ധ്യാനകേന്ദ്രത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു

Sunday 19 August 2018 2:49 am IST

തൃശൂര്‍: ജില്ലയില്‍ പലയിടത്തും ജലനിരപ്പ് താഴ്‌ന്നെങ്കിലും ദുരിതമൊഴിയാതെ തൃശൂര്‍. മഴയ്ക്ക് ശമനമായെങ്കിലും കനത്ത വെള്ളക്കെട്ടും പ്രളയദുരിതങ്ങളും തുടരുകയാണ്. ചേര്‍പ്പില്‍ എട്ടുമുന ഹെര്‍ബര്‍ട്ട് കനാല്‍ തകര്‍ന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെ വീണ്ടും പ്രളയമായി. വെള്ളിയാഴ്ച രാത്രിയാണ് കനാല്‍ തകര്‍ന്നത്. ഇതോടെ കരുവന്നൂര്‍ പുഴ കരകവിഞ്ഞു. ഏനാമാവ് ബണ്ട് അപകടാവസ്ഥയിലായി,

 ഇതോടെ ഇവിടെനിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ വാടാനപ്പിള്ളി, തളിക്കുളം, തൃപ്രയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയ പ്രതീതിയാണ്. കണ്ടശ്ശാംകടവ് 110 കെ.വി സബ്‌സ്റ്റേഷനില്‍ വെള്ളം കയറി മുങ്ങിയതോടെ ജില്ലയുടെ പകുതി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അകപ്പെട്ട 1500 പേരെ ഇന്നലെ മൂന്നുഘട്ടമായി പുറത്തെത്തിച്ചു. നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. ധ്യാനകേന്ദ്രത്തിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ടുപേരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടിയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. തൃശൂര്‍ മുതല്‍ അങ്കമാലി വരെ തടസ്സങ്ങളില്ലാതെ യാത്രചെയ്യാനാകും. 

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിനും കുറവുണ്ട്. എങ്കിലും ജനങ്ങളുടെ ദുരിതം തുടരുകയാണ്. അരലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുയാണ്. 

തൃശൂര്‍-ഷൊര്‍ണൂര്‍ റോഡ് മാത്രമാണ് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുള്ളത്. ജില്ലയില്‍ ഇന്ധനക്ഷാമവും അവശ്യവസ്തു ക്ഷാമവും അതിരൂക്ഷമാണ്. പെട്രോളും ഡീസലും ലഭിക്കാത്തത് മൂലം വാഹനങ്ങളൊന്നും ഓടുന്നില്ല. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് പീച്ചിയിലെയും പെരിങ്ങല്‍ക്കുത്തിലെയും ഷട്ടറുകള്‍ താഴ്ത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.