പ്രളയത്തിനെതിരെ പോരാട്ടം ഒറ്റക്കെട്ടായി

Saturday 18 August 2018 3:51 am IST
ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ആയിരങ്ങളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്. അവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പിലുള്ള രണ്ടര ലക്ഷത്തോളം പേരുടെ ഭക്ഷണം, കുടിവെള്ളം അടക്കമുള്ള കാര്യങ്ങളും ശ്രദ്ധിക്കണം. റോഡുകള്‍ പലതും തകര്‍ന്നു.

നിശ്ചയദാര്‍ഢ്യംകൊണ്ടും ഒത്തൊരുമകൊണ്ടും സമര്‍പ്പണബുദ്ധികൊണ്ടും നേരിടേണ്ട വന്‍ ദുരിതത്തിന്റെ കയത്തിലാണു കേരളം. അതൊക്കെ കലര്‍പ്പില്ലാതെ പ്രകടിപ്പിച്ച് മലയാളികള്‍ ദുരന്തത്തെ ശക്തമായി നേരിടുകയാണ്. രാജ്യം ഒന്നടങ്കം ഒപ്പമുണ്ടെന്നതു കേരളത്തിന് ആത്മവിശ്വാസം പകരുന്നു. പൂര്‍ണ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്. ആഭ്യന്തര മന്ത്രിയുടേയും സഹമന്ത്രിയുടേയും സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയത് കേന്ദ്രം ഇക്കാര്യം എത്രമാത്രം ഗൗരവത്തോടെ കാണുന്നു എന്നതിനു സൂചനയായി. അതു നാടിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണു നടക്കുന്നത്. 

ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ആയിരങ്ങളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്. അവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനൊപ്പം ദുരിതാശ്വാസ ക്യാമ്പിലുള്ള രണ്ടര ലക്ഷത്തോളം പേരുടെ ഭക്ഷണം, കുടിവെള്ളം അടക്കമുള്ള കാര്യങ്ങളും ശ്രദ്ധിക്കണം. റോഡുകള്‍ പലതും തകര്‍ന്നു. ട്രെയിന്‍, റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. മലയോരങ്ങള്‍, ചാലക്കുടി, മൂന്നാര്‍ തുടങ്ങി പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പലഭാഗങ്ങളും വെള്ളത്തിനടിയില്‍ത്തന്നെ.

മുമ്പ് അനുഭവിച്ചിട്ടില്ലാത്ത കനത്ത കെടുതിക്കു മുന്നില്‍ തുടക്കത്തില്‍ പകച്ചു പോയെങ്കിലും കര, നാവിക, വ്യോമ സേനകളുടേയും കേന്ദ്ര ദുരന്ത നിവാരണ സേനയുടേയും സഹായം സംസ്ഥാനത്തിനു കരുത്തായി. പൊലീസും അര്‍ധ സൈനികവിഭാഗവും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. അഭിനന്ദനാര്‍ഹമായ സേവനമാണ് എല്ലാ വിഭാഗങ്ങളില്‍ നിന്നും ജനത്തിനു കിട്ടുന്നത്. സൈന്യവും സൈനിക സന്നാഹങ്ങളും എത്തിയതോടെ രക്ഷാ പ്രവര്‍ത്തനത്തിനു പുതിയ മാനവും വേഗവും കൈവന്നിട്ടുണ്ട്. ബോട്ടുകളും ഹെലിക്കോപ്റ്ററുകളും സജീവമായി രംഗത്തുണ്ട്.  

അതുപറയുമ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം വേണ്ടത്ര ഫലവത്താകുന്നില്ല എന്ന സത്യം നിലനില്‍ക്കുന്നു.  മുഖ്യമന്ത്രി തന്നെ അത് അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതു ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായി സൈന്യത്തിനു കൈമാറണമെന്ന, പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി മടികാണിക്കുന്നതാണ് ഏകോപനത്തിലെ പാളിച്ചയ്ക്കു കാരണം. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പരമപ്രാമുഖ്യം നല്‍കേണ്ട ഈ സമയത്ത്, സേവന പ്രവര്‍ത്തനങ്ങളുടെ അവകാശത്തര്‍ക്കം രംഗത്തുവരാതെ നോക്കേണ്ടതായിരുന്നു.  

മഴയുടെ അളവില്‍ നേരിയ കുറവുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പലയിടത്തും തുടരുന്നു. ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പുഴകളില്‍ ജലനിരപ്പു കുത്തനെ കൂടിയതാണ് തീരപ്രദേശങ്ങളെ വെള്ളത്തില്‍ മുക്കിയത്. വീടുകളും കെട്ടിടങ്ങളും പലതും തകരുകയോ മുങ്ങുകയോ ചെയ്തു. പതിനായിരങ്ങള്‍ ഒറ്റപ്പെട്ടു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളില്‍ നിന്നു കൂടുതല്‍ ജലം തുറന്നു വിടേണ്ടെതില്ലെന്ന ഇന്നലത്തെ തീരുമാനം ഒട്ടൊരു ആശ്വാസം നല്‍കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനില്‍പ്പ് 142 അടിയില്‍ നിന്ന് 139 അടിയായി കുറയ്ക്കാന്‍ തമിഴ്‌നാടു തയ്യാറായതും സുപ്രീംകോടതി അതിന് അനുമതി നല്‍കിയതും ജനത്തിന്റെ ഭീതിക്ക് ഒട്ട് ആശ്വാസം പകരാന്‍ പര്യാപ്തമായി. കേരളത്തോടുള്ള തമിഴ്‌നാടിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപനമായി ഫലത്തില്‍ അത്. 

സംസ്ഥാനത്തു ജീവിതം ഇനി പഴയ നിലയില്‍ തിരിച്ചെത്താന്‍ കാലംകുറെ എടുത്തേക്കാം. അടിത്തറയില്‍ നിന്നു തന്നെ കെട്ടിപ്പടുക്കേണ്ടിവരും. വിലയിരുത്താനും നഷ്ടം കണക്കാക്കാനും ഭാവിയേക്കുറിച്ചു ചിന്തിക്കാനുമുള്ള സമയം വരുന്നതേയുള്ളു. തല്‍ക്കാലം രക്ഷാപ്രവര്‍ത്തനത്തിനാണല്ലോ പ്രാധാന്യം. ദുരന്തത്തെ നേരിടാന്‍ കാണിക്കുന്ന ഈ  ഒത്തൊരുമയും ഏകമനസ്സും അര്‍പ്പണമനോഭാവവും നിലനിര്‍ത്തിയാല്‍ ആ പ്രതിസന്ധിയേയും മറികടക്കാന്‍ നമുക്കു കഴിയും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.