പമ്പയുടെ തീരത്ത് നഗരങ്ങളും ഗ്രാമങ്ങളും മുങ്ങി

Friday 17 August 2018 1:33 am IST

പത്തനംതിട്ട: പമ്പയും അച്ചന്‍കോവിലാറും മണിമലയാറും കരകവിഞ്ഞു, ഡാമുകള്‍ നിറഞ്ഞു. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളും മുങ്ങി. റാന്നി, കോഴഞ്ചേരി, തിരുവല്ല കോന്നി, അടൂര്‍  മല്ലപ്പള്ളി, തിരുവല്ല അടൂര്‍ എന്നിവിടങ്ങളില്‍ വന്‍നാശം.

ആയിരക്കണക്കിനാളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ഭക്ഷണമോ കുടിവെള്ളമോ വെള്ളമോ ഇല്ലാതെ ആയിരങ്ങള്‍. വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും വന്‍തോതിലുള്ളരക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഹെലിക്കോപ്റ്ററിലും  ബോട്ടുകളിലും കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനാള്‍ക്കാരെയാണ് ഇവര്‍ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്.

 പമ്പ, കക്കി - ആനത്തോട്, മൂഴിയാര്‍ സംഭരണികള്‍ നിറഞ്ഞൊഴുകയാണ്.  ഇരുപതിലേറെ സ്ഥലങ്ങളിലാണ്   ഉരുള്‍പൊട്ടിയത്. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം വെള്ളം കയറി.  അത്തിക്കയത്ത് പാലം മുങ്ങി വെള്ളം ഒഴുകി. അരയഞ്ഞാലിമണ്ണില്‍ കോസ് വേ വെള്ളത്തില്‍ ഒഴുകിപ്പോയി.  ശബരിമല പമ്പ ത്രിവേണിയില്‍ വന്‍നഷ്ടം. പമ്പ രാമമൂര്‍ത്തി മണ്ഡപം ഒഴുകിപ്പോയി. നാല് ട്രാക്ടറുകളും ഒഴുകിപ്പോയി. വന്‍മരങ്ങളും കെട്ടിടഭാഗങ്ങളും പമ്പാനദിയിലൂടെ ഒഴുകിയെത്തി. ഇത് പാലങ്ങളിലടക്കം ഇടിച്ച് ബലക്ഷയം ഉണ്ടാക്കിയിട്ടുള്ളതായി സംശയമുണ്ട്. ടി.കെ. റോഡിലെ കോഴഞ്ചേരി വലിയപാലം അടച്ചു. രാത്രിയില്‍ മണിയാര്‍ സംഭരണി കവിഞ്ഞ് വെള്ളം ഒഴുകി. അള്ളുങ്കലിലെ സ്വകാര്യ വൈദ്യുതിനിലയം പൂര്‍ണമായി മുങ്ങി.

കോഴഞ്ചേരിയില്‍ ആറും ഏഴും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് പമ്പയിലെ വെള്ളം കയറി. കെട്ടിടങ്ങളുടെ രണ്ടാംനിലയിലും വെള്ളം എത്തിയിട്ടുണ്ട്. കോഴഞ്ചേരി ടൗണ്‍, തെക്കേമല, ആറന്മുള ഭാഗങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. കോഴഞ്ചേരിയില്‍ മുത്തൂറ്റ് ആശുപത്രിയുടെ താഴത്തെ നില പൂര്‍ണമായി മുങ്ങി. അച്ചന്‍കോവിലാറും കരകവിഞ്ഞെത്തിയതോടെ പത്തനംതിട്ട ടൗണ്‍  ഒറ്റപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.