ഇടുക്കിയില്‍ പൊലിഞ്ഞത് 18 ജീവന്‍: ഏഴ് പേരെ കാണാതായി

Friday 17 August 2018 1:38 am IST

നെടുങ്കണ്ടം/ ചെറുതോണി: മഴക്കെടുതിയില്‍ ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് 18 ജീവനുകള്‍. മൂന്ന് ഇടങ്ങളിലായി ഒമ്പത് പേരെ കാണാതായി. മുളകുവള്ളിയില്‍ മണ്ണിടിഞ്ഞ് എട്ട് പേരെ കാണാതായതായും അഭ്യൂഹം.

ഇടുക്കി താലൂക്കില്‍ 12 പേരാണ് മരിച്ചത്, രണ്ട് പേരെ കാണാതായി. ഉടുമ്പച്ചോല താലൂക്കില്‍ മൂന്ന് പേരും മരിച്ചു. ദേവികുളം താലൂക്കില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ നാല് പേരെ കാണാതായി. തൊടുപുഴ താലൂക്കില്‍ ഒരാളെയും കാണാതായി. 

ഇടുക്കി മണിയാറന്‍കുടി പെരുംകാലയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ജയരാജന്റെ ഭാര്യ ഭാവന (38), മകള്‍ ശ്രുതിബാല (12), ഭാവനയുടെ അച്ഛന്‍ തടത്തില്‍ പുത്തന്‍പുരയില്‍ രാമകൃഷ്ണന്‍, ഭാര്യ വത്സല എന്നിവരടക്കം അഞ്ച് പേരാണ് മരിച്ചത്. 

കരിമ്പനില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. കരിമ്പന്‍കാനത്ത് വട്ടപ്പാറയില്‍ വി.എ ജോര്‍ജ് (70), ഭാര്യ അന്നക്കുട്ടി (65), മകള്‍ കുഞ്ഞുമോള്‍ (41) എന്നിവരാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. അന്യാര്‍തുളുവില്‍ മരം വീണ് വീട്ടമ്മ മരിച്ചു. നിരപ്പേല്‍ പാലംപറമ്പില്‍ ബിജുവിന്റെ ഭാര്യ ലതയാണ് മരിച്ചത്. ഇവരുടെയെല്ലാം മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളത്തൂവല്‍ എസ്. വളവില്‍ തുറവയ്ക്കല്‍ തങ്കച്ചന്‍ (മാത്യു-58), ഭാര്യ ഡെയ്‌സി (56) എന്നിവരും ഉരുള്‍പൊട്ടലില്‍ മരിച്ചു. തങ്കച്ചന്റെ അയല്‍വാസികളായ മമ്മൂട്ടി, ഭാര്യ അസ്മ, മകന്‍ മുഫ്‌സല്‍ എന്നിവരെ കാണാതായി. മാങ്കുളത്ത് ഒഴുക്കില്‍പ്പെട്ട് പനച്ചിക്കാലയില്‍ പി.എം. ജോസഫിനെയും കാണാതായി.

15ന് ചെറുതോണി ഗാന്ധിനഗറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് മരിച്ചു. കോളനിയിലെ ശാന്തിനിലയം കലാവുദ്ദീന്‍ (45), വാരപ്ലാകം പൊന്നമ്മ (68) എന്നിവരാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. രണ്ട് കുട്ടികളെ കാണാതായി. കീരിത്തോട് കണിയാംകുടിയില്‍ ഡോ. ശശിധരന്റെ ഭാര്യ സരോജനി (53) മണ്ണിടിഞ്ഞ് വീണ് മരിച്ചു. മൂന്നാറില്‍ ഹോട്ടല്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു, ആറ് പേരെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മദനന്‍ (45) ആണ് മരിച്ചത്. തൊടുപുഴ മുട്ടം കഴുമറ്റത്തില്‍ അനിലിനെ ഉരുള്‍പൊട്ടി കാണാതായി. 

നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. മഞ്ഞപ്പാറ പത്ത് വളവ് താറാവിളയില്‍ വീട്ടില്‍ പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകള്‍ ജോളി ജയന്‍ (43) എന്നിവരാണ് മരിച്ചത്. മകന്‍ ജയന്‍, കൊച്ചുമകന്‍ എബിന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുകള്‍വശത്ത് ഉണ്ടായിരുന്ന മല കനത്തമഴയില്‍ ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ജയന്റെ മകന്‍ അരുണ്‍ എത്തിയശേഷം സംസ്‌ക്കാരം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.