പ്രളയം: കേന്ദ്രസഹായം ഏഴ് മേഖലകളിൽ കൂടി

Sunday 19 August 2018 2:36 am IST

കൊച്ചി: അടിയന്തരമായി സംസ്ഥാനത്തിനു വേണ്ടുന്ന ഏഴുകാര്യങ്ങള്‍ക്ക് തീരുമാനമെടുത്താണ് ഇന്നലെ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. 

1. സമയബന്ധിതമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് പ്രത്യേക ക്യാമ്പുകളും മറ്റും നടത്തി അതിവേഗ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കമ്പനികളോട് നിര്‍ദേശിച്ചു.

2. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജനയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായം എത്രയും വേഗം നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

3. ദേശീയ പാതകള്‍ അറ്റകുറ്റപ്പണി എത്രയും വേഗം ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദേശിച്ചു.

4. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയവയോട് സംസ്ഥാന സര്‍ക്കാരിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചു.

5. ഗ്രാമങ്ങളിലെ തകര്‍ന്ന താല്‍ക്കാലിക വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പ്രധാനമന്ത്രിയുടെ പാര്‍പ്പിട പദ്ധതിയില്‍ മുന്‍ഗണന കൊടുക്കാന്‍ നിര്‍ദേശിച്ചു.

6. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കേരള പുനര്‍നിര്‍മാണത്തിന് അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു.

7. ഹോര്‍ട്ടികള്‍ച്ചര്‍ സംയോജിത വികസന പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്ക് നശിച്ചുപോയ വിളകളുടെ പുനകൃഷിക്ക് ധനസഹായം നല്‍കും. 

പ്രധാനമന്ത്രി ദല്‍ഹിയില്‍ ചെന്നശേഷം കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്‍പ്പെടെ ആഭ്യന്തരമന്ത്രിയുമായി യോഗം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മിതിക്കാണ് കേന്ദ്രത്തിന്റെ ധനസഹായം വേണ്ടത്. അതിന് ഒരു കുറവും വരുത്തില്ലെന്ന് കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.