച്ചുപറ്റിയ നേതാവാണ്. മുമ്പ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ മാധ്യമങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചിരുന്നു. നെഹ്രുവിനുപോലും സാധിക്കാത്തത് വാജ്‌പേയി നേടിയെടുത്തു.

കാര്‍ഗിലില്‍ പാകിസ്ഥാന്‍ ആക്രമണമഴിച്ചുവിട്ടപ്പോള്‍ അതിനെ ചെറുക്കാനുള്ള വാജ്‌പേയി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് സമസ്ത ലോക രാഷ്ട്രങ്ങളും ധാര്‍മിക പിന്തുണ നല്‍കി. മുസ്ലിം രാഷ്ട്രങ്ങള്‍പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തയാറായില്ല. ഇത് അടല്‍ ബിഹാരി വാജ്‌പേയിയുടെ ലോക സമ്മതിക്ക് തെളിവായി അംഗീകരിക്കാന്‍ സകലര്‍ക്കും സാധിച്ചു.

തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ല എന്നു പറഞ്ഞു സത്യമാണ്. അടല്‍ജിയുടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായിട്ടുള്ള ചരിത്രപ്രധാനമായ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്. 24 ദിവസം ജയിലില്‍ കിടന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയച്ചു. പിന്നീട് രാഷ്ട്രീയസ്വയംസേവസംഘത്തിലൂടെ രാഷ്ട്ര സേവനത്തിന്റെ ഭാവാത്മകമാര്‍ഗത്തിലേക്ക് തിരിഞ്ഞു. വിഭജനത്തിന്റെയും അധികാരക്കൈമാറ്റത്തിന്റെയും നാളുകളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഒരു പത്രപ്രവര്‍ത്തകനായി തൂലിക ചലിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും പകര്‍ന്നുകൊടുക്കാന്‍ വാജ്‌പേയിക്ക് സാധിച്ചു.

ഒരു ജനപ്രിയ നേതാവെന്ന നിലയില്‍, അനുഗൃഹീതമായ പ്രഭാഷണകലയുടെ പ്രതീകമെന്ന നിലയില്‍, അന്‍പതുകളില്‍ തന്നെ മാധ്യമങ്ങളില്‍ വാജ്‌പേയി നിറഞ്ഞുനിന്നു. എന്നാല്‍ പലര്‍ക്കുമറിഞ്ഞുകൂടാത്ത കാര്യം, അക്കാലത്ത് അധികമറിയപ്പെടാതിരുന്ന മറ്റൊരു നേതാവിനോടുള്ള വാജ്‌പേയിയുടെ ബഹുമാനവും വിധേയത്വവും സ്‌നേഹവുമാണ്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ എന്ന അറിയപ്പെടാത്ത നേതാവില്‍ നിന്നായിരുന്നു വാജ്‌പേയി നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നത്. 

അടിയന്തരാവസ്ഥയില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഉടന്‍ 1977ല്‍ ജനതാഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി. അസൂയാവഹമായവിധം തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാനും വാജ്‌പേയിക്ക് കഴിഞ്ഞു. ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റിയ ആ ഭരണത്തിന് തിരശീല വീഴ്ത്തിയത് രാഷ്ട്രീയ ഗുഢാലോചനകളും ചതിയും വഞ്ചനയുമെന്നത് ചരിത്രം.

1980ല്‍ ജനതാപാര്‍ട്ടി തകര്‍ന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്‌പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഭരണാധികാരിയെന്ന നിലയിലും അടല്‍ജി എത്ര വേഗമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും അവ എത്രമാത്രം കൃത്യതയുള്ളവയായിരുന്നുവെന്നതിനും ഒരുദാഹരണം. ദക്ഷിണേന്ത്യയില്‍ ദശാബ്ദങ്ങളായി കീറാമുട്ടിയാണ് നദീജലതര്‍ക്കം. കാവേരി, മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ പ്രധാനമന്ത്രി വാജ്‌പേയി മുന്‍കൈ എടുത്ത് തമിഴ്‌നാട്, കര്‍ണാടക, കേരളസര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചു കൂട്ടി ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. അന്നത്തെ ചര്‍ച്ചയോടെ ആ തര്‍ക്കം അവസാനിച്ചു.

അപൂര്‍വതയില്‍ അപൂര്‍വതയുള്ള വ്യക്തിത്വമായിരുന്നു അടല്‍ജി.  ജനങ്ങളറിഞ്ഞ, ജനങ്ങളെ അറിഞ്ഞ യഥാര്‍ത്ഥ ജനനായകന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.