ചെങ്ങന്നൂരിലും കുട്ടനാട്ടിലും സ്ഥിതി അതീവ ഗുരുതരം

Sunday 19 August 2018 2:33 am IST

ആലപ്പുഴ: ചെങ്ങന്നൂരിലും, കുട്ടനാട്ടിലും സ്ഥിതി അതീവഗുരുതരം. കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും, നദികളും, വേമ്പനാട് കായലും കരകവിയുകയും ചെയ്തതോടെ കുട്ടനാട് സമ്പൂര്‍ണമായി മുങ്ങി. ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങി കിടക്കുന്നു. ബോട്ടുകളും, വള്ളങ്ങളും പരമാവധി എത്തിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നു.

 മരുന്നും, ഭക്ഷണവും, കുടിവെള്ളവും ഇല്ലാതെ ദിവസങ്ങളായി കഴിയുന്നവര്‍ പലരും അവശരാണ്. എല്ലാ സന്നാഹങ്ങളും ഒരുക്കി എന്ന് അവകാശപ്പെടുമ്പോഴും ഏകോപനം ഇല്ലാത്തത്  പ്രശ്‌നം സൃഷ്ടിക്കുന്നു. മഴ ശക്തമായി തുടരുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് വിഘാതമാകുന്നു. കായലിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കൈനകരി, നെടുമുടി, ചമ്പക്കുളം, കാവാലം പ്രദേശങ്ങളില്‍ വീടിന്റെ മേല്‍ക്കൂരയ്‌ക്കൊപ്പം വെള്ളം കയറി. കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് സ്വകാര്യബോട്ടുകള്‍ ജില്ലാഭ രണകൂടം പിടിച്ചെടുത്തു. കായലിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ച്ചിറ ഇന്നലെ വൈകിട്ടോടെയാണ് പൊളിച്ചു നീക്കാന്‍ സാധിച്ചത്.   ആലപ്പുഴ നഗരത്തിലെ കനാലുകള്‍ കടലിലേക്ക് തുറക്കുമെന്ന നിര്‍ദേശവും യാഥാര്‍ത്ഥ്യമായില്ല. 

 ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും സ്ഥിതി അതീവ ഗുരുതരമാണ്. ആയിരക്കണക്കിന് ആളുകളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. നൂറുകണക്കിന് കുടുംബങ്ങള്‍ തങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാധ്യമങ്ങളെയും, സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെടുന്നുണ്ട്. കുടിവെള്ളവും, ഭക്ഷണവും എങ്കിലും എത്തിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പലരും വിലപിക്കുകയാണ്. 

  ചെറിയ വഴികളും, ഓടുമേഞ്ഞ വീടുകളും, കൂറ്റന്‍മരങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ ഹെലികോപ്റ്ററും, വലിയവള്ളങ്ങളും എത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. എന്‍ഡിആര്‍എഫ്, നേവി, അഗ്നിശമനസേന, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

  പ്രദേശത്തെ വൈദ്യുതിബന്ധവും, ഫോണ്‍ബന്ധവും പൂര്‍ണമായും വിഛേദിക്കപ്പെട്ടതിനാല്‍ ആളുകള്‍ എവിടെയൊക്കെ കുടുങ്ങി കിടക്കുന്നു എന്ന് അറിയാത്ത അവസ്ഥയാണ്. അടഞ്ഞു കിടക്കുന്ന വീടുകളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാനും മാര്‍ഗമില്ല. അതിനിടെ വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ കുടുങ്ങിയവര്‍ അപകടത്തില്‍പ്പെട്ടതായി ഭയക്കുന്നു. 

 പാണ്ടനാട്  അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചെങ്ങന്നൂര്‍ മംഗലം കണ്ണാട്ടു വീട്ടില്‍ ശോശോമ്മ ജോര്‍ജ്(90), മകന്‍ ബേബി (70), ബേബിയുടെ മകന്‍ റെനി (35) എന്നിവര്‍ക്കാണ് പ്രളയത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. ഒറ്റപ്പെട്ട ഭാഗത്തുള്ള ഒരു നില വീട്ടിലായിരുന്നു ഇവരുടെ താമസം. നാളുകളായി റെനി ശരീരം തളര്‍ന്ന് കിടപ്പായിരുന്നു. മറ്റു രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പാണ്ടനാട് നേവി എത്തി 200 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ശക്തമായി മുന്നേറുന്നതായി മന്ത്രി  ജി.സുധാകരന്‍ അറിയിച്ചു.

 എംസി റോഡ് ഗതാഗതത്തിന് അടിയന്തരമായി സജ്ജമാക്കിയെങ്കില്‍ മാത്രമെ വള്ളങ്ങള്‍ അടക്കം കൂടുതല്‍ രക്ഷാ ഉപകരണങ്ങളും സൗകര്യങ്ങളും എത്തിക്കാന്‍ കഴിയുകയുള്ളു. ഇന്നലെയോടെ മുഴുവന്‍ ആളുകളെയും രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം നടന്നതെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പ് കൂടി വന്നതോടെ ജനം ഭീതിയിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.