സൈന്യം സര്‍വ്വസജ്ജം

Saturday 18 August 2018 7:30 am IST
കൂടുതല്‍ ബോട്ടുകളും മുങ്ങല്‍‌വിദഗ്ദ്ധരും എത്തി

ന്യൂദല്‍ഹി: സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെയും രക്ഷാ ഉപകരണങ്ങളും എത്തിക്കാന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി യോഗത്തില്‍ തീരുമാനം. കേരളത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണ സേന, ദേശീയ ദുരിതാശ്വാസ സേന (എന്‍ഡിആര്‍എഫ്) എന്നിവയ്ക്കു കൂടുതല്‍ സജ്ജീകരണങ്ങള്‍ ലഭ്യമാക്കും. ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്കളും മഴക്കോട്ടുകളും ഗംബൂട്ടുകളും മറ്റ് അവശ്യസാമഗ്രികളും ലഭ്യമാക്കാന്‍ യോഗം ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. വെള്ളം നിറഞ്ഞ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ലഭ്യമാക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചിരുന്നു. ക്യാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹ അധ്യക്ഷത വഹിച്ച യോഗത്തില്‍ അദ്ദേഹം, കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി എന്‍സിഎംസി യോഗം ഇന്നും ചേരും.

ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്കളും മഴക്കോട്ടുകളും ഗംബൂട്ടുകളും മറ്റ് അവശ്യസാമഗ്രികളും ലഭ്യമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി തുടങ്ങിയ ഏജന്‍സികളില്‍നിന്നായി കൂടുതല്‍ ബോട്ടുകളും സംവിധാനങ്ങളും എത്തിച്ചു.  നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും ഇന്നലെ എത്തി. 

390 യന്ത്രവല്‍കൃത ബോട്ടുകളും 3,800 ലൈഫ് ജാക്കറ്റുകളും 1,400 ലൈഫ് ബോയ്കളും 27 ലൈറ്റ് ടവറുകളും 1,300 ഗംബൂട്ടുകളും ആയിരം മഴക്കോട്ടുകളും തുടക്കത്തില്‍ ലഭ്യമാക്കി. ഇതിനു പുറമേ 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറുകളും ആയിരം മഴക്കോട്ടുകളും ലഭ്യമാക്കി. ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഒരു ലക്ഷം പൊതികള്‍കൂടി വിതരണം ചെയ്യും. പാല്‍പ്പൊടി എത്തിച്ചുനല്‍കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 48 മണിക്കൂറിനിടെ 16 ആകാശയാത്രകള്‍ നടത്തി. 3,600 ഭക്ഷണപ്പൊതികള്‍ ആകാശമാര്‍ഗം വിതരണം ചെയ്യും. തീരസംരക്ഷണ സേന, രക്ഷാസംഘങ്ങളെ അയച്ചതിനൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റുകളും ഏഴു ലൈഫ് റാഫ്റ്റുകളും 144 ലൈഫ് ബോയ്കളും എത്തിച്ചു

വ്യോമസേന 23 ഹെലിക്കോപ്റ്ററുകളും 11 യാത്രാവിമാനങ്ങളും ലഭ്യമാക്കി. യെലഹങ്ക, നാഗ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണു ചില വിമാനങ്ങള്‍ എത്തിച്ചിരിക്കുന്നത്. പത്ത് സൈനികസംഘങ്ങളെയും പത്ത് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സുകളെയും കരസൈന്യം എത്തിച്ചിട്ടുണ്ട്. 60 ബോട്ടുകള്‍, 100 ലൈഫ് ജാക്കറ്റുകള്‍ എന്നിവയും ലഭ്യമാക്കി. 

എന്‍ഡിആര്‍എഫ് 43 രക്ഷാസംഘങ്ങളെയും ഒപ്പം 163 ബോട്ടുകളും മറ്റു സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. റെയില്‍വെ 1,20,000 കുപ്പി വെള്ളം എത്തിച്ചു. 1,20,000 കുപ്പിവെള്ളം കൂടി എത്തിച്ചുനല്‍കും. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രത്യേക തീവണ്ടിയില്‍ ഇന്ന് കായംകുളത്ത് എത്തിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.