ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിന് പ്രാധാന്യം നൽകാൻ പ്രധാനമന്ത്രി

Sunday 19 August 2018 2:47 am IST

കൊച്ചി: പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനു പ്രാധാന്യം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കൊച്ചിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു. 1300 പേരും 435 ബോട്ടുകളും ഉള്‍പ്പെടുന്ന ദേശീയ ദുരന്തനിവാരണ സേനയുടെ 57 ടീമുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. ബിഎസ്എഫിന്റെയും സിഐഎസ്എഫിന്റെയും ആര്‍എഎഫിന്റെയും അഞ്ചു കമ്പനികളും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 

കര, നാവിക, വ്യോമസേനകളും തീരദേശ സംരക്ഷണ സേനയും കര്‍മനിരതമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 38 ഹെലിക്കോപ്റ്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ആള്‍ക്കാരെ കടത്തുന്നതിനായി 20 വിമാനങ്ങള്‍ വേറെയും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടിയ 790 പേര്‍ ഉള്‍പ്പെടുന്ന പത്തു സംഘങ്ങളെയും പത്ത് എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. നാവികസേനയുടെ 82 സംഘങ്ങളാണു സജീവമായി പ്രവര്‍ത്തിച്ചുവരുന്നത്. തീരസംരക്ഷണ സേനയുടെ 42 സംഘങ്ങള്‍ക്കൊപ്പം രണ്ടു ഹെലിക്കോപ്റ്ററുകളും രണ്ടു കപ്പലുകളും വിട്ടുകൊടുത്തിട്ടുണ്ട്. 

ആഗസ്റ്റ് ഒന്‍പതു മുതല്‍ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും നാവികസേനയും ചേര്‍ന്ന് 6714 പേരെ രക്ഷപ്പെടുത്തുകയും 891 പേര്‍ക്കു വൈദ്യസഹായം നല്‍കുകയും ചെയ്തു. സാഹചര്യം നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.