അദ്ധ്യാത്മമായ മൂര്‍ത്ത -അമൂര്‍ത്തങ്ങളെപ്പറ്റി വിവരിക്കുന്നു

Sunday 19 August 2018 2:30 am IST

ബൃഹദാരണ്യകോപനിഷത്ത്- 36

അഥാധ്യാത്മം, ഇദമേവ മൂര്‍ത്തം യദന്യത് പ്രാണാച്ച

അനന്തരം മൂര്‍ത്തവും അമൂര്‍ത്തവുമായ അദ്ധ്യാത്മവിഭാഗത്തെ പറ്റി പറയുന്നു. ശരീരത്തിലെ പ്രാണനേയും ശരീരത്തിനുള്ളിലെ ആകാശത്തേയും ഒഴിച്ചുള്ള ശരീര ആരംഭകങ്ങളായ മൂന്ന് ഭൂതങ്ങളാണ് മൂര്‍ത്തം. ഇത് മര്‍ത്ത്യവും സ്ഥിതവും സത്തുമാണ്. ഇപ്രകാരം മൂര്‍ത്തവും മര്‍ത്ത്യവും സ്ഥിതവും സത്തുമായതിന്റെ സാരമാണ് കണ്ണ്. ഈ കണ്ണ് സത്തിന്റെ സാരമാണ്.  ചക്ഷുസ്(കണ്ണ്) എന്ന സാരം കൊണ്ടാണ് ശരീരം മുഴുവന്‍ സാരവത്തായിരിക്കുന്നത്. അധിദൈവതത്തിലെ ഭൂതത്രയത്തിന് ആദിത്യ മണ്ഡലം കൊണ്ടെന്ന പോലെയാണിത്. ജനിക്കുന്നതായ ജന്തുവിന് ആദ്യമുണ്ടാകുന്നത് കണ്ണാണെന്ന് ശ്രുതി പറയുന്നു. ഇതു കൊണ്ടൊക്കെയാണ് കണ്ണ് സാരഭൂതമായത്.

അഥാമൂര്‍ത്തം, പ്രാണശ്ച യശ്ചായ 

മന്തരാത്മന്നാകാശഃ ഏതദമൃതം, 

ഏതദ്യത്, ഏതത്ത്യത്

ഇനി അമൂര്‍ത്തം. പ്രാണനും ശരീരത്തിനുള്ളിലെ ആകാശവുമാണ് അദ്ധ്യാത്മമായ അമൂര്‍ത്തം. ഇത് അമൃതമാണ്. ഇത് യത്താണ്. ഇത് ത്യത്താണ്. അമൂര്‍ത്തത്തിന്റെയും അമൃതത്തിന്റെയും ത്യത്തിന്റെയും രസം ദക്ഷിണ അക്ഷിയിലെ പുരുഷനാണ്. ഇത് ത്യത്തിന്റെ രസമാണ്.

 ആദിത്യ മണ്ഡലത്തിലെ പുരുഷനും ദക്ഷിണ അക്ഷിയിലെ പുരുഷനും ഒന്നാണെന്ന് ശ്രുതി പറയുന്നു. അധിദൈവതമായി ആദിത്യ മണ്ഡലത്തിലിരിക്കുന്ന പുരുഷന്‍ തന്നെയാണ് അദ്ധ്യാത്മമായി വലത് കണ്ണിലുമിരിക്കുന്നത് എന്നറിയണം.

തസ്യ ഹൈതസ്യ പുരുഷസ്യ രൂപം. യഥാ മഹാരജനം വാസഃ, യഥാ പാണ്ഡ്വാവികം

അങ്ങനെയുള്ള ഈ പുരുഷന്റെ രൂപം മഞ്ഞച്ചായത്തില്‍ മുക്കിയ വസ്ത്രം പോലെയും നല്ല തൂവെള്ള നിറമായ ആട്ടിന്‍ രോമം പോലെയും ഏറ്റവും ചുവന്ന ഇന്ദ്രഗോപമെന്ന കീടം പോലെയും അഗ്‌നിജ്വാല പോലെയും വെള്ളത്താമരപ്പൂ പോലെയും ഒരൊറ്റ മിന്നല്‍ മിന്നുന്നതു പോലെയുമാണ്. ഇങ്ങനെ അറിയുന്നയാള്‍ക്ക് ഒറ്റത്തവണ മിന്നല്‍ മിന്നുന്നതു പോലെ പെരുമയുണ്ടാകും.

ഈ  ലിംഗാത്മകനായ പുരുഷന്റെ വാസനാമയമായ രൂപത്തെയാണ് പറഞ്ഞത്. വിഷയ വിശേഷത്തെ അപേക്ഷിച്ചോ പുരുഷന്റെ ചിത്ത വൃത്തികളനുസരിച്ചോ രാഗത്തിന് വ്യത്യാസമുണ്ടാകുമെന്ന് വിവിധ ഉദാഹരണങ്ങള്‍ പറഞ്ഞത്. മിന്നലിന്റെ ഉദാഹരണം ഹിരണ്യഗര്‍ഭരമായി ബന്ധപ്പെട്ടാണ്. മിന്നല്‍ ഉണ്ടാകുമ്പോള്‍ എല്ലാ വസ്തുക്കളും ഒന്നിച്ച് പ്രകാശിക്കും പോലെ ഹിരണ്യഗര്‍ഭന്റെ വാസനാ രൂപത്താല്‍ എല്ലാം ഒന്നിച്ച് പ്രകാശിക്കും.

അഥാത ആദേശഃ നേതി നേതി, ന ഹ്യേതസ്മാദിതി നേത്യന്യത് പരമസ്തി അഥ നാമധേയം, സത്യസ്യ സത്യമിതി, പ്രാണാ വൈ സത്യം തേഷാമേഷ സത്യം

ഇനി ആ ബ്രഹ്മത്തിന്റെ നിര്‍ദേശം  ഇതല്ല ഇതല്ല (നേതി നേതി ) എന്നാണ്. നേതി എന്നതിനേക്കാള്‍ കൂടുതലായി നിര്‍ദേശം ഒന്നും ഇല്ല. ഇനി ബ്രഹ്മത്തിന്റെ പേര് 'സത്യസ്യ സത്യം' എന്നാണ്. സത്യം എന്നത് ഇന്ദ്രിയങ്ങളാണ്. ആ പ്രാണങ്ങള്‍ക്ക് സത്യമായത് ഇതാണ്.

 സത്യത്തിന്റെ സ്വരൂപത്തെ നിര്‍ദേശിച്ചതിന് ശേഷം സത്യസ്യ സത്യമായ ബ്രഹ്മസ്വരൂപത്തെയാണ് നിര്‍ദേശിക്കുന്നത്. ഇതല്ല, ഇതല്ല എന്ന് പറഞ്ഞ് സ്ഥലവും സൂക്ഷ്മവുമായ എല്ലാ ഉപാധി വിശേഷങ്ങളേയും തള്ളിക്കളയുമ്പോള്‍ ഉപാധികള്‍ക്കപ്പുറമാണ് ബ്രഹ്മമെന്ന് ഉറപ്പാകും. എല്ലാ ഉപാധി വിശേഷങ്ങളും നീങ്ങിയ ഒന്നിനെ ശബ്ദം കൊണ്ടും നിര്‍ദേശിക്കാനാവില്ല. വിഷയമായി അനുഭവപ്പെടുന്ന എല്ലാത്തിനേയും നേതി നേതി എന്ന് നിഷേധിക്കുന്നു. ബ്രഹ്മത്തിന്റെ പേരായി മുമ്പ് പറഞ്ഞ സത്യസ്യ സത്യം എന്നത് വളരെ ശരിയാണെന്ന് ഇങ്ങനെ സമര്‍ത്ഥിക്കുന്നു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.