പാണ്ടനാട്ടില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതായി രക്ഷപെട്ടവര്‍

Sunday 19 August 2018 2:36 am IST

ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇനിയും ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതായി സൂചന. ഇന്നലെ സേവാഭാരതി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ രക്ഷപെടുത്തിയവരാണ് ഭീതിപ്പെടുത്തുന്ന വിവരം പുറലോകവുമായി വെളിപ്പെടുത്തിയത്. 

ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പാണ്ടനാട് ജെബി സ്‌കൂള്‍, മര്‍ത്തോമ പള്ളി, അടിച്ചിക്കാവിന് പടിഞ്ഞാറ് പ്രദേശങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

മുറിയായിക്കര, പ്രയാര്‍, പറമ്പത്തൂര്‍പടിക്ക് പടിഞ്ഞാറു വശത്തുമാണ് നിരവധി പേര്‍ കുടുങ്ങി കിടക്കുന്നത്. ആറിന്റെ തിട്ടയ്ക്കുള്ളവരെ ബോട്ടില്‍ രക്ഷിക്കുക ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ മാത്രമെ ഇവരെ രക്ഷിക്കാന്‍ സാധിക്കൂ.

വ്യാഴാഴ്ച രാവിലെ മുതല്‍ വീടിന്റെ ഒന്നാം നിലയിലും ഉയര്‍ന്ന കെട്ടിടങ്ങളിലും രക്ഷ തേടിയവര്‍ നിരവധി കേന്ദ്രങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ല. വ്യാഴാഴ്ച വൈകിട്ട് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, അഴീക്കല്‍ സ്ഥലങ്ങളില്‍ നിന്നും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ച നാല് വള്ളങ്ങളിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 

ഇന്നലെയാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടുതല്‍ വള്ളങ്ങളും രക്ഷിക്കുന്നവരെ കൊണ്ടുപോകാന്‍ ആംബുലന്‍സും  എത്തിച്ചത്. ഒരു പഞ്ചായത്ത് സെക്രട്ടറിമാത്രമാണ് ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. 

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊലത്തുനിന്നും അഞ്ഞൂറിലധികം സേവാഭാരതി പ്രവര്‍ത്തകര്‍ ഇവിടെ മൂന്നു ദിവസമായി രാത്രി-പകല്‍ ഭേദമന്യേ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. രക്ഷിച്ചുകൊണ്ടു വരുന്നവര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും വെള്ളവും സേവാഭാരതി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം വീടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും ഇവര്‍ ഭക്ഷണവും വെള്ളവും എത്തിച്ചു. 

ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ പല ഇടുങ്ങിയ പ്രദേശങ്ങളിലും ബോട്ടുകള്‍ എത്താന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് ജെ. മധുപ്രസാദ് പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.