മരണവുമായി പൊരുതി!

Friday 17 August 2018 1:20 am IST

പൊരുതി, മരണവുമായി പൊരുതി!

പൊരുതണമെന്ന വിചാരമേ എനിക്കുണ്ടായിരുന്നില്ല,

വഴിത്തിരിവില്‍ വച്ച് കാണാമെന്ന് വാക്കും തന്നിരുന്നില്ല,

പെട്ടെന്ന് വഴി തടഞ്ഞുകൊണ്ട് മരണം മുന്നില്‍ വന്നു നിന്നു,

ജീവിതത്തെക്കാളും വലിയ ആളാണെന്ന ഭാവത്തോടെ!

 

മരണത്തിന് എത്ര വയസ്സ്? രണ്ടു നിമിഷംപോലുമില്ല,

ജീവിതപരമ്പരയാവട്ടേ ഇന്നും ഇന്നലേയും തുടങ്ങിയതുമല്ല,

ഞാന്‍ മനം കുളുര്‍ക്കെ ജിവിച്ചു,

എന്തുകൊണ്ട് തൃപ്തിയോടെ മരിച്ചുകൂടാ?

ഞാന്‍ തിരിച്ചുവരും, പിന്നെ, യാത്രയ്ക്ക്

ഭയപ്പെടുന്നതെന്തിന്ന്?

 

നീ പതുങ്ങിപ്പതുങ്ങി, ഒളിച്ചും ഒതുങ്ങിയും എന്തിനു വരുന്നു?

മുന്നില്‍വന്ന് ആക്രമിക്കൂ, എന്നിട്ട് പരീക്ഷിക്കൂ!

മരണത്തെപ്പറ്റി വിവരമൊന്നുമില്ലാതെയാണ് 

ജീവിതത്തിന്റെ യാത്ര;

കണ്‍മഷി നിറമുള്ള സായാഹ്നം,

ഓടക്കുഴല്‍ നാദമുള്ള രാത്രി!

 

ഞാന്‍ പുതിയ പാട്ട് പാടുന്നു

അടര്‍ന്നുവീഴുന്ന നക്ഷത്രങ്ങളില്‍നിന്ന്

വസന്തസ്വരം പിറന്നു,

ശിലയുടെ നെഞ്ചില്‍നിന്ന് നവാങ്കുരം ഉയര്‍ന്നു.

പഴുത്ത ഇലകളെല്ലാം കൊഴിഞ്ഞു,

രാവില്‍ കോകില നാദം കിളിര്‍ന്നു,

പൂര്‍വ ദിശയില്‍ അരുണരേഖ കാണുന്നു,

ഞാന്‍ പുതിയ പാട്ടുപാടുന്നു!

 

തകര്‍ന്ന സ്വപ്‌നങ്ങളുടെ തേങ്ങല്‍ ആരു കേള്‍ക്കാന്‍?

ഹൃദയത്തെ പിളര്‍ന്ന് വ്യഥ കണ്‍പോളകളില്‍ തങ്ങി.

ഞാന്‍ പരാജയം സമ്മതിക്കുന്നില്ല,

പുതിയ കലഹത്തിന് ഒരുങ്ങുന്നു.

കാലത്തിന്റെ തലയോട്ടില്‍,

എഴുതുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു,

ഞാന്‍ പുതിയ പാട്ടുപാടുന്നു!

 

തല കുനിക്കാന്‍ പറ്റില്ല!

നാം തകര്‍ന്നു പോയാല്‍ പോകട്ടേ,

നമുക്ക് തല കുനിക്കാന്‍ പറ്റില്ല!

അധികാരശക്തിയോട് സത്യത്തിന്റെ സംഘര്‍ഷം,

നിരങ്കുശതയോട് ന്യായത്തിന്റെ സമരം!

അന്ധകാരം വെല്ലുവിളിക്കുകയാണ്,

അന്തിമ കിരണവും അസ്തമിക്കുകയാണ്!

 

ഇടിവെട്ടട്ടെ, ഭൂകമ്പമുണ്ടാവട്ടെ,

നിശ്ചയദാര്‍ഢ്യത്തിന്റെ ദീപവുമേന്തി നാം മുന്നോട്ട്!

സമന്‍മാരുടേതല്ല ഈ യുദ്ധം,

നാം നിരസ്ത്രര്‍, ശത്രു അസ്ത്രങ്ങളാല്‍ സജ്ജം!

മൃഗീയബലം ഇന്ന് നിര്‍ല്ലജ്ജം!

 

എന്തായാലും ശരി,

പൊരുതുമെന്നു നമ്മുടെ ശപഥം,

വീണ്ടും അംഗദന്റെ കാല്‍വെപ്പ്!

പ്രാണന്‍ കൊടുത്തും നമ്മുടെ പ്രതികാരം,

കീഴടങ്ങണമെന്ന ആവശ്യം അസ്വീകാര്യം!

 

ജീവിതത്തിന്റെ സായാഹ്നമായി

ജീവിതത്തിന്റെ സായാഹ്നമായി,

ആയുസ്സു കുറഞ്ഞു,

നടപ്പാത മുറിഞ്ഞു,

ജീവിതത്തിന്റെ സായാഹ്നമായി!

 

മാറിപ്പോയീ അര്‍ത്ഥം,

പദങ്ങളെല്ലാം വ്യര്‍ത്ഥം,

ശാന്തിവിഹീനമായ സന്തോഷം വന്ധ്യം.

 

സ്വപ്‌നങ്ങളുടെ മിത്രം

സംഗീതം വിതറി.

കാലുകള്‍ വിറച്ചു,

കൈമണി ത്രസിച്ചു,

ജീവിതത്തിന്റെ സായാഹ്നമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.