കണ്ണൂരില്‍ മഴയ്ക്ക് നേരിയ ശമനം; മലയോരത്ത് ഇപ്പോഴും ആശങ്ക

Saturday 18 August 2018 1:14 am IST
കൊട്ടിയൂര്‍ പാലുകാച്ചി മല, ചപ്പമല, മേല്‍മല തുടങ്ങിയ മലകളില്‍ വ്യാപകമായ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലമുകളിലുള്ള നിരവധി വീടുകള്‍ക്കും വിള്ളലുണ്ട്. ഇവിടെ താമസിക്കുന്നവരോട് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രദേശവാസികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല.

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മലയോരത്ത് ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍, പാനൂരിനടുത്ത് നരിക്കോട്മല എന്നിവിടങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മലയോരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മേഖലയിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലും അപകട സാധ്യതയില്ലാത്ത മറ്റ് പ്രദേശത്തെ വീടുകളിലും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 2000ത്തോളം പേരാണ് കഴിയുന്നത്. ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

കൊട്ടിയൂര്‍ പാലുകാച്ചി മല, ചപ്പമല, മേല്‍മല തുടങ്ങിയ മലകളില്‍ വ്യാപകമായ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലമുകളിലുള്ള നിരവധി വീടുകള്‍ക്കും വിള്ളലുണ്ട്. ഇവിടെ താമസിക്കുന്നവരോട് സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രദേശവാസികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിട്ടില്ല. തങ്ങളുടെ വീടും കൃഷിയും പശുക്കളെയും ഉപേക്ഷിച്ച് ഇവിടം വിടാന്‍ തയാറല്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. മഴ ശക്തമായാല്‍ ഉരുള്‍പൊട്ടലോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. 

 വാഹനഗതാഗതം താറുമാറായ ഇരിട്ടി-പേരാവൂര്‍-നെടുംപൊയില്‍ ഭാഗങ്ങളില്‍ ഇന്നലെ വാഹനങ്ങള്‍ സാധാരണ പോലെ ഓടിത്തുടങ്ങിയെങ്കിലും ചില ഭാഗങ്ങളില്‍ റോഡുകള്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. കണ്ണൂര്‍ ജില്ലയെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡും പേര്യ ചുരം റോഡും തകര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പാല്‍ച്ചുരം റോഡ് ഗാതാഗത യോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉളിക്കല്‍ പയ്യാവൂര്‍ റൂട്ടില്‍ മുണ്ടാനൂരില്‍ റോഡിന്റെ അടിവശത്ത് മണ്ണൊലിച്ചു പുഴയിലേക്കിടിഞ്ഞതിനാല്‍ വാഹനങ്ങളെ മറ്റ് വഴികളിലൂടെ കടത്തിവിടുകയാണ്.

ഇരിട്ടി കോറമുക്കില്‍ അമ്പതുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പയഞ്ചേരിമുക്ക് റോയല്‍ എഞ്ചിനീയറിങ് ഉടമ കെ.വി. ഡൊമിനിക്കിനെയാണ് കാണാതായത്. കോറമുക്കില്‍ ഇരിട്ടി പുഴക്കരയിലാണ് വീട്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും പുഴയില്‍ തിരച്ചില്‍ നടത്താനാവാത്തവിധം ഒഴുക്കും ജലനിരപ്പും പ്രതിസന്ധിയായി. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മഴക്കെടുതിയിലായവരെ സഹായിക്കാന്‍ കണ്ണൂരില്‍ നിന്ന് 45 ബോട്ടുകള്‍ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. അഴീക്കോട്, നീര്‍ക്കടവ്, മുഴപ്പിലങ്ങാട്, തലായി എന്നിവിടങ്ങളില്‍ നിന്നുള്ള ബോട്ടുകളാണ് ലോറിയില്‍ കൊണ്ടുപോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.