പ്രളയകാലത്ത് ഓര്‍മകളുടെ അണപൊട്ടി ഗോപിനാഥപിള്ള

Saturday 18 August 2018 5:44 am IST
പെരിയാര്‍ നദിക്കു കുറുകെ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലിക്ക് ചെന്നതാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് മങ്ങാട്ട് ഗോകുലത്തില്‍ ഗോപിനാഥപിള്ള.

മാവേലിക്കര: പ്രളയകാലത്ത് എല്ലായ്പ്പോഴും കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വാര്‍ത്തകളിലൊന്ന് ഇടുക്കി അണക്കെട്ടാണ്. ഡാമിന്റെ നിര്‍മാണത്തില്‍ നിര്‍ണായകമായ ജോലി പൂര്‍ത്തീകരിച്ച ഒരാള്‍ ചെട്ടികുളങ്ങരയിലുണ്ട്. പെരിയാര്‍ നദിക്കു കുറുകെ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലിക്ക് ചെന്നതാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് മങ്ങാട്ട് ഗോകുലത്തില്‍ ഗോപിനാഥപിള്ള. 

ഇവിടെ വെല്‍ഡിങ് വിഭാഗത്തിലേക്കാണ് ആദ്യം നിയോഗിച്ചത്. ഡാം നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോള്‍ വെല്‍ഡിങ്ങിലെ പ്രധാനിയായി. നിര്‍മാണ കാലഘട്ടത്തില്‍ ഒരിക്കല്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കേണ്ടി വന്നു. ഇന്ന് ചില പഴയ ചിത്രങ്ങളില്‍ ഡാം തുറന്ന നിലയില്‍ കാണുന്നത് അന്നത്തെ ചിത്രമാണ്. ആധുനിക സജ്ജീകരണങ്ങള്‍ വ്യാപിച്ചിട്ടില്ലാത്ത അക്കാലത്ത് മുന്നൊരുക്കങ്ങള്‍ എടുത്തത് അദ്ദേഹം ഓര്‍മിക്കുന്നു. 

ആദ്യം ജലത്തിന് പോകാനുള്ള വഴി സുഗമമാക്കല്‍, ജാഗ്രതാ നിര്‍ദേശം,ഘട്ടംഘട്ടമായ മുന്നറിയിപ്പ്. ദൂരദേശങ്ങളില്‍ നിന്നുപോലും ഡാം തുറക്കുന്ന കാഴ്ച കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇടുക്കിയടക്കമുള്ള ഡാമുകള്‍ തുറന്ന് വിട്ടതിലെ പാളിച്ചകള്‍ ഗോപിനാഥപിള്ള ചൂണ്ടിക്കാട്ടുന്നു. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും വേണ്ട മുന്‍കരുതല്‍ എടുക്കാത്തതുമാണ് പ്രളയം ഇത്ര രൂക്ഷമാക്കിയത്. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങളും സ്വന്തം നിലയ്ക്ക് ജാഗ്രത പുലര്‍ത്തണമെന്ന് ഗോപിനാഥപിള്ള പറയുന്നു. 

1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത കാഴ്ചയുടെ കാര്യം പറയുമ്പോള്‍ ഈ 75 കാരന്‍ കൂടുതല്‍ വാചാലനായി. ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെഎസ്ഇബിയില്‍ അദ്ദേഹത്തിന് ജോലി തരമായി. എന്നാല്‍ പോസ്റ്റിലും മരത്തിലും കയറുന്നത് കുടുംബത്തിനും വില്ലേജ് ആഫീസറായ അച്ഛന്‍ പുന്നൂര്‍ വേലായുധന്‍പിള്ളയ്ക്കും കുറച്ചിലാകുമെന്നായിരുന്നു വീട്ടിലെ നിലപാട്. അമ്മ ജാനകിയമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാതെ മടങ്ങുകയായിരുന്നു ഗോപിനാഥന്‍പിള്ള. 

ഡാമിന്റെ നിര്‍മാണ സമയത്ത് എടുത്ത ചില ഫോട്ടോകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഡാമിന് സ്ഥലം കാട്ടിക്കൊടുത്ത കൊലുമ്പന്റെ പിന്‍തലമുറക്കാരില്‍ നിന്ന് ചില ഒറ്റമൂലി മരുന്നുകളും മര്‍മ ചികിത്സയും ഇദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. ഇപ്പോഴും ഇത് അറിയാവുന്ന ചിലര്‍ ഒറ്റമൂലി ചികിത്സയ്ക്ക് തന്നെ തേടിയെത്താറുണ്ടെന്നും ഗോപിനാഥന്‍പിള്ള പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.