വൈദ്യുതിയില്ല, വാഹനങ്ങളില്ല; മൊബൈലുമില്ല ഇടുക്കി ഒറ്റപ്പെട്ടിട്ട് നാലു ദിവസം

Saturday 18 August 2018 1:21 am IST
ഒട്ടുമിക്ക മൊബൈല്‍ സേവനദാതാക്കളും പണി മുടക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൂടി ഇല്ലാതായതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പരസ്പരമുള്ള ബന്ധവും ഇല്ലാതായി. അടിയന്തര സാഹചര്യം നിലനില്‍ക്കെ ഇന്ധനത്തിന്റെ ലഭ്യത കൂടി ഇല്ലാതായത് ഗതാഗതത്തെയും തടസപ്പെടുത്തുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും മരുന്ന് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇടുക്കി: ഇടുക്കിയിലെ മിക്ക ടൗണുകളും ഒറ്റപ്പെട്ടിട്ട് നാലു ദിവസമായി.  തൊടുപുഴയില്‍ നിന്നുള്ള ബസ് സര്‍വ്വീസ് കൂടി നിലച്ചതോടെ ഹൈറേഞ്ചിനൊപ്പം ലോറേഞ്ചും നിശ്ചലമായി. മൂന്ന് ദിവസമായി മൂന്നാര്‍, ചെറുതോണി, കട്ടപ്പന, അടിമാലി, കുമളി, നെടുങ്കണ്ടം, പീരുമേട്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, രാജാക്കാട്, മൂലമറ്റം മേഖലകള്‍ ഒറ്റപ്പെട്ടിക്കുകയാണ്. ഇവിടങ്ങളില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്കും വലിയ വാഹനങ്ങള്‍ക്ക് പോകാനാകുന്നില്ല. നൂറ് കണക്കിന് ഇടങ്ങളിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലായി ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹൈറേഞ്ചിന് പോയവരും കുടുങ്ങിയിരിക്കുകയാണ്.

ഹൈറേഞ്ചില്‍ നാല് ദിവസത്തിലധികമായി പലയിടത്തും വൈദ്യുതി എത്തിയിട്ട്. ലോ റേഞ്ചില്‍ തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് വൈദ്യുതിയുള്ളത്. 

ഒട്ടുമിക്ക മൊബൈല്‍ സേവനദാതാക്കളും പണി മുടക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൂടി ഇല്ലാതായതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പരസ്പരമുള്ള ബന്ധവും ഇല്ലാതായി. അടിയന്തര സാഹചര്യം നിലനില്‍ക്കെ ഇന്ധനത്തിന്റെ ലഭ്യത കൂടി ഇല്ലാതായത് ഗതാഗതത്തെയും തടസപ്പെടുത്തുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും മരുന്ന് കടകളിലും വലിയ  തിരക്കാണ് അനുഭവപ്പെടുന്നത്.

മണ്ണിടിച്ചിലിന് പിന്നാലെ നാല് ദിവസമായി കയറിയ വെള്ളം ഇറങ്ങാത്തത് മൂന്നാറില്‍ ദുരിതം ഇരട്ടിയാക്കുകയാണ്. പാലം അപകടത്തിലായതോടെ മൂന്നാറില്‍ നിന്ന് മറയൂരിനുള്ള ഗതാഗതവും നിലച്ചു. ഇതോടെ തമിഴ്‌നാടിനും പോകാനാകാതെ തൊഴിലാളികള്‍ അടക്കം പട്ടിണിയിലായി. 

ഇടുക്കി തുറന്നതിന് പിന്നാലെ തൊടുപുഴ-പുളിയന്മല സംസ്ഥാന പാത ഒരാഴ്ചയിലധികമായി തടസപ്പെട്ടിരിക്കുകയായിരുന്നു. 15ന് ഉച്ചയോടെ കുളമാവ് വനത്തിന് സമീപം മീന്‍മുട്ടിയില്‍ വന്‍ മല ഇടിഞ്ഞ് വീണതോടെ തൊടുപുഴയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതായി. മൂന്ന് മണ്ണ് മാന്തി യന്ത്രം പണി എടുത്തിട്ടും ഇത് നീക്കാനായിട്ടില്ല. വഴിയില്‍ പത്തിലധികം ഇടത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്. ശക്തമായ കാറ്റും മഴയും തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തടസമാകുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.