മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍- 2 ദിവസത്തിനുള്ളില്‍ 27 മരണം

Friday 17 August 2018 1:22 am IST

കോഴിക്കോട്: കനത്ത മഴയില്‍ മലബാറില്‍ കണ്ണീര്‍ പ്രളയം. രണ്ട് ദിവസങ്ങളിലായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി  ജീവന്‍ നഷ്ടപ്പെട്ടത് നാല് കുട്ടികളടക്കം 27 പേര്‍ക്ക്. മലപ്പുറത്ത് മാത്രം 20 പേര്‍ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി, മലപ്പുറം ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളിലും കണ്ണൂരില്‍ അമ്പായത്തോട് ഉള്‍പ്പെടെ നാലിടങ്ങളിലും ഉരുള്‍പൊട്ടി.

മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ 15ന് രാവിലെ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞ് 12 പേര്‍ മരിച്ചു. കൊണ്ടോട്ടി പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധുക്കളായ ഒന്‍പതുപേരാണ് മരിച്ചത്. പരേതനായ ചെമ്പ്രചോല അബ്ദുറഹിമാന്റെ മകന്‍ മൂസ(45), പാണ്ടികശാല കുട്ടിരായിന്‍ മകന്‍ ബഷീര്‍(47), ഭാര്യ സാബിറ(40), മകന്‍ മുഷ്ഫിഖ്(14), മകള്‍ ഫായിഷ(19), ബഷീറിന്റെ സഹോദരന്‍ പി.കെ.അസീസിന്റെ ഭാര്യ ഖൈറുന്നീസ(36), മുഹമ്മദലി(48), മകന്‍ സഫ്വാന്‍(26), സി.പി.ജംഷിക്കന്റെ മകന്‍ ഇര്‍ഫാന്‍ അലി(17) എന്നിവരാണ് മരിച്ചത്. പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളിലായി രണ്ടുപേരും മരിച്ചു. 

ഇന്നലെ മലപ്പുറം ഏറനാട് ഊര്‍ങ്ങാട്ടിരിയിലെ ഉരുള്‍പൊട്ടലില്‍ മൂന്നുപേരടക്കം ആറുപേര്‍കൂടി മരിച്ചു. നാലുപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു. വീടിനുള്ളില്‍ കുടുങ്ങിയ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. 15ന് പുലര്‍ച്ചെ കൊണ്ടോട്ടി ഐക്കരപ്പടിയില്‍ കൈതക്കുണ്ടയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു മൂന്നുപേര്‍ മരിച്ചു. കണ്ണനാരി വീട്ടില്‍ സുനീറയും  ഭര്‍ത്താവ് അസീസും മകന്‍ ആറുവയസുകാരന്‍ ഉബൈദുമാണ് മരിച്ചത്. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

 കോഴിക്കോട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. മാവൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണാണ് രണ്ടു കുട്ടികള്‍ മരിച്ചത്. മലപ്പുറം വാഴക്കാട് കാരയില്‍ ഷുക്കൂറിന്റെ മകള്‍ അഞ്ചര വയസ്സുള്ള ഫാത്തിമ ഇഷാമ, കാടുവള്ളി കരുവംപൊയില്‍  മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ എന്നിവരാണ് മരിച്ചത്. കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി പ്രകാശന്‍, പ്രവീണ്‍ എന്നിവര്‍ മരിച്ചു. ശിവപുരത്ത് തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട് കാണാതായ ഈയാട് ചേലത്തൂര്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിന്റെ മൃതദേഹം  ഇന്നലെ രാവിലെ കണ്ടെത്തി. പന്തീരങ്കാവില്‍ വെള്ളക്കെട്ടില്‍ വീണ് മുഹമ്മദ് അസ്ലം മരിച്ചു.

കണ്ണൂരില്‍ പയ്യന്നൂര്‍ രാമന്തളി ഏറന്‍പുഴയില്‍ തോണിമറിഞ്ഞ് മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. പണ്ടാരവളപ്പില്‍ ഭാസ്‌കരന്‍ (52) ആണ് മരിച്ചത്. കൊട്ടിയൂര്‍ അമ്പായത്തോടില്‍ ഒരു മലയാകെ പൊട്ടിഅടര്‍ന്നു വീണു. കൊട്ടിയൂര്‍ പാമ്പറപ്പാന്‍ പാലം തകര്‍ച്ചാ ഭീഷണിയിലാണ്. പന്നിയാം മല വനം, കോളയാട് പെരുവയില്‍, ചെന്നപ്പൊയില്‍ മല എന്നിവിടങ്ങളിലാണ്  ഉരുള്‍പൊട്ടിയത്. ഒറ്റപ്ലാവ്, പന്നിയാം മല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണവം പുഴ കരകവിഞ്ഞു. നെടുംപൊയില്‍  മാനന്തവാടി സംസ്ഥാന ചുരം പാതയില്‍ 33-ാം മൈലില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു. വയനാട്ടില്‍ രണ്ടിടത്ത് ഇരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്നലെ രാവിലെ രാവിലെ ഒന്‍പതു മണിയോടെ തലപ്പുഴ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റലിന് സമീപത്ത് നിന്നും മണ്ണിടിഞ്ഞ് അഞ്ഞൂറ് മീറ്ററോളം ദൂരം ഒഴുകി.  ഇന്ന് രാവിലെ 9.30ഓടെ പിലാക്കാവിലും ഉരുള്‍പൊട്ടലിന് സമാനമായി മണ്ണിടിഞ്ഞു. ബാണാസുര ഡാമിന്റെ നാലുഷട്ടറുകളും 255 സെന്റീമീറ്ററില്‍ നിന്ന് 285സെന്റീമീറ്ററായി ഉയര്‍ത്തി. കാരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇത് വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടി. കാസര്‍കോട് തൃക്കണ്ണാട് കോട്ടിക്കുളം മേഖലയില്‍ കടാക്രമണവും രൂക്ഷമായിട്ടുണ്ട്. 

മഴയുംകാറ്റും ശക്തമായി തുടരുകയാണ്. എഴുപതിനായിരത്തോളം  പേര്‍  മലബാര്‍ മേഖലയില്‍ മാത്രം ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലുമായി അഭയം പ്രാപിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.  വൈകിട്ടോടെ അതിശ്കതമായ കാറ്റും മേഖലയില്‍ വീശുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.