മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് സ്വാര്‍ഥത

Friday 17 August 2018 1:38 am IST

ഇടുക്കി: ഒരു ദിവസംകൊണ്ട് മൂന്ന് അടി വെള്ളം ഉയര്‍ന്നതോടെ രാത്രിയില്‍ തുറന്ന് വിട്ട മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് കാണിച്ച സ്വാര്‍ത്ഥത സംസ്ഥാനത്തിന് തിരിച്ചടിയാകുന്നു. 

ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 141.95 അടിയാണ് ജലനിരപ്പ്. വന്‍തോതില്‍ വെള്ളം എത്തിയതോടെ സ്വാതന്ത്യദിനത്തില്‍ വൈകിട്ട് ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഒഴുക്കിന്റെ തോത് വര്‍ധിപ്പിച്ചു. ഇത് ചെറുതോണി പുഴയോരത്ത് താമസിക്കുന്നവര്‍ക്കും, പെരുമ്പാവൂര്‍, ആലുവ മേഖലയിലെ ജനങ്ങള്‍ക്കും തീരാദുരിതമായി മാറി. രണ്ട് മീറ്റര്‍ വരെ വെള്ളമാണ് പലയിടത്തും ഉയര്‍ന്നത്. 

140 അടി എത്തിയതോടെ 15ന് രാത്രി 1.45ന് മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും ഉയര്‍ത്തിയത്. പിന്നീട് ഇതില്‍ അഞ്ച് ഷട്ടറുകള്‍ അടച്ചു. ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനായാരുന്നു തമിഴ്‌നാടിന്റെ ഈ നീക്കം. സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെ പ്രതിഷേധത്തെ പോലും വകവയ്ക്കാതെ വെള്ളം 142 അടി എത്തിച്ചു. ഈ സമയങ്ങളിലൊന്നും വെള്ളത്തിന്റെ കൃത്യമായ കണക്ക് തമിഴ്‌നാട് പുറത്ത് വിട്ടിരുന്നില്ല. 142 അടി പിന്നിട്ടിട്ടും വെള്ളം നിയന്ത്രിക്കാന്‍ തമിഴ്‌നാട് തയാറാകാതെ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിന്നീട് ഷട്ടര്‍ തുറന്നത്.

ഇതോടെ വന്‍തോതിലുള്ള വെള്ളം കുതിച്ചെത്തി. മുല്ലപ്പെരിയാറിന്റെ താഴ്‌വാരത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ എന്നിവിടങ്ങളില്‍ വ്യാപക നാശം വരുത്തി. രണ്ട് ദിവസമായി ചപ്പാത്ത് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. 4000ല്‍ അധികം പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായും തടസപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.