ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ 1500 മത്സ്യത്തൊഴിലാളികളും 462 വള്ളങ്ങളും

Sunday 19 August 2018 2:34 am IST

കൊല്ലം: മഴക്കെടുതി സൃഷ്ടിച്ച ആശങ്കകള്‍ക്കും ദു:ഖങ്ങള്‍ക്കുമിടയില്‍ സഹായഹസ്തവുമായി എത്തിയ കടലിന്റെ മക്കളുടെ പ്രവര്‍ത്തനം മാതൃകാപരമായി. ഔട്ട്‌ബോര്‍ഡ് മെഷീന്‍ ഘടിപ്പിച്ച 462 വള്ളങ്ങള്‍ 11 ജില്ലകളിലെ ദുരിതാശ്വാസമേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1500 മത്സ്യത്തൊഴിലാളികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രത്യേകസാഹചര്യമനുസരിച്ച് നിരവധി വലിയ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി വന്നിട്ടുണ്ട്.

ജില്ലയിലെ വാടി, തങ്കശ്ശേരി, ആലപ്പാട്, തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വലിയതുറ, പൂന്തുറ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കാളമുക്ക്, ചെല്ലാനം, അന്ധകാരനാഴി, തൃശ്ശൂര്‍ ജില്ലയിലെ അഴിക്കോട്, കയ്പമംഗലം, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിത പ്രദേശത്ത് എത്തിയിട്ടുള്ളത്. കടലിനോട് പടവെട്ടി ജീവിക്കുന്ന ഇവരുടെ പരിചയസമ്പന്നത ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായിട്ടുണ്ടെന്ന് കൊല്ലത്ത് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 

വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമുളള സ്ഥലങ്ങളിലേക്ക് ചെന്നെത്താന്‍ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെയാണ് ഇവരെത്തുന്നത്. മത്സ്യത്തൊഴിലാളി മേഖലകളില്‍ നിന്നുള്ള വള്ളങ്ങള്‍ ലോറിയില്‍ കയറ്റിയാണ് വിവിധ സ്ഥലങ്ങളിലേക്ക് വന്നെത്തുത്. ആദ്യദിനം ലോറി ചെലവ് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് നല്‍കിയത്. വളരെ ചുരുങ്ങിയ വരുമാനമുള്ള മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലോറിവാടക താങ്ങാവുതിലും അപ്പുറമാണെങ്കിലും, സാമൂഹ്യ പ്രതിബദ്ധതയുടെയും സേവന സദ്ധന്നതയുടെയും പ്രതീകങ്ങളായി മാറിയ അവര്‍ക്ക് ലോറിവാടക തടസ്സമായി നിന്നില്ല.

സമൂഹത്തിന്റെ ആവശ്യത്തിനായി സ്വമേധയാ ആണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്.  തിരുവനന്തപുരം ജില്ലയില്‍ 52 വള്ളങ്ങളും, കൊല്ലം 149, പത്തനംതിട്ട 2, ആലപ്പുഴ 65, കോട്ടയം 18, എറണാകുളം 59, തൃശ്ശൂര്‍ 25, മലപ്പുറം 25, കോഴിക്കോട് 19, പാലക്കാട് 6, കണ്ണൂര്‍ 42 വള്ളങ്ങളുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തിയിുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.