യുഗങ്ങളുടെ നേതാവ്

Saturday 18 August 2018 1:10 am IST
മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന് അസാധാരണമായ നര്‍മബോധവും ഉണ്ടായിരുന്നു. സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന് നര്‍മത്തില്‍ നിന്ന് ഉന്നത കാഴ്ചപ്പാടിലേക്ക് വളരെ സുഗമമായി മാറാന്‍ കഴിയുമായിരുന്നു.

ഒരു രാജ്യത്തിന് ജീവചൈതന്യവും ലക്ഷ്യബോധവും ഐക്യബോധവും പ്രദാനം ചെയ്യുന്ന നേതാവ് ആ രാജ്യത്തിന്റെ അനുഗ്രഹമാണ്. ഏറെ നിര്‍ണായകമായ സമയത്ത്, നൂറ്റാണ്ടിന്റെ ഗതി മാറിയ ഘട്ടത്തില്‍ ഇന്ത്യ ആ നേതാവിനെ അടല്‍ ബിഹാരി വാജ്‌പേയിയില്‍ കണ്ടെത്തി. ആത്മാവിലും ഹൃദയത്തിലും മനസിലും വരപ്രസാദം ലഭിച്ച നേതാവ്. 

മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന് അസാധാരണമായ നര്‍മബോധവും ഉണ്ടായിരുന്നു. സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന് നര്‍മത്തില്‍ നിന്ന് ഉന്നത കാഴ്ചപ്പാടിലേക്ക് വളരെ സുഗമമായി മാറാന്‍ കഴിയുമായിരുന്നു. സങ്കീര്‍ണമായ പ്രശ്‌നങ്ങളെപ്പോലും ഒറ്റവാചകത്തിലോ ഒരു ചോദ്യത്തിലോ ചര്‍ച്ച നടത്താനാകുമായിരുന്നു.

മധ്യപ്രദേശിലെ ഒരു ചെറു നഗരത്തില്‍ നിന്നു വന്ന അദ്ദേഹം ജനസംഘത്തില്‍ സാധാരണ കാര്യകര്‍ത്താവായാണു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും  പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യയയുടെയും മരണത്തിന് ശേഷം സംഘടനയുടെ ചുക്കാന്‍ ഏറ്റെടുത്തു. പിന്നീട് ബിജെപി രൂപമെടുത്തപ്പോള്‍ അതിന്റെ ആദ്യ അധ്യക്ഷനായി. 

അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്നു അടല്‍ജി. ദല്‍ഹി രാംലീല മൈതാനത്തെ അവിസ്മരണീയമായ ആ റാലിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം രാജ്യത്തിന്റെ ഗര്‍ജനമായി മാറിയത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ജീവചൈതന്യത്തെ നിര്‍വചിച്ചത് അദ്ദേഹമാണ്. തന്റെ രാഷ്ട്രീയവിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നെങ്കിലും എപ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും തയാറായിരുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് നിലവാരം ക്രമപ്പെടുത്തിയത് അദ്ദേഹമാണ്. ലാളിത്യവും സമഗ്രതയും കുലീനതയും സഹാനുഭൂതിയും വഴി അദ്ദേഹം യുവാക്കള്‍ക്കു പ്രചോദനമായി.

ഇന്ത്യയെ സജ്ജമാക്കിയ ഭരണകര്‍ത്താവ്

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആഗോള നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യയെ സജ്ജമാക്കുന്നതിന് അടിത്തറയിട്ടത് അടല്‍ജിയായിരുന്നു. ഭാവിയെ മുന്നില്‍ കണ്ടുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളും പരിഷ്‌ക്കാരങ്ങളും രാജ്യത്ത് സമ്പല്‍ സമൃദ്ധി ഉറപ്പാക്കി. 

ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്ന പ്രക്രിയയില്‍ ലോകത്തിന്റെ ഭീഷണിയെല്ലാം അദ്ദേഹം മറികടന്നു. വളരെ ലളിതമായി എടുത്ത തീരുമാനമല്ല അത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ഇതിനുള്ള പരമപ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു. ദേശത്തിന്റെ അഭിമാനത്തില്‍ തിരയിളക്കമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം സംയമനത്തിന്റേയും ഉത്തരവാദിത്വത്തിന്റേയുമായിരുന്നു. അതു ലോകം ശ്രദ്ധിച്ചു.  

അഞ്ചു നൂറ്റാണ്ടുകളായി മോശമായിരുന്ന അമേരിക്ക - ഇന്ത്യ ബന്ധം അഞ്ചുവര്‍ഷം കൊണ്ട് മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി അദ്ദേഹം മാറ്റി. റഷ്യയുമായി 2000ല്‍ സൃഷ്ടിച്ച തന്ത്രപരമായ പങ്കാളിത്തത്തിലൂടെ   ഇന്ത്യയുടെ അഗാധമായ സൗഹൃദമാക്കി മാറ്റി. 2001 നവംബറില്‍ അദ്ദേഹത്തെ റഷ്യയില്‍ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ചൈനയുമായി സമാധാനത്തിനുള്ള വളരെ ധീരമായ പരിശ്രമമാണ് അതിര്‍ത്തി ചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രതിനിധികളെ ഏര്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയത്. രണ്ടു പുരാതന സംസ്‌കാരങ്ങള്‍ക്ക്, ഉയര്‍ന്നുവരുന്ന ശക്തികള്‍ക്ക് ലോകത്തിന്റെ ഭാവിയെ രൂപീകരിക്കാന്‍ കഴിയുമെന്ന അടല്‍ജിയുടെ വിശ്വാസമാണ് ചൈനയുടെ കാര്യത്തില്‍ എന്റെ ചിന്തകളെ നയിക്കുന്നത്.

അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അടല്‍ജിയാണ് പ്രചോദനവും  വഴികാട്ടിയും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് തടസ്സമില്ലാത്ത പിന്തുണയാണ് അദ്ദേഹം നല്‍കിയത്. സമാധാനം തേടി അദ്ദേഹം ലാഹോറില്‍ പോയി. ജമ്മു കശ്മീരിന്റെ മുറിവുണക്കാന്‍ ശ്രമിച്ചു. അതേസമയം, കാര്‍ഗില്‍ യുദ്ധം ജയിക്കണമെന്ന് അദ്ദേഹത്തിന് ദൃഢനിശ്ചയവുമുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യയ്ക്ക് എതിരായുള്ള അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ ശരിയായ സ്രോതസ് അദ്ദേഹം ലോകത്തെ അറിയിച്ചു.

എന്റെ ആദര്‍ശം, എന്റെ ഗുരു

വ്യക്തിരപമായി അടല്‍ജി ഒരു ആദര്‍ശമാണ്. ഒരു ഗുരു. എന്നെ പ്രചോദിപ്പിച്ച മാതൃകാപുരുഷനുമാണ്. അദ്ദേഹമാണ് ഗുജറാത്തിലേയും ദേശീയതലത്തിലേയും ചുമതലകള്‍ എന്നെ ഏല്‍പ്പിച്ചത്. 2001 ഒക്‌ടോബറിലെ ഒരു സായാഹ്‌നത്തില്‍ അദ്ദേഹം എന്നെ വിളിച്ചു, ഗുജറാത്തിലെ മുഖ്യമന്ത്രിയായി പോകാന്‍ നിര്‍ദേശിച്ചു. എപ്പോഴും സംഘടനയിലേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കാകുമെന്ന് അദ്ദേഹത്തിന് ദൃഢവിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.

അടല്‍ജി മുന്നോട്ടു നയിക്കാന്‍ ആഗ്രഹിച്ച പാതയിലാണ് നമ്മള്‍. ചരിത്രത്തില്‍ ആഴത്തിലുള്ള അറിവുമൂലം അദ്ദേഹം കാലത്തിന് അതീതനായിരുന്നു. ഇന്ത്യയുടെ ആത്മാവിലേക്ക് കടന്നുനോക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തില്‍, ദുഃഖത്തിന്റെ അളവിലല്ല, ആ ജീവിതത്തെ വിലയിരുത്തേണ്ടത്.  ആ ജീവിതം ജനങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച ഗുണങ്ങളുടെ അടിസ്ഥാനത്തിലാവണം വിലയിരുത്തല്‍. ആ കാരണംകൊണ്ടുതന്നെ അടല്‍ജി ഭാരതത്തിന്റെ യഥാര്‍ഥ രത്‌നമാണ്. ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് സ്വപ്നങ്ങള്‍ ഏറെയായിരുന്നു. ആ സ്വപ്നങ്ങളിലേക്ക് അദ്ദേഹത്തിന്റെ ആത്മാവ് നമ്മെ നയിക്കും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.