വയനാട്ടില്‍ ഉരുള്‍പൊട്ടല്‍: 6 വീടുകള്‍ ഒലിച്ചുപോയി, 5 വീടുകള്‍ ഭാഗികമായി തകര്‍ന്നു

Saturday 18 August 2018 1:43 pm IST

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍പ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടലിലിനെ തുടര്‍ന്ന് ആറ് വീടുകള്‍ മണ്ണിനടിയില്‍പ്പെട്ട് ഒലിച്ചുപോയി. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളെ നേരത്തെ മാറ്റിയതിനാല്‍ ആര്‍ക്കും ആളപായമില്ല.

60 കുടുംബങ്ങളെ കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റി. പൂച്ചിക്കല്‍ സദാനന്ദന്‍, പൂച്ചിക്കല്‍ സോമന്‍, വാഴപ്പള്ളിക്കുന്നേല്‍ ചന്ദ്രന്‍, മുണ്ടൂര്‍ ചന്ദ്രന്‍, താളുമുട്ട് അമ്മു, പട്ടത്തറ മണിയന്‍ എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് മണ്ണിടിച്ചില്‍ ആരംഭിച്ചതിനാല്‍ തൊട്ടടുത്ത പൊട്ടകണ്ടത്തില്‍ അബ്ദുല്ല കുട്ടിയുടെ വീട്ടിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്. വനം, റവന്യൂ, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രാത്രി എല്ലാവരെയും സ്‌കൂളുകളിലേക്കുമാറ്റിയത്. പശുക്കള്‍, ആട് തുടങ്ങിയ മൃഗങ്ങളും കൃഷിയും മണ്ണിനടിയിലായി. 

നിര്‍ധനരും കൂലിപ്പണിക്കാരുമാണ് എല്ലാവരും. ജീവന്‍ മാത്രം തിരിച്ചു കിട്ടിയ ഇവരുടെ വീട് നിന്നിരുന്ന സ്ഥലത്ത് ഒരു മണ്‍കൂന മാത്രമെ ഇപ്പോാള്‍ ഉള്ളൂ. വലിയ മരങ്ങള്‍ അടക്കം ഏക്കര്‍ കണക്കിന് സ്ഥലം ഒലിച്ചു പോയി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സമയമെടുക്കുമെന്നും മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ മുജീബ് കോടിയോടന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.