രക്ഷകരായി വാട്‌സ്ആപ്പും ഗൂഗിള്‍ മാപ്പും

Friday 17 August 2018 1:28 am IST

തിരുവനന്തപുരം: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ആറന്മുള പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കുത്തിയൊലിച്ചൊഴുകി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോള്‍  രക്ഷകരായത്  ഗൂഗിള്‍ മാപ്പും വാട്‌സ് ആപ്പ് സന്ദശങ്ങളും. 

 കനത്ത മഴയില്‍  കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്  ഈ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിതുടങ്ങിയത്.  ഈ സമയം വീടുകളില്‍ നിന്ന് മാറാന്‍ ആരും കൂട്ടാക്കിയിരുന്നില്ല.  എന്നാല്‍ മഴ കനത്തതോടെ  മണിമലയാറും പമ്പയാറും കരകവിഞ്ഞ് ദിശയറിയാതെ ഒഴുകി. ഇതോടെ  ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. രക്ഷാ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇരുട്ടും വ്യാപിച്ചു. 

ട്രാന്‍സ്‌ഫോമറുകള്‍ വെള്ളത്തിനടിയിലായതോടെ ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഇരു നില വീടുകളിലുള്ളവര്‍ മുകളില്‍ കയറി രക്ഷാപ്രവര്‍ത്തകരെയും കാത്തിരുന്നു.  കൂരിരുട്ടായാതിനാല്‍  ആര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യത്തിലായി.  ഇതോടെ തങ്ങളെ രക്ഷപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നിരവധി വാട്‌സ് ആപ് സന്ദേശങ്ങള്‍ പ്രചരിച്ചു. 

സന്ദേശങ്ങള്‍ അയയ്ക്കുന്നവരോട് ഗൂഗിള്‍ മാപ്പ് വഴി തങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് സന്ദേശങ്ങള്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതോടെ കൂടുതല്‍ പേര്‍ സന്ദേശങ്ങള്‍ അയയ്ച്ചു തുടങ്ങി. റവന്യൂ അധികൃതര്‍ക്കും സൈന്യത്തിനും ഇത് ഏറെ തുണയായി. കൃത്യമായ സ്ഥലം മനസ്സിലാക്കി രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തി.  നിരവധി പേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.