വഴിമാറി ഒഴുകി പെരിയാര്‍; ആലുവ മുങ്ങി, എറണാകുളം ഒറ്റപ്പെട്ടു

Friday 17 August 2018 1:28 am IST

കൊച്ചി: പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. എംസി റോഡിലൂടെയുള്ള ഗതാഗതം നിലച്ചു.

ആലുവ-മൂന്നാര്‍ റോഡില്‍ വെള്ളം കയറി. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.മുവാറ്റുപുഴ നഗരം വെള്ളത്തിനടിയിലായി. എറണാകുളം ജില്ല ഒറ്റപ്പെട്ട നിലയിലാണ്. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ എറണാകുളം ജില്ലയുടെ പലഭാഗത്തും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. കാലടിയില്‍ പെരിയാര്‍ കരകവിഞ്ഞു. ആലുവയില്‍ പെരിയാര്‍ പലയിടത്തും വഴിമാറിയൊഴുകി റെയില്‍ ഗതാഗതവും താറുമാറായി. പാടശേഖരങ്ങളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്.

പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കൈവഴികളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് ജലം ഇരച്ചെത്തുകയാണ്.  ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു. കൊച്ചി മെട്രോയും നിര്‍ത്തിവച്ചിരിക്കുകയാണ്. മുട്ടം യാര്‍ഡിലടക്കം വെള്ളം കയറി. പല സ്ഥലങ്ങളും വൈദ്യുതി ബന്ധവും വിച്ഛേദിച്ച അവസ്ഥയിലാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെടുന്ന നിലയാണുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല.

ആലുവ കമ്പനിപ്പടിയില്‍ ഗതാഗതം പൂര്‍ണമായും തകരാറിലായി. മുതിരപ്പാടം മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇരുചക്രഗതാഗതം ഈ മേഖലയില്‍ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. എറണാകുളം തൃശൂര്‍ റോഡില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. കാലടിയില്‍ എംസി റോഡിലും വെള്ളം കയറി. ദേശീയപാതയിലും ദുരിതാശ്വാസ ക്യാമ്പുകളിലും വരെ വെള്ളം കയറുന്ന സ്ഥിതിയാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ 350 ഓളം പേര്‍ കുടുങ്ങികിടക്കുകയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തൊട്ടടുത്ത അനിതാ വിദ്യാലയത്തിലും വെള്ളം കയറി. കാലടി ആശ്രമം സ്‌കൂളില്‍ രണ്ടായിരത്തോളം പേരാണ് കഴിയുന്നത് സ്‌കൂളിന്റെ രണ്ടാമത്തെ നിലയിലാണ് ആളുകള്‍ കഴിയുന്നത് വെള്ളം താഴത്തെ നില കവിഞ്ഞു. ഇവര്‍ക്ക് ഒരുദിവസം കൂടി കഴിക്കാനുള്ള ഭക്ഷണമേയുള്ളൂ. ചേലാമറ്റം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മുന്നൂറോളം പേര്‍ കുടുങ്ങി

പറവുര്‍, മുപ്പത്തടം, ഏലൂര്‍ക്കര, ചിറ്റാറ്റുകര എന്നിവിടങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കുടുങ്ങിയ രോഗികളെയും ഡോക്ടര്‍മാരെയും, ജീവനക്കാരെയും സേന രക്ഷപ്പെടുത്തി. ജില്ലയിലെ ഉള്‍പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ് പലയിടത്തും വൈദ്യുതി നിലച്ചു. മെഴുകുതിരി പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉള്‍പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ ഇരുനൂറ്റമ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതിനോടകം 38,000ന് മുകളില്‍ ആളുകളെ പാര്‍പ്പിച്ചു കഴിഞ്ഞു. 11,000ത്തിന് മുകളില്‍ കുടുംബങ്ങളാണ് ഈ ക്യാമ്പുകളിലുള്ളത്. എറണാകുളം ജില്ല കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായ പ്രളയബാധയാണ് നിലവില്‍ അനുഭവപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.