അടല്‍... അമര്‍ രഹേ...

Friday 17 August 2018 9:30 pm IST
ബിജെപി ആസ്ഥാനത്തു നിന്ന് യമുനാതീരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അടല്‍ജിയുടെ മൃതശരീരവും വഹിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഭാരതത്തിന്റെ പരിച്ഛേദമായി മാറി. അടല്‍ ബിഹാരി... അമര്‍ രഹേ... (അടല്‍ ബിഹാരി അനശ്വരനായിരിക്കട്ടെ...) വിളികള്‍ക്കിടെ വൈകിട്ട് അഞ്ചു മണിക്ക് വളര്‍ത്തുമകള്‍ നമിതാ ഭട്ടാചാര്യ ചിതയ്ക്ക് തീ കൊളുത്തി.

ന്യൂദല്‍ഹി: യമുനാ തീരത്തെ സ്മൃതി സ്ഥലില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അന്ത്യവിശ്രമം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന് യാത്രാമൊഴിയേകാന്‍ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. 

ബിജെപി ആസ്ഥാനത്തു നിന്ന് യമുനാതീരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അടല്‍ജിയുടെ മൃതശരീരവും വഹിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഭാരതത്തിന്റെ പരിച്ഛേദമായി മാറി. അടല്‍ ബിഹാരി... അമര്‍ രഹേ... (അടല്‍ ബിഹാരി അനശ്വരനായിരിക്കട്ടെ...) വിളികള്‍ക്കിടെ വൈകിട്ട് അഞ്ചു മണിക്ക് വളര്‍ത്തുമകള്‍ നമിതാ ഭട്ടാചാര്യ ചിതയ്ക്ക് തീ കൊളുത്തി. 

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും അടങ്ങുന്ന വലിയ നിരയാണ് അടല്‍ജിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി യമുനാ തീരത്ത് എത്തിയത്. 

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവരടക്കമുള്ള ആര്‍എസ്എസ് ദേശീയ നേതൃത്വവും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംസ്‌ക്കാര ചടങ്ങുകള്‍. 

ഇന്നലെ പുലര്‍ച്ചെയോടെ എയിംസില്‍ നിന്ന് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലെത്തിച്ച അടല്‍ജിയുടെ മൃതദേഹത്തില്‍ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരെത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മണിയോടെ ദീനദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തിച്ച മൃതശരീരത്തില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്. 

രണ്ടു മണിയോടെ ആരംഭിച്ച അന്ത്യയാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നേതൃത്വം നല്‍കി. കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും അടല്‍ജിയുടെ അന്ത്യയാത്രയെ അനുഗമിച്ചു. 

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും അന്ത്യവിശ്രമ സ്ഥാനുകളുടെ മധ്യേയാണ് അടല്‍ജിക്ക് സ്മൃതി സ്ഥലമൊരുക്കിയിരിക്കുന്നത്. മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കിരിയേല, ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ വാങ്ചുക്, നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി, പാക് നിയമമന്ത്രി അലി സഫര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍. വിവിധ ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരെല്ലാം സ്മൃതി സ്ഥലില്‍ സംസ്‌ക്കാര ചടങ്ങുകളുടെ ഭാഗമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.