തലസ്ഥാനവും വെള്ളത്തിലായി

Friday 17 August 2018 1:25 am IST

തിരുവനന്തപുരം: മധ്യകേരളത്തിലും മലബാര്‍ മേഖലയിലും മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ ബാധിക്കാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് പെയ്തു. പേപ്പാറ ഡാമും നെയ്യാര്‍ ഡാമും നിറഞ്ഞതോടെ ഷട്ടറുകള്‍ തുറന്നു. ഇതോടെ കരമനയാറും, നെയ്യാറും കരകവിഞ്ഞു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ജില്ലയില്‍ 63 ദുരിതാശ്വാസ ക്യാമ്പുകളിലായി 6629പേരെ പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ പട്ടം, ജഗതി, കണ്ണമ്മൂല, ഗൗരീശപട്ടം, ആറ്റുകാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. നെയ്യാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് രാമേശ്വരം, കീഴാരൂര്‍ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിലായി. രാത്രിയോടെ സൈന്യം എത്തിയാണ് വീടുകളില്‍ നിന്നും ആള്‍ക്കാരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചത്.

 കൊല്ലത്തും മഴക്കെടുതികള്‍ വ്യാപകമായി. 25 ദുരിതാശ്വാസകേന്ദ്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 436 കുടുംബങ്ങളില്‍ നിന്നായി 1546 പേരെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. ആര്യങ്കാവ് തുരങ്കപാതയിലും എംഎസ്എല്‍ ഭാഗത്തും മണ്ണിടിച്ചിലുണ്ടായി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ രണ്ട് ദിവസമായി അഞ്ചടി ഉയര്‍ത്തിയിരിക്കുകയാണ്. ചെങ്കോട്ട-പുനലൂര്‍ റെയില്‍പാതയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടയ്ക്കലില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സമീപത്തെ അമൃതകുളം എല്‍പിഎസിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പിന്നീട് താല്‍ക്കാലികമായി മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.