കശ്മീരും അയോധ്യയും

Friday 17 August 2018 1:21 am IST
പൈതൃകമായി കിട്ടിയ പ്രശ്‌നമെന്ന് പറയാവുന്ന പലതും രാജ്യം ഇന്ന് നേരിടുകയാണ്. അവയില്‍ രണ്ടെണ്ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഞാന്‍ പങ്കുവെയ്ക്കാം. ഒന്ന് ജമ്മു കശ്മീര്‍ സംബന്ധിച്ച് പാക്കിസ്ഥാനുമായി ദീര്‍ഘകാലമായുള്ള പ്രശ്‌നം. അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കമാണ് രണ്ടാമത്തേത്.

പുതുവര്‍ഷാരംഭം പിന്നോട്ടും മുന്നോട്ടും നോക്കാനുള്ള അവസരമാണ്. അതി പ്രാചീനതയിലും യൗവനം സൂക്ഷിക്കുന്ന ഇന്ത്യയെപ്പോലെ ഒരു പുരാതന രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷം കുറഞ്ഞകാലമാണ്. ഇവിടെ ഓരോ പുതുതലമുറയ്ക്കും അവരവരുടെ ജീവിതകാലത്തുതന്നെ, സ്വന്തം സംഭാവനകളുടെ കണക്കുകള്‍, അവ ഇന്ത്യയുടെ പുരോഗതിക്ക് എങ്ങനെ ഗുണകരമായി എന്ന് വിലയിരുത്തപ്പെടും. രണ്ടുരീതിയിലാണത്. ഒന്ന്: ഇന്ത്യ പരമ്പരാഗതവഴിയില്‍ നേരിടേണ്ടിവന്നിട്ടുള്ള എത്ര പൈതൃക തര്‍ക്കങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. രണ്ട്: രാജ്യത്തിന്റെ ഭാവിപുരോഗതിക്ക്  എത്രമാത്രം ശക്തമായ അടിത്തറ പാകാന്‍ കഴിഞ്ഞിട്ടുണ്ട്? 

ഇവിടെ കേരളത്തില്‍, വേമ്പനാട്ടുകായല്‍ത്തീരത്ത് കുമരകത്തിന്റെ ഭംഗിയാസ്വദിക്കുമ്പോള്‍, മനസില്‍ ഈ രണ്ട് ചോദ്യങ്ങളാണ്. വര്‍ഷാന്ത ഒഴുവുദിനങ്ങള്‍ ചെലവിടാനാണ് ഇവിടെത്തിയത്. പ്രകൃതിയുടെ നിശ്ശബ്ദസൗന്ദര്യം, ചിന്തയ്ക്ക് പശ്ചാത്തലമൊരുക്കുന്നു. 

പൈതൃകമായി കിട്ടിയ പ്രശ്‌നമെന്ന് പറയാവുന്ന പലതും രാജ്യം ഇന്ന് നേരിടുകയാണ്. അവയില്‍ രണ്ടെണ്ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഞാന്‍ പങ്കുവെയ്ക്കാം. ഒന്ന് ജമ്മു കശ്മീര്‍ സംബന്ധിച്ച് പാക്കിസ്ഥാനുമായി ദീര്‍ഘകാലമായുള്ള പ്രശ്‌നം. അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കമാണ് രണ്ടാമത്തേത്. 

കശ്മീരികളുടെ സങ്കടവും രോഷവും തൊട്ടറിയുന്നു

1947-ലെ വിഭജനത്തിന്റെ ശേഷിപ്പാണ് കശ്മീര്‍ പ്രശ്‌നം. വിഭജനത്തിനു വഴിവെച്ച ദ്വിരാഷ്ട്ര സിദ്ധാന്തം ഇന്ത്യ ഇന്നും അന്നും അംഗീകരിച്ചിട്ടില്ല. പക്ഷേ പാക്കിസ്ഥാന്‍ സൃഷ്ടിച്ച മാനസികാവസ്ഥ ഇന്നും ആ രാജ്യത്ത് സക്രിയമാണ്. അതുകൊണ്ടാണ് ഇന്ത്യയുമായുള്ള നല്ല അയല്‍ബന്ധവും കശ്മീരിലെ ജനങ്ങളുടെ നന്മയും അവഗണിച്ച് കശ്മീരിലെ കടുംപിടിത്ത നയം പാക്കിസ്ഥാന്‍ തുടരുന്നത്. അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാന്‍ തയാറാണെന്നതിന് ഇസ്ലാമാബാദ് വേണ്ടത്ര തെളിവ് നല്‍കിയേ തീരൂ. എന്നാല്‍, പാക്മണ്ണില്‍ വളര്‍ന്ന് കശ്മീരിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും സാധാരണക്കാരെയും സുരക്ഷാ വിഭാഗത്തെയും കൊലപ്പെടുത്തുന്ന ഭീകരസംഘടനകള്‍ക്ക് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടേണ്ടിവരുമ്പോള്‍ ദുഃഖം തോന്നുന്നു.

ജമ്മുകശ്മീരിലെ അന്തരീക്ഷം സാധാരണനിലയിലാക്കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുണ്യമാസമായ റംസാനില്‍ തീവ്രവാദികള്‍ക്കെതിരേ ഇന്ത്യ പ്രഖ്യാപിച്ച ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ജനുവരി 26 വരെ നീട്ടി. മനോഹരമായ കശ്മീര്‍ താഴ്‌വരയെ രക്തപങ്കിലമാക്കിയ ആക്രമണങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു കേഴുന്ന അമ്മമാരുടെയും വിധവകളുടെയും സഹോദരിമാരുടെയും വേദന എന്റെ ഹൃദയവും പങ്കുവെക്കുന്നു. സ്വന്തം ജന്മഭൂമിയില്‍ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കശ്മീരികളുടെ സങ്കടവും രോഷവും ഞാന്‍ തൊട്ടറിയുന്നു.

'മിതവാദി'യില്‍നിന്ന് 'തീവ്രവാദി'

പരിഹരിക്കപ്പെടാതെ അനന്തമായി നീട്ടിവെക്കാന്‍ പാടില്ലാത്ത മറ്റൊരു പ്രശ്‌നമാണ് അയോധ്യ. എത്രയും പെട്ടെന്ന് ഈ പ്രശ്‌നത്തിന് സമാധാനപരവും സൗഹൃദപരവുമായ പരിഹാരം നമ്മുടെ സമൂഹത്തിന്റെ പൊതു ബോധത്തിന്റെ വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തില്‍ ഞാന്‍ ബോധപൂര്‍വ്വം അഭിപ്രായ പ്രകടനം ഒഴിവാക്കുകയായിരുന്നു. പക്ഷേ, ഇപ്പോള്‍ ദുഃഖത്തോടെ പറയട്ടെ, മൂന്നു ദിവസം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം എന്നെ സംസാരിക്കാന്‍ നിര്‍ബന്ധിതനാക്കിയപ്പോള്‍, എന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രം വളച്ചൊടിക്കപ്പെടുകയും തിരിച്ചുമറിക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്.

ഒറ്റരാത്രികൊണ്ട് രാഷ്ട്രീയക്കാരും മാധ്യമങ്ങളില്‍ ഒരു വിഭാഗവും എന്നെ 'മിതവാദി'യില്‍നിന്ന് 'തീവ്രവാദി'യാക്കി. എന്റെ ദീര്‍ഘമായ പൊതുജീവിതംതന്നെ തുറന്ന പുസ്തകമാണെന്ന സത്യത്തിനു സൗകര്യപൂര്‍വം മൂടുപടം ചാര്‍ത്തി, 'വാജ്‌പേയിയുടെ പൊയ്മുഖമഴിയുന്നു' എന്നവര്‍ പറഞ്ഞു. ഏറെ കഷ്ടം, നമ്മുടെ ന്യൂനപക്ഷ സഹോദരന്മാരുടെ മനസില്‍ എന്നെക്കുറിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ അവര്‍ ഒരു പ്രചാരണയജ്ഞംതന്നെ നടത്തിയതാണ്.

ആദ്യം ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ഞാന്‍ നല്‍കിയ സമഗ്രമായ മറുപടികള്‍ ഈ വിവാദത്തിന് വിരാമമിടുമെന്ന് ഞാനും എന്റെ നാട്ടുകാരും പ്രത്യാശിച്ചിരുന്നു. കഷ്ടം! അത് അങ്ങനെയല്ല സംഭവിച്ചത്. പാര്‍ലമെന്റിന്റെ സമീപകാല സംഭവങ്ങളുടെ തുടര്‍ച്ചയായി വന്ന നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും പരാമര്‍ശങ്ങളുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചെന്ന്  തുറന്നു സമ്മതിക്കുന്നു. എന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ എന്നോട് വിയോജിക്കുന്നുണ്ടാവാം. പക്ഷേ, അയോധ്യ പ്രശ്‌നത്തിലെ എന്റെ കാഴ്ചപ്പാടുകളില്‍-അവയ്‌ക്കെല്ലാം രേഖയുണ്ട്- ഒരു ചാഞ്ചാട്ടവും അവര്‍ക്കു കാണാനാവില്ല.

അയോധ്യയിലും ദേശീയ വികാരം

ഈ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളു എന്നതാണ് എന്നും എന്റെ വീക്ഷണം. ഒന്ന്, നിയമാനുസൃത മാര്‍ഗ്ഗം. രണ്ടാമത്തേത്, ചര്‍ച്ചകള്‍വഴി ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം. കോടതിയുടെ വിധി അതെന്തായാലും അംഗീകരിക്കാനും നടപ്പാക്കാനും ഭരണഘടനാപരമായി സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഞാന്‍ േനരത്തേതന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, സര്‍ക്കാരിതര, രാഷ്ട്രീയേതര ചട്ടക്കൂടില്‍നിന്നുള്ള ചര്‍ച്ചകള്‍ക്കുള്ള ആവശ്യം അത് നിഷേധിക്കുന്നില്ല. നിയമത്തിന്റെയും ചര്‍ച്ചകളുടെയും വഴി വിഭിന്നമല്ല. മറിച്ച് പരസ്പര പൂരകമാണ്. 

കോടതിവിധി എന്തായിരുന്നാലും അതിന്റെ സുഗമമായ നടപ്പാക്കലിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം കൂടിയേതീരൂ. വിശ്വാസത്തിന്റെയും സൗമനസ്യത്തിന്റെയും വിട്ടുവീഴ്ചാ മനസ്ഥിതിയുടെയും അന്തരീക്ഷത്തില്‍ രണ്ടു സമുദായങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചാല്‍ മേല്‍പ്പറഞ്ഞ സാമൂഹികാന്തരീക്ഷം യാഥാര്‍ത്ഥ്യമാകും. 

ഇന്ത്യന്‍സംസ്‌കാരികതയില്‍ ശ്രീരാമനുള്ള അത്യുന്നത സ്ഥാനത്തെപ്പറ്റി സംശയിക്കുന്നവര്‍ അധികമില്ല. നമ്മുടെ ദേശീയധാര്‍മ്മികതയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രതീകമാണ് രാമന്‍. ദൈവാവതാരമായി പലരും അദ്ദേഹത്തെ കരുതുന്നു. മറ്റുചിലര്‍ മര്യാദാ പുരുഷോത്തമനായി കണക്കാക്കുന്നു. ഹിന്ദുക്കള്‍ അല്ലാത്തവരും അദ്ദേഹത്തെ മാതൃകാ രാജാവായും മഹത്തായ മാനുഷിക ഗുണങ്ങളുടെ മൂര്‍ത്തിയായും കണക്കാക്കുന്നു.

അതുകൊണ്ടുതന്നെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പ്രസ്ഥാനത്തിന് ഒന്നിലേറെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് പിന്തുണ ലഭിച്ചതില്‍ അതിശയിക്കാനില്ലല്ലോ. അങ്ങനെയല്ലായിരുന്നെങ്കില്‍, രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായകമാകും വിധം കൈക്കൊണ്ട നടപടികള്‍ സ്വീകരിക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തയാറാകുമായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ 1989-ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയുടെ പരിസരത്ത് ഉദ്ഘാടനം ചെയ്യുകപോലും ചെയ്തു. രാമരാജ്യം വാഗ്ദാനം ചെയ്തായിരുന്നു അത്. മഹാത്മാഗാന്ധിയുടെയും സ്വപ്‌നമായിരുന്നു രാമരാജ്യം. 

ദേശീയവികാരമെന്ന നിലയില്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചതുപോലെ, അയോധ്യയിലും ദേശീയ വികാരമെന്ന നിലയില്‍ രാമക്ഷേത്രം പണിയുന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.