ചികിത്സയല്ല, വേണ്ടത് ശസ്ത്രക്രിയ

Saturday 18 August 2018 4:57 am IST
കുട്ടനാട് ലോകത്ത് മറ്റെങ്ങും ഇല്ലാത്തതരം കൃഷി രീതിമാത്രമല്ല, ജീവിത സംവിധാനമുള്ള സ്ഥലമാണ്. കടല്‍നിരപ്പില്‍നിന്ന് താഴ്ന്ന പ്രദേശം. വെള്ളം കയറ്റി കൃഷി ചെയ്തിരുന്ന കുട്ടനാട്ടില്‍ വെള്ളം കയറാതെ എങ്ങനെ കൃഷിചെയ്യാമെന്നാണ് നമ്മള്‍ നോക്കുന്നത്.

ഈ പരമ്പര തുടങ്ങുമ്പോള്‍ കേരളത്തിന്റെ മഴവെള്ളപ്പൊക്കദുരിതം ഇത്രത്തോളം വിനാശകരമാകുമെന്ന് ഭയന്നിരുന്നില്ല; കുട്ടനാട്ടില്‍ മൂന്നാമതും വെള്ളം പൊങ്ങുമെന്നും. സംസ്ഥാനം മുമ്പ്‌നേരിട്ടിട്ടില്ലാത്ത 'ജലദോഷ'-മാണിത്. പ്രതിവിധി വെറും ചികിത്സയല്ല, ശസ്ത്ര്രകിയതന്നെയാണ്. സൗന്ദര്യവര്‍ധനമാത്രം മതിയെന്നു കരുതുന്നവരില്‍ ചിലര്‍ കുട്ടനാടിന്റെ രണ്ടാം പാക്കേജിന് പദ്ധതി തയാറാക്കി സമര്‍പ്പിച്ചുകളഞ്ഞു, ഈ കുറഞ്ഞ ദിവസംകൊണ്ട്! കര്‍മശേഷിയല്ല, അവരുടെ കാഴ്ചപ്പാടില്ലായ്മയാണ് അതിലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. അതോടെ ധൃതിപിടിച്ചൊരു പദ്ധതി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് തീരുമാനമായി.

കുട്ടനാടിനെ സംബന്ധിച്ച ഏതുതലത്തിലും ഏതുതരത്തിലുമുള്ള യോഗങ്ങളിലും സാന്നിധ്യമായ ഡോ. കെ.ജി. പദ്മകുമാറിനെ കണ്ട് 'ജന്മഭൂമി'- ചര്‍ച്ച നടത്തി. ഡോ. സ്വാമിനാഥന്‍ കമ്മീഷനിലെ അംഗമായിരുന്നു, കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കുമരകം കേന്ദ്ര ഡയറക്ടര്‍ ആയിരുന്ന ഡോ. പദ്മകുമാര്‍. അദ്ദേഹം മണിക്കൂറുകള്‍ വിശദീകരിച്ച സുപ്രധാനകാര്യങ്ങളില്‍നിന്ന് ചിലത്: 

കുട്ടനാട് ലോകത്ത് മറ്റെങ്ങും ഇല്ലാത്തതരം കൃഷി രീതിമാത്രമല്ല, ജീവിത സംവിധാനമുള്ള സ്ഥലമാണ്. കടല്‍നിരപ്പില്‍നിന്ന് താഴ്ന്ന പ്രദേശം. വെള്ളം കയറ്റി കൃഷി ചെയ്തിരുന്ന കുട്ടനാട്ടില്‍ വെള്ളം കയറാതെ എങ്ങനെ കൃഷിചെയ്യാമെന്നാണ് നമ്മള്‍ നോക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ ഉണ്ടാകുന്ന എക്കല്‍ നാടിന് ഗുണമാണ്; വെള്ളപ്പൊക്കം ശാപമാണ്. വേനല്‍കാലത്ത് കടല്‍ വെള്ളം കയറുന്നത് ശാപമാണ്, എന്നാല്‍, ഉപ്പുവെള്ളംകൊണ്ട് നടക്കുന്ന ശുചീകരണം വലിയ ഗുണമാണ്. ഇങ്ങനെ അനുഗ്രഹവും ശാപവും ഇടകലര്‍ന്നതാണ് കുട്ടനാടന്‍ ജീവിതം. 

ഇരവി രാമകൃഷ്ണപിള്ളയുടെ ബുദ്ധിയില്‍ തുടങ്ങിയ കായലില്‍ ചിറപിടിച്ച് കൃഷിയിടമുണ്ടാക്കുന്ന വിദ്യ പില്‍ക്കാലത്ത് രാജഭരണകൂടം ഏറ്റെടുത്ത് ഔദ്യോഗിക പദ്ധതിയാക്കി മുരിക്കനെപ്പോലുള്ള ആധുനിക കൃഷി സാങ്കേതിക വിദ്യ ശീലിച്ചവര്‍ വ്യാപകമാക്കിയതാണ് കുട്ടനാടന്‍ കൃഷി സംരംഭം. പ്രകൃതിക്കിണങ്ങിയ കൃഷി സംവിധാനമായിരുന്നു പൂര്‍വികര്‍ക്ക്. അതിനുപകരം പ്രകൃതിയെ കീഴടക്കിക്കൊണ്ടുള്ള കാര്‍ഷികപദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. പക്ഷേ, അത് വേണ്ടത്ര ശാസ്ത്രീയമായില്ല. 

മൂന്ന് പദ്ധതികള്‍ കേന്ദ്രീകരിച്ചായിരുന്നു കുട്ടനാട് വികസനം ആസൂത്രണം ചെയ്തത്. തോട്ടപ്പള്ളി സ്പില്‍വേ, എ-സി റോഡ്, തണ്ണീര്‍മുക്കം ബണ്ട്. തോട്ടപ്പള്ളി ഫലം കണ്ടില്ല. ഏറ്റവും ഒടുവില്‍ പറയുന്നത് കടലിലേക്ക് വെള്ളം ഒഴുകണമെങ്കില്‍ കടല്‍ രണ്ട് മീറ്റര്‍ താഴണം, അല്ലെങ്കില്‍ കുട്ടനാട് ജലനിരപ്പ് അത്രയും ഉയരണം എന്നതാണ്. രണ്ടും അസാധ്യം. എ-സി റോഡിനൊപ്പം സങ്കല്‍പ്പിച്ച എ-സി കനാല്‍ പ്രാവര്‍ത്തികമായില്ല. കിഴക്ക് മലമുകളില്‍ പെയ്യുന്ന വെള്ളം എക്കലുമായി ഒഴുകിവരുമ്പോള്‍ കടന്നുപോകാന്‍ തടസമില്ലാത്ത കനാല്‍ സംവിധാനം ഉണ്ടാകണം. ആസൂത്രിതമായുണ്ടാക്കിയ കായല്‍നിലങ്ങള്‍ക്കൊഴികെ ചെറുപാടങ്ങള്‍ക്ക് ശരിയായ കനാല്‍ സംവിധാനമില്ല. അവിടെ വെള്ളം തടഞ്ഞുനില്‍ക്കുന്നത് വെള്ളപ്പൊക്കത്തിനിടവരുത്തും. മൂന്നാമത്തെ തണ്ണീര്‍മുക്കം ബണ്ടാണ് വന്‍പരാജയമായത്. അതിന്റെ വിപത്താണ്  ഇനിയും ഉണ്ടാകാന്‍ പോകുന്നത്. 

കുട്ടനാട്ടിലെ ഒറ്റക്കൃഷി രണ്ടുകൃഷിയാക്കി ഉല്‍പ്പാദനം കൂട്ടാനായിരുന്നു ഇതൊക്കെ. പക്ഷേ, ബണ്ട് വരുന്നതിനുമുമ്പ് ആകെ കൃഷിയിടത്തിന്റെ 34 % സ്ഥലത്ത് രണ്ടാം കൃഷിയുണ്ടായിരുന്നു. അത് 13 % ആയി! 2015-ല്‍ 15 % ആയി ഉയര്‍ന്നുവെന്നതൊഴിച്ചാല്‍ ബണ്ടിന്റെ നേട്ടം പൂജ്യം; നഷ്ടം ഏറെ. ഇനി അനുഭവിക്കാന്‍ പോകുന്നത് ഉപ്പിന്റെ കെടുതിയാണ്. ഉപ്പുവെള്ളം കടലില്‍നിന്ന് കയറാതിരിക്കാനാണ് ബണ്ട്.  ഇനി ഏറ്റവും ഇറക്കവും നോക്കി തുറക്കുകയും അടയ്ക്കുകയും ചെയ്യുമത്രേ. അപ്പോള്‍ എന്തുസംഭവിക്കും? കുട്ടനാടന്‍ കായല്‍ ജലം കുറുകിക്കുറുകിക്കിടക്കും. ഉപ്പുരസം കൂടും. മണ്ണിലൂടെ ഉപ്പുകയറും. വര്‍ഷംതോറും ഓരുരസം കൂടുകയാണ്. നെല്ലിന് താങ്ങാനാവുന്നത് ജലത്തിലെ 1.8 % പിപിടി ഉപ്പാണ്. വൈക്കം കായലില്‍ കഴിഞ്ഞവര്‍ഷം അത് 20% പിപിടി ആയിരുന്നു. ഇപ്പോള്‍ വെള്ളപ്പൊക്കപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന നമ്മള്‍ക്ക് അടുത്ത വര്‍ഷങ്ങളില്‍ ഉപ്പാകും വിഷയം. വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലിന് വേണ്ടി കടല്‍ കൂടുതല്‍ കുഴിച്ചു. ഇതും ഉപ്പുനിക്ഷേപം വേനല്‍കാലത്ത് കൂട്ടും. മൂവാറ്റുപുഴയാറില്‍ ഒഴുക്കുകുറഞ്ഞു. മരട് ശുദ്ധജലപദ്ധതി കാരണമാണ്. അതായത് പുതിയ വിഷയം കുട്ടനാട്ടില്‍ ജനിക്കുകയാണ്. 

എന്താണ് പരിഹാരം? കൃഷി ആസൂത്രിതമാക്കുകയാണ് വേണ്ടത്. ബണ്ടിന്റെ കാര്യത്തില്‍ നമ്മള്‍ 'ഇല്ലത്തുനിന്ന് പുറപ്പെട്ട് അമ്മാത്തെത്താത്ത'- സ്ഥിതിയാണ്. കനാലുകള്‍ക്ക് കല്‍ഭിത്തികെട്ടി കൃഷി സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നമ്മുടെ കനാലുകള്‍ക്ക് വീതി ചുരുങ്ങി. ഇങ്ങനെ അടഞ്ഞുപോയതും ചെളിനിറഞ്ഞതും ഒഴുക്കുകുറഞ്ഞതുമായ വെള്ളമൊഴുകാനുള്ള സംവിധാനം ഒരുക്കണം. അതിന് ചിലപ്പോള്‍ കെട്ടിയ ബണ്ടുകള്‍ പൊട്ടിക്കണം. പുതിയ ബൈപാസ് കനാലുകള്‍ ഉണ്ടാക്കണം. കുട്ടനാടിന് റോഡല്ല, തോടാണ് വേണ്ടത്. റോഡു വേണ്ടെന്നല്ല. ബൈപാസ് ശസ്ത്രക്രിയ നടത്തി രക്ഷിക്കണം. വെള്ളപ്പൊക്കം തടയാം, കൃഷി രക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം, രോഗാവസ്ഥയില്‍നിന്ന് രക്ഷിക്കാം, യഥാര്‍ഥ വികസനം നടത്താം. അതിനുള്ള കാഴ്ചപ്പാടുവേണം വരും പദ്ധതികള്‍ക്ക്. 

ഏറ്റവും കൂടുതല്‍ കിഴക്കന്‍ വെള്ളം വന്നടിയുന്ന അപ്പര്‍ കുട്ടനാടന്‍ പ്രദേശമാണ്  മുട്ടാര്‍. നീരേറ്റുപുറത്തിനുതാഴെ. അവിടുന്ന് വെള്ളം ശരിയായി തിരിച്ചുവിടണം. ചെറിയ കനാല്‍വഴിയാണ് അവിടുന്ന് കിടങ്ങറയില്‍ വെള്ളമെത്തുന്നത്. അവിടെ ചക്കുളത്തുകാവിനടുത്തുനിന്ന് നാലുകിലോമീറ്റര്‍ ബൈപാസ് കനാല്‍ വെട്ടിയാല്‍ വെള്ളം തകഴിയിലും അവിടുന്ന് തോട്ടപ്പള്ളിയിലും എത്തിക്കാം. ഇങ്ങനെ ധാരാളം ബൈപാസുകള്‍ ഉണ്ടാകണം. പാടത്തൂടെ കനാല്‍ വന്നാല്‍ കര്‍ഷകര്‍ എതിര്‍ക്കില്ല. 

കഴിയുന്നതും കടലിലേക്ക് വെള്ളം ഒഴുകാന്‍ സംവിധാനം ഉണ്ടാക്കണം. ഇതിന് വാല്‍വുകള്‍ പോലെ പ്രവര്‍ത്തിച്ചിരുന്ന പൊഴികളുണ്ട്. അവ തുറക്കണം, സംരക്ഷിക്കണം, പ്രവര്‍ത്തന ക്ഷമമാക്കണം. നമ്മള്‍ സെമിനാര്‍ നടത്തും. പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ വാടക്കനാല്‍ ശരിയാക്കിയിരുന്നെങ്കില്‍ സര്‍വ മാലിന്യവും കടലിലേക്ക് പോയി ശുദ്ധീകരിക്കണം.

കൃഷിരീതി മാറ്റണം. കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കണം. മണ്ണിന്റെ അമ്ലത്വമാണ് ഇപ്പോള്‍ പ്രശ്‌നം. അത് മാറ്റണം. വടക്കന്‍കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയില്ലാതായി. അമ്ലത്വം കൂടിയാല്‍ പഞ്ചാബിന്റെ ദുരന്തം സംഭവിക്കാതിരിക്കണം. നിക്കലും ചെമ്പും ക്രോമിയവും പോലുള്ള ലോഹാംശങ്ങള്‍ കുട്ടനാടന്‍ വെള്ളത്തില്‍ നിറയുകയാണ്. യുറേനിയവും കൂടിക്കലര്‍ന്നാണ് പഞ്ചാബ് കാന്‍സര്‍രോഗത്തിന്റെ ആസ്ഥാനമായത്. അതുണ്ടാകരുത്. 

എക്കല്‍ നെല്‍ക്കൃഷിയ്ക്കുപയോഗിക്കാനും ശേഖരിച്ച് ബാഗുകളിലാക്കിയാല്‍ മികച്ച ജൈവ വളമാണ്. വില്‍ക്കാനാവും. ധാരാളം ചെറുകിട യൂണിറ്റുകള്‍ ഉണ്ടാക്കാം.

പരിസ്ഥിതി സംരക്ഷണത്തിലെ യാഥാസ്ഥിതികവാദം മാറ്റണം. പാടശേഖരങ്ങള്‍ മാത്രമല്ല, കരഭൂമിയും കേന്ദ്രീകരിച്ചുവേണം കുട്ടനാട് സംരക്ഷണം. താഴ്ന്നുതാഴ്ന്ന് പോകുന്ന മണ്‍റോ തുരുത്തിന്റെ ഗതി കുട്ടനാടിന് വരരുത്.

കൃഷി വൈവിധ്യമുണ്ടാകണം. ഒരു നെല്ലും മീനും പോലുള്ള പദ്ധതി നടപ്പാക്കണം. 5000 ഏക്കറില്‍ വിജയിച്ചു. അത് വ്യാപകമാക്കണം. മത്സ്യക്കൃഷി, താറാവുകൃഷി, താമരക്കണ്ണന്‍ ചേമ്പുവളര്‍ത്തല്‍, പച്ചക്കറിക്കൃഷി തുടങ്ങിയവകൂടി നെല്‍ക്കൃഷിക്കൊപ്പം വേണം. നമ്മുടെ കൈയൊപ്പുള്ള കുട്ടനാടന്‍ താറാവ്, കുട്ടനാടന്‍ കൊഞ്ച്, കരിമീന്‍, വെച്ചൂര്‍പശു, കുട്ടനാടന്‍ പോത്തും എരുമയും സംരക്ഷിക്കണം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇതെക്കുറിച്ചൊക്കെ പറഞ്ഞു, ഒന്നും ചെയ്തില്ല.  

കൃഷിച്ചെലവ് കുറയ്ക്കണം.  മറ്റു സംസ്ഥാനങ്ങളിലേതിന്റെ രണ്ടും മൂന്നുമിരട്ടി വരുന്നു. അതുകൊണ്ടാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് താങ്ങുവില ഇരട്ടിയാക്കണമെന്ന് നെല്‍ക്കൃഷി സംരക്ഷണത്തിനുള്ള ശ്യാം സുന്ദരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തത്. ഞാനതില്‍ അംഗമായിരുന്നു. 

ഒരു കാര്യം ശ്രദ്ധിക്കണം, കുട്ടനാടെന്നാല്‍ കായല്‍പ്രദേശം എന്നു മാത്രമായി ചിലര്‍ ധരിച്ചിട്ടുണ്ട്. അപ്പര്‍ കുട്ടനാടിനെയാണ് ആദ്യം ശക്തിപ്പെടുത്തേണ്ടത്. അതിനുള്ള പദ്ധതികള്‍കൂടി ഉണ്ടാവണം. പിന്നെ, ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കാനാവരുത് വികസന പദ്ധതികള്‍. 

ഡോ. പദ്മകുമാര്‍ പറഞ്ഞതെല്ലാം പറയാന്‍ ഈ പരമ്പരയിലൂടെയാവില്ല. പറഞ്ഞവ കുട്ടനാടിന് മാത്രമല്ല, കേരളത്തിനാകെ ബാധകമായ കാര്യങ്ങള്‍. മികച്ച നിര്‍ദ്ദേശങ്ങള്‍, വിശാലവും സൂക്ഷ്മവുമായ വീക്ഷണം. എന്നാല്‍ പദ്മകുമാറിന്റെ ഒരു റിപ്പോര്‍ട്ടുകൂടി ആകട്ടെ എന്ന് അധികൃതര്‍ നിശ്ചയിച്ചേക്കാം. പക്ഷേ റിപ്പോര്‍ട്ടല്ല, അതു നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ആത്മാര്‍ഥതയും രാജ്യ താല്‍പര്യവുമാണല്ലോ, വേണ്ടത്. നടപ്പാക്കേണ്ട പലര്‍ക്കും ഇല്ലാത്തതും അതുതന്നെ. അതിനാല്‍ എല്ലാം ജലരേഖയായിപ്പോകാമെന്ന ആശങ്കയ്ക്കാണ് മുന്‍തൂക്കം. 

(അവസാനിച്ചു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.