കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ ഒരു മാസത്തെ സേവനം: ജീവനക്കാരോടും അധ്യാപകരോടും കലക്ടറുടെ അഭ്യര്‍ഥന

Saturday 18 August 2018 8:01 pm IST

 

കണ്ണൂര്‍: 'എന്റെ ഒരു മാസം കേരളത്തിന്' എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ ആഹ്വാനം. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഈ അഭ്യര്‍ഥന നടത്തിയത്. 

ഈ നൂറ്റാണ്ടില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത ദുരന്തമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ദുരിതങ്ങളുടെ ഈ സാഹചര്യത്തില്‍ ഈ മാസം സേവനം പൂര്‍ണ അര്‍ഥത്തില്‍ സേവനമാക്കി താന്‍ ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു. കഴിയാവുന്ന എല്ലാവരും ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കലക്ടറേറ്റ് ജീവനക്കാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനാ നേതാക്കളടെയും പ്രത്യേക യോഗങ്ങള്‍ വിളിച്ചാണ് കലക്ടര്‍ ഈ അഭ്യര്‍ഥന നടത്തിയത്. ഈ യോഗങ്ങളില്‍ വെച്ച് തന്നെ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുനില്‍ പാമിഡി, സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഇ.മുഹമ്മദ് യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം.ഗോപിനാഥന്‍, കെ.കെ.അനില്‍കുമാര്‍, എന്‍.കെ. അബ്രഹാം, ഫിനാന്‍സ് ഓഫീസര്‍ കെ.പി.മനോജന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ്, എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എന്‍.ബിനോയ്, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രമേശന്‍ കൊയിലോടന്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം.സുധീര്‍ കുമാര്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.കെ.വി.ലതീഷ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാജീവന്‍, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.എ.ടി.സുരേഷ്, ഡോ.ഇ.രാഘവന്‍, ഡോ.ജ്യോതി വിനയന്‍ തുടങ്ങിയവര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളുടെ ജില്ലാ ഭാരവാഹികളുടെ യോഗം ജില്ലാ കലക്ടര്‍ വെച്ച അഭ്യര്‍ഥന സ്വാഗതം ചെയ്തു. ഇക്കാര്യം പരിഗണിച്ച് സംഘടനാ തലങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന് അവര്‍ അറിയിച്ചു.

എന്‍ജിഒ യൂനിയന്‍, എന്‍ജിഒ അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍, കെജിഒയു, കെജിഒഎ, കേരള എന്‍ജിഒ സംഘ്, കേരള ഗവ. ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, കെജിഎഎംഒഎഫ്, കെജിഡിഎ, കെപിഎസ്ടിഎ, കെജിഎന്‍എ, കെഎംസിഎസ്‌യു, കെയുഇയു, എകെപിസിടിഎ, കെപിടിഎ, കെഎടിഎസ്എ, കെആര്‍ഡിഎസ്എ, കെഎസ്ജിഎഎംഒഎ, കെജിഎഎംഒഎഫ്, എകെജിസിടി, കെഎസ്ടിഎ, എച്ച്എസ്എസ്ടിഎ, കെപിഇഒ, കെവിഎസ്‌യു, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്റ്റാഫ് അസോസിയഷേന്‍, കെജിഒഎഫ്, സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍, എന്‍ജിഎ (എസ്), കെപിഎസ്‌സിഎന്‍, എകെപിസിടിഎ, സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ തുടങ്ങിയ സര്‍വീസ് സംഘടകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.