രക്ഷാപ്രവര്‍ത്തനത്തിനിടെ ചാലക്കുടിയില്‍ ബോട്ട് തകര്‍ന്ന് തലശ്ശേരിയിലെ കടല്‍ തൊഴിലാളികള്‍ക്ക് പരിക്ക്

Saturday 18 August 2018 8:02 pm IST

 

തലശ്ശേരി: പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി തലശ്ശേരിയില്‍ നിന്നും ചാലക്കുടിയിലേക്ക് പോയ കടല്‍ തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബോട്ട് തകര്‍ന്ന് പരിക്കേറ്റു. ഗോപാലപേട്ടയിലെ പുതിയ പുരയില്‍ റിയാസ് (32), തലായിലെ ചേക്കന്റവിട ദിലീഷ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജില്ല കലക്ടരുടെ കീഴില്‍ നേരത്തെ രൂപികരിക്കപ്പെട്ട ദുരന്തനിവാരണ സേനയിലെ അംഗമാണ് ദിലീഷ്. വ്യാഴാഴ്ച രാത്രിയിലാണ് തൃശൂല നാഥന്‍ എന്ന ബോട്ടുമായി പ്രത്യേക ടോറന്‍സ് ലോറിയില്‍ മറ്റ് മുപ്പതോളം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരുവരും രക്ഷാദൗത്യത്തിന് തലശ്ശേരിയില്‍ നിന്നുംപോയത്. ചാലക്കുടിയില്‍ എത്തിയ പാടെ ഇരുവരെയും നിയോഗിച്ചത് ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായിരുന്നു. 

പ്രളയ ജലത്തില്‍ തൃശൂല നാഥന്‍ ബോട്ടുമായി ഡിവൈന്‍ സെന്റര്‍ ധ്യാനകേന്ദ്രത്തില്‍ ഏറെ സാഹസപ്പെട്ട് എത്തിയ ഇരുവരും ഏതാനും പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. തിരികെ വീണ്ടും ഇരുട്ടില്‍ ധ്യാന കേന്ദ്രത്തിലേക്ക് പോകവേ ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായി. പ്രവര്‍ത്തനം നിലച്ച ബോട്ട് നിയന്ത്രണം വിട്ട് തൊട്ടടുത്ത കെട്ടിടത്തിലിടിച്ചു. പാതി തകര്‍ന്ന ബോട്ടില്‍ നില തെറ്റി ഇരുവരും തലയും നെഞ്ചു മടിച്ച് വീണു. രണ്ട് നാള്‍ ശരിയായ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ദൗത്യത്തിനിടയില്‍ ഇരുവരും കുഴഞ്ഞ് വീണു. ഏറെ നേരം കഴിഞ്ഞ് അതേ ബോട്ട് തുഴഞ്ഞ് ഒരു വിധം ചാലക്കുടിയില്‍ തിരിച്ചെത്തിയെന്നാണ് ഇന്നലെ രാവിലെ അവശനിലയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുവരും വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് തിരദേശ പോലിസും, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും തിരുവങ്ങാട് വില്ലേജ് ഓഫീസര്‍ ആര്‍.കെ.രാജേഷും ഉള്‍പെടെ റവന്യു ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.